print edition അങ്കലാപ്പ് തെരഞ്ഞെടുപ്പ് പേടിയിൽ ; പരസ്പരം ‘ കരഞ്ഞ് ’ വിദഗ്ധരും പ്രതിപക്ഷവും


സി കെ ദിനേശ്
Published on Nov 04, 2025, 03:50 AM | 1 min read
തിരുവനന്തപുരം
കേരളം അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിക്കുന്നതിന് തൊട്ടുതലേന്ന് പദ്ധതിക്കെതിരെ പ്രസ്താവനയിറക്കിയ വിദഗ്ധരും അതിന്റെ ചുവട് പിടിച്ച് തട്ടിപ്പെന്ന് വിശേഷിപ്പിച്ച യുഡിഎഫും നടത്തിയത് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ആസൂത്രിത നീക്കം. ചില മാധ്യമ പ്രവർത്തകരും അന്തിച്ചർച്ചാ ‘വിദഗ്ധ’രും യുഡിഎഫിലെ ചില പ്ലാനിങ് വിദഗ്ധരും തട്ടിക്കൂട്ടിയതായിരുന്നു പ്രസ്താവന എന്നാണ് തെളിയുന്നത്.
എതിർക്കാനൊന്നുമില്ലാത്തതിനാൽ ചരിത്രനേട്ടത്തെ വിമർശിക്കാനാകാതെ കുഴങ്ങിയതിനാലാണ് വിദഗ്ധരെ ഇറക്കിയത്. തെരഞ്ഞെടുപ്പിൽ ജനങ്ങൾ ഇതും പരിഗണിക്കുമെന്ന അങ്കലാപ്പാണ് യുഡിഎഫിനുള്ളത്.
‘വിദഗ്ധ’വാദം പൊളിഞ്ഞതോടെ പരസ്പരമുള്ള ‘കരച്ചിൽ’ ആരംഭിച്ചു. വിദഗ്ധരെ ആക്രമിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പഴയ പ്രസ്താവന ലേഖനമാക്കി മനോരമയിലൂടെ പ്രൊഫ. കെ പി കണ്ണനും രംഗത്തുവന്നു. 64,006 അതിദരിദ്ര കുടുംബളേയുള്ളോ? എഎവൈ കാർഡുകൾ ഇല്ലാതാകില്ലേ ? തുടങ്ങി ദുഷ്ടലാക്കോടെയുള്ള ചോദ്യമാണ് ഇവരുന്നയിക്കുന്നത്. ആരാണ് അതിദരിദ്രർ, ആരാണ് ദരിദ്രർ, എന്താണ് എഎവൈ കാർഡ് തുടങ്ങിയ വസ്തുതകൾ മറച്ചാണ് കള്ളപ്രചാരവേല. അഞ്ചര ലക്ഷത്തിലധികം വരുന്ന എഎവൈ കാർഡ് കേന്ദ്രം ഇല്ലാതാക്കുമെന്നുള്ള പ്രചാരവും ഇവരുടെ മോഹമാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസിന്റെ മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ മോഹിച്ചത് ‘വാരാനിരിക്കുന്ന പ്രളയം’ ആയിരുന്നു.
റേഷൻ കാർഡിനെ കുറിച്ചുപോലും അറിവില്ലാത്തവരും, മറ്റ് ആശ്രയമില്ലാത്തവരും, വീടും പറന്പുമുണ്ടായിട്ടും നിസഹായതയാൽ പട്ടിണികിടക്കുന്നവരും അടക്കം വ്യത്യസ്ത കാരണങ്ങളാൽ ജീവിതം വഴിമുട്ടി നിൽക്കുന്നവരെ കണ്ടെത്തിയാണ് പദ്ധതി നടപ്പാക്കിയത്. അത് കേവലം റേഷൻ കാർഡിന്റെ അടിസ്ഥാനത്തിലല്ല. എഎവൈ മാനദണ്ഡങ്ങളും അതിദരിദ്രരെ കണ്ടെത്താൻ തദ്ദേശ സ്ഥാപനങ്ങൾ സർവ്വേയ്ക്കു മുന്നോടിയായി തയ്യാറാക്കിയ നിബന്ധനകളും ബന്ധവുമില്ല. അതിദാരിദ്ര്യമുക്തിയുടെ പേരിൽ കാർഡുകൾ തടയാനും കഴിയില്ല.









0 comments