അയ്യപ്പസംഗമം ‘വേണ്ടണം’ എന്ന് യുഡിഎഫ്
ഒറ്റയ്‌ക്ക് തീരുമാനം; പിഴവുകൾ ആവർത്തിച്ച് വി ഡി സതീശൻ

ഒ വി സുരേഷ്
Published on Sep 04, 2025, 02:09 AM | 1 min read
തിരുവനന്തപുരം
സർക്കാരിന്റെ ഏത് വികസന പദ്ധതികളെയും പതിവുപോലെ ആദ്യം എതിർക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന് തുടരെത്തുടരെ പിഴയ്‌ക്കുന്നു. വയനാട് തുരങ്കപാത നടപ്പാക്കാൻ സമ്മതിക്കില്ലെന്ന് വാർത്താസമ്മേളനം വിളിച്ച് പ്രഖ്യാപിച്ചയാളാണ് അദ്ദേഹം. തുരങ്കപ്പാതയുടെ നിർമാണ ഉദ്‌ഘാടനം വിജയകരമായി നടന്നു. ടി സിദ്ദിഖ് എംഎൽഎയുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത് സർക്കാരിനെ പ്രകീർത്തിച്ചു.
ഏറ്റവുമൊടുവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന അയ്യപ്പസംഗമത്തെ എതിർത്തു. എല്ലാ വികസന പദ്ധതികളെയും എതിർക്കുകയാണ് പ്രതിപക്ഷദൗത്യമെന്ന നിലയിൽ അദ്ദേഹം ആദ്യം പ്രസ്‌താവനയിറക്കും. അത് ജനങ്ങളും സർക്കാരും തള്ളിക്കളഞ്ഞ് പദ്ധതി നടപ്പാക്കും. പശ്ചിമഘട്ടം തകരുമെന്ന് പറഞ്ഞായിരുന്നു തുരങ്കപാതയെ എതിർത്തത്. കെപിസിസിയിലും യുഡിഎഫിലും ചർച്ചചെയ്യാതെയുള്ള ഏകപക്ഷീയമായ പ്രഖ്യാപനം തള്ളിക്കളഞ്ഞാണ് ടി സിദ്ദിഖ് ഉദ്‌ഘാടനച്ചടങ്ങിൽ പങ്കെടുത്ത് സർക്കാരിനെ അഭിനന്ദിച്ചത്.
ദേവസ്വം ബോർഡ് ഒരുവർഷംമുമ്പാണ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് അയ്യപ്പസംഗമം പ്രഖ്യാപിച്ചത്. ശബരിമല വികസന മാസ്റ്റർപ്ലാൻ ചർച്ചചെയ്യുകയാണ് പമ്പയിൽ സംഘടിപ്പിക്കുന്ന സംഗമത്തിന്റെ ലക്ഷ്യം. അന്ന് എതിർപ്പ് പറയാത്ത സതീശൻ തീയതി വന്നതോടെ, രാഷ്‌ട്രീയസംഗമമാണെന്നും യുഡിഎഫ് സഹകരിക്കില്ലെന്നും പ്രഖ്യാപിച്ചു.
പതിവുപോലെ പാർടിയിലോ യുഡിഎഫിലോ ആലോചിക്കാതെ ഒറ്റയ്‌ക്കെടുത്ത തീരുമാനം. ശബരിമലവികസനം തടയുന്ന നിലപാട് അപകടംചെയ്യുമെന്നായിരുന്നു ഘടകകക്ഷി നേതാക്കളിൽ പലർക്കുമുള്ള അഭിപ്രായം. എന്നാൽ പിന്നോട്ടുപോകാൻ തയ്യാറാകാത്ത സതീശൻ, എൻഎസ്‌എസിന്റെയും എസ്‌എൻഡിപിയുടെയും തീരുമാനത്തിൽ ഞെട്ടി. അതോടെയാണ് യുഡിഎഫ് യോഗം വിളിച്ച് മയപ്പെടുത്തൽ തീരുമാനമെടുത്തത്. എതിർക്കാനും പോകാനും വയ്യാത്ത അവസ്ഥയിലായി സതീശൻ. ഒറ്റയ്‌ക്ക് തീരുമാനമെടുക്കുന്ന സതീശന്റെ നിലപാട് നേരത്തെയും ഘടകകക്ഷികൾ തിരുത്തിച്ചിട്ടുണ്ട്.









0 comments