പ്രതിപക്ഷനേതാവ് വിട്ടുനിന്നത് ശരിയായില്ല: സ്വാമി ശുഭാംഗാനന്ദ
ചെമ്പഴന്തിയിലെ ഗുരുജയന്തി ബഹിഷ്‌കരിച്ച് സതീശൻ

തിരുവനന്തപുരം
ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ചതയദിന പരിപാടി ബഹിഷ്‌കരിച്ച് പ്രതിപക്ഷ നേതാവ്. ഗുരുജയന്തി ദിനത്തിൽ ശ്രീനാരായണ ദാർശനിക സമ്മേളനം ഉദ്‌ഘാടനംചെയ്യേണ്ടത് വി ഡി സതീശനായിരുന്നു. എന്നാൽ ഞായറാഴ്‌ച എത്തില്ലെന്ന് ശനി വൈകിട്ടാണ് പ്രതിപക്ഷ നേതാന്റെ ഓഫീസിൽ നിന്ന് അറിയിച്ചത്. രാഷ്‌ട്രീയകാരണങ്ങളാണ് വിട്ടുനിന്നതിന് പിന്നിലെന്നാണ് അറിയുന്നത്.
ആരോഗ്യപ്രശ്‌നങ്ങളാൽ പങ്കെടുക്കാൻ കഴിയില്ലെന്നാണ് ശിവഗിരിമഠം അധികൃതർക്ക് ലഭിച്ച അറിയിപ്പ്. എന്നാൽ എറണാകുളം ജില്ലയിലും സ്വന്തം മണ്ഡലത്തിലും വിവിധ പരിപാടികളിളും സ്വകാര്യചടങ്ങുകളിലും വി ഡി സതീശൻ ഞായറാഴ്‌ച സജീവമായിരുന്നു. സതീശന്റെ നടപടിയിൽ ശിവഗിരിമഠം അധികൃതർക്കും കടുത്ത അതൃപ്‌തിയുണ്ട്. വർഷങ്ങളായി പ്രതിപക്ഷ നേതാവാണ് ശ്രീനാരായണ ദാർശനിക സമ്മേളനം ഉദ്‌ഘാടനംചെയ്യുന്നത്. മഹാസമ്മേളനത്തിന്റെ ഉദ്‌ഘാടനം മുഖ്യമന്ത്രിയും നിർവഹിക്കും. കാലങ്ങളായി തുടരുന്ന രീതിയിൽ നിന്നാണ് വി ഡി സതീശൻ വിട്ടുനിന്നത്. എ എ റഹിം എംപി ശ്രീനാരായണ ദാർശനിക സമ്മേളനം ഉദ്‌ഘാടനംചെയ്‌തു.
പ്രതിപക്ഷനേതാവ് വിട്ടുനിന്നത് ശരിയായില്ല: സ്വാമി ശുഭാംഗാനന്ദ
തിരുവനന്തപുരം
ചെമ്പഴന്തിയിലെ ശ്രീനാരായണഗുരുജയന്തി ആഘോഷപരിപാടിയിൽനിന്ന് രാഷ്‌ട്രീയ വിവാദങ്ങളുടെ പേരിൽ പ്രതിപക്ഷനേതാവ് വിട്ടുനിന്നത് ശരിയല്ലെന്ന് ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ. ആരോഗ്യപരമായ കാരണങ്ങളാലല്ലാതെയാണ് പങ്കെടുക്കാതിരുന്നതെങ്കിൽ ശക്‌തമായ വിയോജിപ്പുണ്ട്.
വർഷങ്ങളായി പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സമ്മേളനത്തിലേക്ക് വി ഡി സതീശനെ ക്ഷണിക്കാറുണ്ട്. പതിവായി വരാറുമുണ്ട്. ഇൗ വർഷവും ക്ഷണിച്ചിരുന്നു. എന്നാൽ ഇന്നലെ അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചത് ആരോഗ്യപരമായ കാരണങ്ങളാൽ എത്തിച്ചേരാൻ കഴിയില്ല എന്നാണ്. എന്നാൽ എറണാകുളത്ത് വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുത്തു എന്നാണ് അറിയാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.










0 comments