കേൽക്കറുടെ നിയമനത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി; ബംഗാളിലെ സാഹചര്യമില്ലെന്ന് മറുപടി

വി ഡി സതീശൻ
തിരുവനന്തപുരം: തെരഞ്ഞെടുപ്പുകമീഷന്റെ അറിയിപ്പിൽ ബിജെപിയുടെ സീൽ പതിച്ചതിനെ ന്യായീകരിക്കുകയും ലക്ഷങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കിയ എസ്‌ഐആറിന് നേതൃത്വം നൽകുകയും ചെയ്‌ത മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ കേൽക്കറെ സെക്രട്ടറിയാക്കിയതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. കേൽക്കറുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിന് ഒരു അടിസ്ഥാനവുമില്ലെന്നും പശ്ചിമ ബംഗാളിലേതിന് സമാനമായ നിയമനം അല്ല കേരളത്തിലേതെന്നുമായിരുന്നു സതീശന്റെ ന്യായീകരണം.
തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കേൽക്കറുടെ ആ ചുമതല തീർന്നതാണ്. സ്വാഭാവിക നിയമനമാണ് സര്‍ക്കാര്‍ നടത്തിയത്. ബംഗാളിൽ വോട്ട് നീക്കം ചെയ്തെന്നാണ് തെരഞ്ഞെടുപ്പ് ഓഫീസർക്കെതിരെ പരാതി വന്നത്. കേരളത്തിലെ തെരഞ്ഞെടുപ്പ് നടപടികളിൽ കേൽക്കർക്കെതിരെ ഒരു ആരോപണവും ഉയർന്നിട്ടില്ല. കേൽക്കർ യോഗ്യനായ ഉദ്യോഗസ്ഥനാണെന്നും സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബംഗാളിൽ ബിജെപി അധികാരത്തിലെത്തിയത് അട്ടിമറിയിലൂടെയാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. സുവേന്ദു അധികാരി മുഖ്യമന്ത്രിയായതോടെ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ മനോജ് കുമാർ അഗർവാളിനെ ചീഫ് സെക്രട്ടറിയാക്കി. എസ്‌ഐആർ ചുമതല വഹിച്ച ഉദ്യോഗസ്ഥർക്കും ഉന്നത ചുമതല നൽകി. ബിജെപിയെ അധികാരത്തിലെത്തിച്ചതിനുള്ള പ്രതിഫലമാണ് ബംഗാളിലെ നിയമനമെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ‘വലിയ മോഷണത്തിന് വലിയ പ്രതിഫലം’ എന്നാണ് രാഹുൽ വിശേഷിപ്പിച്ചത്.
ഇതേ പാതയിൽ കേരളത്തിൽ രത്തൻ യു കേൽക്കറെ സീശന്റെ സെക്രട്ടറിയാക്കി നിയമിച്ചതാണ് വിവാദത്തിലായത്. കേരളത്തിലും ലക്ഷക്കണക്കിന് വോട്ടർമാരെയാണ് എസ്‌ഐആറിലൂടെ വെട്ടിയത്. 2021ൽ 2.75 കോടി വോട്ടർമാരുണ്ടായിരുന്നത് 2026ൽ 2.71 കോടിയായി കുറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ 2.85 കോടിയുണ്ടായിരുന്നു. എസ്‌ഐആറിനുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വലിയ ഭൂരിപക്ഷം കിട്ടിയപ്പോൾ ബിജെപിക്കും മൂന്നുസീറ്റ് ലഭിച്ചു. പ്രതിഫലമായാണ് എസ്‌ഐആറിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിച്ചതെന്ന ആക്ഷേപം വ്യാപകമാണ്.











0 comments