കേമത്തരമല്ല, അൽപ്പത്തരമാണ്; ഗണഗീതത്തെ ദേശീയഗാനമാക്കാനാണ് ബിജെപി ശ്രമം: വി കെ സനോജ്

വി കെ സനോജ്
തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസിന്റെ ഉദ്ഘാടനയാത്രയിൽ വിദ്യാർഥികളക്കൊണ്ട് ആർഎസ്എസിന്റെ ഗണഗീതം പാടിച്ചത് നിഷ്കളങ്കമായ കാര്യമല്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാവ സെക്രട്ടറി വി കെ സനോജ് പറഞ്ഞു. രാജ്യം ഔദ്യോഗികമായി അംഗീകരിച്ച ദേശഭക്തഗാനങ്ങളുണ്ട്. അതിനെയെല്ലാം നിരാകരിച്ചുകൊണ്ടാണ് ആർഎസ്എസിന്റെ ഗണഗീതം ആലപിച്ചത്. ഇത് ചെറിയ സൂചനയല്ല, ദേശീയഗാനത്തിന് പകരമായി ഗണഗീതം കൊണ്ടുവരാനുള്ള നീക്കമാണെന്നും സനോജ് പറഞ്ഞു.
ദേശഭക്തിയെക്കുറിച്ച് പറയാൻ ബിജെപിക്ക് യോഗ്യതയില്ല. ദേശീയ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുന്നത് തന്നെ സമയം കളയാനാണെന്നാണ് ഇവരുടെ പൂർവികർ പറഞ്ഞിട്ടുള്ളത്. ആർഎസ്എസിന്റെ വർഗീയ അജണ്ടയെ ശക്തമായി പ്രതിരോധിച്ചുകൊണ്ടാണ് ദേശീയപ്രസ്ഥാനത്തിന്റെ നേതൃനിര ആധുനിക ഇന്ത്യ കെട്ടിപ്പടുത്തത്. ദേശീയപ്രസ്ഥാന ചരിത്രത്തിന്റെ ഒരുവരിയിൽപോലും ഹിന്ദുത്വസംഘടനകളുടെ പങ്കില്ല.
അധികാരം ഉപയോഗപ്പെടുത്തി കുട്ടികളെ തെറ്റായവഴിലൂടെ കൊണ്ടുപോകുന്നത് കേമത്തരമായി അവതരിപ്പിക്കുകയാണ് കേന്ദ്രമന്ത്രി സുരേഷ്ഗോപി. ഇത് കേമത്തരമല്ല, അൽപ്പത്തരമാണ്. സംഭവത്തിൽ കുട്ടികൾ നിരപരാധികളാണ്. അവരെക്കൊണ്ട് ഗണഗീതം ചൊല്ലിച്ചതാണ്. വിദ്യാഭ്യാസവകുപ്പ് പ്രഖ്യാപിച്ച അന്വേഷണത്തിന്മേൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും സനോജ് പറഞ്ഞു.
ആർഎസ്എസ് ശാഖയിൽ ഉപയോഗിക്കുന്ന ഗണഗീതത്തെ ദേശഭക്തിഗാനമായി അംഗീകരിക്കാനാകില്ല. രാജ്യത്തിന്റെ നികുതിപ്പണം ഉപയോഗിച്ച് നടത്തുന്ന പൊതുചടങ്ങുകളിൽ ആർഎസ്എസിന്റെ ഗണഗീതം പാടാൻ അനുവദിക്കില്ല. ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ എന്ത് വിലകൊടുത്തും ചെറുക്കുമെന്നും സനോജ് മാധ്യമങ്ങളോട് പറഞ്ഞു.









0 comments