ad
Deshabhimani

print edition മുണ്ടക്കൈ ദുരന്തം ; കോൺഗ്രസും യൂത്ത്‌ കോൺഗ്രസും 
മരണവീട്ടിൽ പോക്കറ്റടിച്ചു : വി കെ സനോജ്‌

V K Sanoj
വെബ് ഡെസ്ക്

Published on Jan 31, 2026, 01:07 AM | 1 min read


കൽപ്പറ്റ

ചൂരൽമല–മുണ്ടക്കൈ ദുരന്തത്തിൽ കോൺഗ്രസും യൂത്ത്‌ കോൺഗ്രസും നടത്തിയത്‌ തീവെട്ടിക്കൊള്ളയാണെന്ന്‌ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്‌. അതിജീവിതർക്ക്‌ കൽപ്പറ്റയിൽ സർക്കാർ ഒരുക്കുന്ന ട‍ൗൺഷിപ്‌ സന്ദർശിച്ച്‌ മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ദുരന്തബാധിതർക്ക്‌ വീട്‌ നിർമിക്കാനെന്ന്‌ പറഞ്ഞ്‌ കോൺഗ്രസും യൂത്ത്‌ കോൺഗ്രസും പിരിച്ച പണത്തിന്‌ കണക്കില്ല. പിരിച്ച ആപ്പുമില്ല. 30 വീട്‌ നിർമിക്കുമെന്നായിരുന്നു യൂത്ത്‌ കോൺഗ്രസ്‌ വാഗ്‌ദാനം. കെപിസിസിക്ക്‌ കൈമാറിയത്‌ 1.5 കോടിയാണെന്ന്‌ പറയുന്നു. ഇ‍ൗ തുകയ്ക്ക്‌ എത്ര വീട്‌ നിർമിക്കാനാകും. കർണാടകസർക്കാർ പണം നൽകിയെന്നാണ്‌ കോൺഗ്രസിന്റെ വാദം. കർണാടകത്തിലെ സർക്കാർ നൽകിയതിൽ കോൺഗ്രസിന്‌ എന്താണ്‌ അവകാശം.


മരണവീട്ടിൽ പോക്കറ്റടിച്ചവരാണ്‌ വി ഡി സതീശനും യൂത്ത്‌ കോൺഗ്രസുമെന്ന്‌ ജനം തിരിച്ചറിഞ്ഞു. ഡിവൈഎഫ്‌ഐ 20 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ നൽകി. ഡിവൈഎഫ്‌ഐയുടെ വീട്‌ കാണിക്കാമോ, പണം നൽകിയതിന്‌ തെളിവുണ്ടോ എന്ന്‌ ചിലർ ചോദിക്കുന്നു. ഡിവൈഎഫ്‌ഐ പ്രത്യേക സ്ഥലത്ത്‌ വീട്‌ നിർമിക്കുമെന്നോ, വീടുകളിൽ പേരെഴുതി വയ്‌ക്കുമെന്നോ പറഞ്ഞിട്ടില്ല. ദുരന്തബാധിതരുടെ ആത്മാഭിമാനം മുറിവേൽപ്പിക്കാതിരിക്കാനാണിത്‌. ഡിവൈഎഫ്‌ഐ നൽകിയ പണത്തിന്‌ രേഖയുണ്ട്‌. സംസ്ഥാന സർക്കാരും ഡിവൈഎഫ്‌ഐയും തമ്മിൽ കരാറുമുണ്ട്‌.


കെപിസിസി പ്രസിഡന്റായിരുന്ന കെ സുധാകരനടക്കമുള്ളവർ ദുരിതാശ്വാസനിധിയിലേക്ക്‌ പണം നൽകരുതെന്നും കോൺഗ്രസിന്റെ ആപ്പിലേക്ക്‌ നൽകാനും പറഞ്ഞു. ഇങ്ങനെ പണം പിരിച്ച്‌ തട്ടിയതിൽ ദുരന്തബാധിതരോട്‌ മാപ്പ്‌ പറഞ്ഞിട്ടുവേണം സിദ്ദിഖ്‌ ട‍ൗൺഷിപ്പിൽ കയറാൻ.


സിദ്ദിഖിന്‌ ദുരന്തബാധിതരോട്‌ എന്തെങ്കിലും കൂറുണ്ടായിരുന്നെങ്കിൽ അന്ന്‌ സുധാകരനെയും കെപിസിസി നേതൃത്വത്തെയും തള്ളിപ്പറയുമായിരുന്നു. വയനാട്‌ എംപി പ്രിയങ്ക ഗാന്ധിയും ദുരിതാശ്വാസ നിധിയിലേക്ക്‌ പണം നൽകാതെ സ്വന്തം വോട്ടർമാരെ വഞ്ചിച്ചെന്നും സനോജ്‌ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home