'നമ്മളാരും അദ്ദേഹത്തിന്റെ അത്ര വലിയ ആൾക്കാരല്ലല്ലോ' ശശി തരൂരിനെ പരിഹസിച്ച് വി ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്തെ വ്യവസായ പുരോഗതിയെ പ്രശംസിച്ചതിന്റെ പേരിൽ ശശി തരൂരിനെതിരെയുള്ള കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ അതൃപ്തി തുടരുന്നു. തരൂരിനെ പരിഹസിച്ച് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് വി ഡി സതീശൻ. നമ്മളാരും ശശി തരൂരിന്റെ അത്രയും വലിയ ആൾക്കാരല്ലല്ലോ അദ്ദേഹത്തെ ശാസിക്കേണ്ടതും തിരുത്തേണ്ടതും ഹൈക്കമാൻഡ് ആണെന്നുമാണ് സതീശൻ പറഞ്ഞത്. തരൂർ പറഞ്ഞ കണക്കുകൾ തെറ്റാണെന്നും സതീശൻ പറഞ്ഞു.
ശശി തരൂരുമായി തർക്കിക്കാൻ ഞങ്ങളില്ല. നമ്മളാരും അദ്ദേഹത്തിന്റെ അത്ര വലിയ ആൾക്കാരല്ല. അദ്ദേഹത്തെ തിരുത്താനുള്ള കഴിവോ ശേഷിയോ ഞങ്ങൾക്കില്ല. അദ്ദേഹം പറഞ്ഞത് ബാക്കിയുള്ളവർ വിലയിരുത്തട്ടെ എന്നായിരുന്നു തരൂരിനെ പരിഹസിച്ച് സതീശൻ പറഞ്ഞത്.
അതേസമയം കോൺഗ്രസിലെ തർക്കങ്ങൾ യുഡിഎഫിനെ ദുർബലമാക്കുമെന്ന ആശങ്കയിൽ ഹൈക്കമാൻഡിനെ നേരിൽ കാണാൻ ഒരുങ്ങുകയാണ് മുസ്ലിം ലീഗ്. കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്ന ലീഗ് നേതൃയോഗത്തിലാണ് തീരുമാനം.
കോൺഗ്രസ് നേതാക്കൾക്കിടയിലെ തമ്മിലടിയും അഭിപ്രായ ഭിന്നതയും യുഡിഎഫിനെ ശിഥിലമാക്കിയെന്ന് മുസ്ലിം ലീഗ് നേതൃയോഗത്തിൽ വിമർശനമുണ്ടായിരുന്നു. പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ കോൺഗ്രസ് നേതൃത്വം തുടരുന്ന അലംഭാവം തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് നേതാക്കൾ തുറന്നടിച്ചു. കോൺഗ്രസിലെ ഭിന്നത യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങളെ കണ്ട ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമും അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും സമ്മതിച്ചു.
കേരളത്തിലെ കോൺഗ്രസ് നേതാക്കൾ തരൂരിനെതിരെ രംഗത്ത് വന്നപ്പോഴും ഹൈക്കമാൻഡ് തരൂരിനൊപ്പമായിരുന്നു. നിലവിൽ നേതാക്കൾ പരസ്പരം ഏറ്റുമുട്ടുകയാണ്. തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ ഇത്തരം നിലപാടുകൾ യുഡിഎഫിനെ ബാധിക്കുമെന്നതാണ് ലീഗിന്റെ ആശങ്ക.








0 comments