ad
Deshabhimani

ഡിസിസി ജനറൽ സെക്രട്ടറി ടി എം ചന്ദ്രന്റെ നേതൃത്വത്തിൽ കോടികളുടെ ഇടപാടെന്ന്‌ ആരോപണം , ബിജെപി വോട്ടുകൊണ്ട് വൈസ്‌ പ്രസിഡന്റായ 
കോൺഗ്രസ്‌ അംഗത്തോട്‌ രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ടിട്ടില്ല

print edition എല്ലാം നേതൃത്വം അറിഞ്ഞ്‌ ; 'താമരക്കെെമാറ്റ'ത്തെ ന്യായീകരിച്ച്‌ വി ഡി സതീശൻ

V D Satheeshan Mattathur Operation Lotus
avatar
സി എ പ്രേമചന്ദ്രൻ

Published on Dec 29, 2025, 02:36 AM | 1 min read


തൃശൂർ

മറ്റത്തൂർ പഞ്ചായത്തിലെ കോൺഗ്രസ്‌ അംഗങ്ങൾ കൂട്ടത്തോടെ രാജിവച്ച്‌ ബിജെപി മുന്നണിയിൽ ചേർന്നത്‌ കെപിസിസി നേതൃത്വത്തിന്റെ അറിവോടെയെന്ന്‌ സൂചന. ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയവരെ ന്യായീകരിച്ച്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ രംഗത്തെത്തിയതോടെ മറ്റത്തൂർ കച്ചവടത്തിന്‌ പിന്നിലെ ധാരണ വ്യക്തമായി.


മറ്റത്തൂരിലെ 24 അംഗ ഭരണസമിതിയിൽ കോൺഗ്രസിന്‌ എട്ടംഗങ്ങളാണുള്ളത്‌. കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച ഇവർ കോൺഗ്രസിൽനിന്ന്‌ രാജിവച്ച്‌ നാല്‌ ബിജെപി അംഗങ്ങളുമായി ചേർന്നാണ്‌ ഭരണം പിടിച്ചത്‌. കോൺഗ്രസ്‌ വിമതയായി മത്സരിച്ച്‌ ജയിച്ച ടെസി ജോസ്‌ കല്ലറയ്‌ക്കലാണ്‌ പ്രസിഡന്റായത്‌. കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച കോൺഗ്രസ്‌ അംഗം പി യു നൂർജഹാൻ ബിജെപി പിന്തുണയിൽ വൈസ്‌പ്രസിഡന്റുമായി. ഇവർ ഇതുവരെ രാജിവച്ചിട്ടില്ല.


ഇ‍ൗ വിവരം സതീശൻ ആസൂത്രിതമായി മറച്ചുവച്ചു. പാർടി തീരുമാനം ലംഘിച്ചതിനാണ്‌ കോൺഗ്രസ്‌ അംഗങ്ങൾക്കെതിരെ നടപടിയെന്ന്‌ മാധ്യമങ്ങളോട്‌ പറഞ്ഞ സതീശൻ ‘താമരക്കൈമാറ്റ’ത്തിന്‌ കുടചൂടുകയാണ്‌. ബിജെപി പിന്തുണയിൽ വൈസ്‌പ്രസിഡന്റായ കോൺഗ്രസ്‌ അംഗം രാജിവയ്‌ക്കണമെന്ന്‌ സംസ്ഥാന നേതൃത്വം ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല.


തൃശൂർ ലോക്‌സഭാ സീറ്റിൽ കോൺഗ്രസ്‌ വോട്ടുമറിച്ച്‌ ബിജെപിയെ ജയിപ്പിച്ചതിന്റെ തുടർച്ചയാണ്‌ ഡിസിസി പ്രസിഡന്റ്‌ ജോസഫ്‌ ടാജറ്റിന്റെ മണ്ഡലമായ പുതുക്കാട്ടെ മറ്റത്തൂർ പഞ്ചായത്തിലെ ഇ‍ൗ കച്ചവടം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുക്കാട്‌ മത്സരിക്കാൻ ജോസഫ്‌ ടാജറ്റ്‌ ലക്ഷ്യമിടുന്നുണ്ട്‌. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കുന്നതിന്റെ ട്രയൽ റണ്ണാണ്‌ മറ്റത്തൂരിൽ നടന്നതെന്നാണ്‌ സൂചന.


കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച്‌ ജയിച്ചവർ ബിജെപിയുമായി സംഖ്യമുണ്ടാക്കിയാൽ കൂറുമാറ്റ നിയമപ്രകാരം അയോഗ്യരാക്കാം. ഡിസിസി നേതൃത്വമാണ്‌ പരാതി നൽകേണ്ടത്‌. എന്നാൽ, അതിനുള്ള നീക്കം ആരംഭിക്കാത്തതും സംശയങ്ങൾ ഉയർത്തുന്നു. ജനങ്ങൾക്ക് വേണ്ടാത്ത ബിജെപിയെ, മറ്റത്തൂരിൽ ഭരണകക്ഷിയാക്കാൻ ഡിസിസി ജനറൽ സെക്രട്ടറി ടി എം ചന്ദ്രന്റെ നേതൃത്വത്തിൽ കോടികൾ കൈപ്പറ്റിയെന്ന്‌ ഒരു വിഭാഗം പ്രദേശിക കോൺഗ്രസ്‌ നേതാക്കൾ പരസ്യമായി പ്രതികരിച്ചു.


കോൺഗ്രസ്‌ അംഗങ്ങളെ പുറത്താക്കിയെന്ന്‌ ഡിസിസി വാർത്താകുറിപ്പ്‌ ഇറക്കിയെങ്കിലും ഇത്‌ കേവലം പുകമറ സൃഷ്ടിക്കലാണ്‌. വിമതയായി മത്സരിച്ചപ്പോൾ ടെസി ജോസ്‌ കല്ലറയ്‌ക്കലിനെ ഡിസിസി പുറത്താക്കിയിരുന്നു. എന്നാൽ, വിജയിച്ചതോടെ തിരിച്ചെടുത്തു. ടെസിയാണ്‌ ബിജെപി പിന്തുണയോടെ പഞ്ചായത്ത്‌ പ്രസിഡന്റായത്‌.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home