സമഗ്രമായ അന്വേഷണം വേണം; സതീശൻ വേട്ടക്കാരനൊപ്പം നിൽക്കാതെ പൊലീസിന് വിവരങ്ങൾ കൈമാറണം: വി കെ സനോജ്

വി ഡി സതീശൻ, വി കെ സനോജ്
തിരുവനന്തപുരം: ജനപ്രതിനിധിയായ യുവനേതാവിൽ നിന്ന് മോശംഅനുഭവമുണ്ടായെന്ന മാധ്യമപ്രവർത്തകയും നടിയുമായ റിനി ആൻ ജോർജിന്റെ വെളിപ്പെടുത്തലിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് പരാതികൾ പറഞ്ഞിരുന്നുവെന്നാണ് പെൺകുട്ടി പറഞ്ഞത്. എന്നാൽ ആ വേട്ടക്കാരന്റെ കൂടെ നിൽക്കുകയാണ് സതീശൻ. പെൺകുട്ടി വെളിപ്പെടുത്തിയ കാര്യങ്ങൾ പൊലീസിനോട് പറയാൻ സതീശൻ തയ്യാറാകണമെന്നും സനോജ് പറഞ്ഞു.
വിഷയത്തിൽ ആദ്യം പ്രതികരിക്കേണ്ടത് പ്രതിപക്ഷനേതാവാണ്. അദ്ദേഹത്തോടാണ് പെൺകുട്ടി കാര്യങ്ങൾ പറഞ്ഞിട്ടുള്ളത്. എന്നാൽ കുറ്റം അറിഞ്ഞിട്ട് മറച്ചുവെക്കുകയും, ആ വേട്ടക്കാരന് കൂടുതൽ സ്ഥാനമാനങ്ങൾ നൽകുകയുമാണ് ചെയ്തത്. സതീശൻ തനിക്ക് പിതൃതുല്യനെന്നാണ് റിനി പറഞ്ഞത്. എന്നിട്ടും റിനിയുടെ പരാതി പൊലീസിന് കൈമാറാതെ സതീശൻ മുക്കി. ഇത് ഗൗരവതരാണ്. പീഡന വീരന്മാർക്ക് സംരക്ഷണ കവചമൊരുക്കുന്നത് ഷാഫിപറമ്പിൽ വിഭാഗം കോൺഗ്രസ് നിരയാണ്.
നേതാവ് തന്നോട് ഉൾപ്പെടെ നിരവധി പെൺകുട്ടികളോട് അതിക്രമം കാട്ടിയെന്നും ക്രിമിനൽ ബുദ്ധിയോടെ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചു എന്നും റിനി പറഞ്ഞിട്ടുണ്ട്. പരാതി ഉന്നയിച്ച റിനിക്കെതിരാ എതിരായി കോൺഗ്രസ് സൈബർ കൂട്ടങ്ങൾ ആക്രമണം നടത്തുകയാണ്. സൈബറിടത്തിൽ ആക്രമിച്ച് വായടപ്പിക്കാനാണ് പുതിയ നീക്കമെന്നും സനോജ് പറഞ്ഞു.









0 comments