ദുരന്തബാധിതരോട് മാപ്പ് പറഞ്ഞിട്ടുവേണം ടി സിദ്ദിഖ് ടൗൺഷിപ്പിൽ കയറേണ്ടത്; ഡിവൈഎഫ്ഐ പറഞ്ഞ വാക്ക് പാലിച്ചു: വി കെ സനോജ്

വി കെ സനോജ് മാധ്യമങ്ങളോട് സംസാരിക്കുന്നു
കൽപ്പറ്റ: ദുരിതാശ്വാസനിധിയിലേക്ക് ഒരു പൈസപോലും നൽകരുതെന്ന് പറഞ്ഞ കോൺഗ്രസ് നേതാക്കളെ തള്ളിപ്പറഞ്ഞ്, ദുരന്തബാധിതരോട് മാപ്പ് പറഞ്ഞുവേണം ടി സിദ്ദിഖ് എംഎൽഎ വയനാട്ടിലെ ടൗൺഷിപ്പിൽ കയറേണ്ടതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. ടൗൺഷിപ്പിൽ ഉയരുന്ന വീടുകളിൽ ഡിവൈഎഫ്ഐ സ്വരൂപിച്ച പണമുണ്ട്. എന്നാൽ അതിന് ഡിവൈഎഫ്ഐ എന്ന് പേര് നൽകി ഉടമസ്ഥാവകാശം സ്ഥാപിക്കാൻ സംഘടന ആഗ്രഹിക്കുന്നില്ലെന്നും സനോജ് പറഞ്ഞു. ടൗൺഷിപ്പ് പ്രദേശം സന്ദർശിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പുനരധിവാസത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ 2024 ജൂലൈ 31ന് 25 വീട് എങ്കിലും നിർമിച്ച് നൽകുമെന്നാണ് പ്രഖ്യാപിച്ചത്. എന്നാൽ, ഡിവൈഎഫ്ഐയിൽ വിശ്വാസമർപ്പിച്ച്, കക്ഷിരാഷ്ട്രീയത്തിനതീതമായ ജനത 100 വീട് നിർമിക്കാനാവശ്യമായ പണം ഏൽപ്പിച്ചു. 20 ലക്ഷം രൂപ ഒരു വീടിന്റെ തുകയായി കണക്കാക്കിയാണ് സർക്കാർ ഉത്തരവിറക്കിയത്. അങ്ങനെ 20 കോടി രൂപ സംസ്ഥാന സർക്കാരിന് ഡിവൈഎഫ്ഐ കൈമാറി. ജനങ്ങൾക്ക് നൽകിയ വാക്ക് ഡിവൈഎഫ്ഐ പാലിച്ചു.
ഡിവൈഎഫ്ഐ നിർമിച്ച വീട് തൊട്ടുകാണിക്കാമോ എന്നൊക്കെ കോൺഗ്രസ്- മുസ്ലിംലീഗ് അണികൾ സോഷ്യൽമീഡിയയിലൂടെ വെല്ലുവിളി നടത്തുന്നുണ്ട്. 20 കോടി രൂപ കൈമാറിയതിന് തെളിവുണ്ടോ എന്നും ഇവർ ചോദിക്കുന്നുണ്ട്. എന്നാൽ, 100 വീട് നിർമിച്ചിട്ട് അവയുടെ ചുമരിൽ ഡിവൈഎഫ്ഐ എന്ന് എഴുതിവെക്കാൻ സംഘടന തയ്യാറല്ല. സർക്കാരിന്റെ പുനരധിവാസ പ്രവർത്തനങ്ങളുമായി സഹകരിച്ച്, നിർദേശങ്ങൾക്ക് അനുസരിച്ചാകും ഡിവൈഎഫ്ഐ സഹായിക്കുക എന്നാണ് പറഞ്ഞത്. ദുരന്തബാധിതരുടെ ആത്മാഭിമാനത്തിന് മുറിവേൽപ്പിക്കുന്ന വിധത്തിലാകരുത് എന്ന് നിലപാട് സ്വീകരിച്ചതുകൊണ്ടാണ്. വീടുകൾ ഔദാര്യമായല്ല, അവകാശമായാണ് ദുരന്തബാധിതർക്ക് തോന്നേണ്ടതെന്നും സനോജ് മാധ്യമങ്ങളോട് പറഞ്ഞു.
പുനരധിവാസത്തിനായി 20 കോടി രൂപ നൽകിയതിന്റെ ബാങ്ക് രേഖയും മാധ്യമങ്ങൾക്ക് മുന്നിൽ സനോജ് പ്രസിദ്ധപ്പെടുത്തി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെയാണ് സർക്കാർ ടൗൺഷിപ്പ് പദ്ധതിക്കായി ചുമതലപ്പെടുത്തിയത്. ഡിവൈഎഫ്ഐയുടെയും സംസ്ഥാന സർക്കാരിന്റെയും ഊരാളുങ്കലിന്റെയും പ്രതിനിധികൾ ചേർന്ന് കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ഡിവൈഎഫ്ഐയുടെ പ്രവർത്തനങ്ങൾ സുതാര്യമാണെന്നും സനോജ് പറഞ്ഞു.
ആദ്യഘട്ടമായി 30 വീടുകൾ നിർമിച്ച് നൽകുമെന്നും അത് സമയബന്ധിതമായി പൂർത്തിയാക്കുമെന്നുമാണ് അന്നത്തെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത്. പ്രിയങ്കാ ഗാന്ധി 100 വീട് നൽകുമെന്നും പറഞ്ഞു. എന്നാൽ ഇതുവരേക്കും വയനാടിന്റെ എംപിയായ പ്രിയങ്ക എംപി ഫണ്ടിൽനിന്ന് അഞ്ച് പൈസപോലും പണം നൽകിയില്ല. നേരത്തെ രാഹുൽ ഗാന്ധി വയനാട് എംപി സ്ഥാനം ഒഴിഞ്ഞപ്പോൾ പറഞ്ഞത് താൻ ഇവിടുന്ന് പോകുന്നുവെങ്കിലും ഇനി വയനാടിന് രണ്ട് എംപിമാരുടെ ഗുണമുണ്ടാകും എന്നാണ്. പക്ഷേ അര എംപിയുടെ ഗുണംപോലും വയനാട്ടുകാർക്ക് ഉണ്ടായിട്ടില്ല. യൂത്ത് കോൺഗ്രസ് പിരിച്ച പണത്തിന്റെ കണക്ക് ആദ്യം ചോദിച്ചത് അവരുടെ സംഘടനയിൽപെട്ടവരാണ്. പിന്നീട് വാർത്തകൾ വന്നപ്പോൾ 78 ലക്ഷം രൂപയാണ് പിരിച്ചതെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. 78 ലക്ഷം രൂപയ്ക്ക് 30 വീടുകൾ നിർമിക്കാനാകുമോ എന്നും സനോജ് ചോദിച്ചു.











0 comments