ഈരാറ്റുപേട്ട നഗരസഭാ ഭരണം യുഡിഎഫ്–ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ടിൽ ; സഖ്യമില്ലെന്ന കള്ളവുമായി വി ഡി സതീശൻ

ഈരാറ്റുപേട്ട
ഈരാറ്റുപേട്ടയിൽ ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറയുമ്പോൾ നഗരസഭ യുഡിഎഫ് ഭരിക്കുന്നത് വെൽഫെയർപാർടി പിന്തുണയിൽ. യുഡിഎഫിന്റെ 14 അംഗങ്ങളിൽ മുസ്ലിംലീഗ് ഒമ്പത്, കോൺഗ്രസ് മൂന്ന്, വെൽഫെയർ പാർടി രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. 28 ഡിവിഷനുകളിൽ എൽഡിഎഫിന് ഒമ്പതും എസ്ഡിപിഐക്ക് അഞ്ചും അംഗങ്ങളുണ്ട്. രണ്ട് തവണ അവിശ്വാസം അതിജീവിക്കാൻ വെൽഫെയർ പാർടിയാണ് പിന്തുണ നൽകിയത്. ആറ്, 20 ഡിവിഷനുകളാണ് വെൽഫെയർ പാർടിക്ക് യുഡിഎഫ് നൽകിയത്.
ആറാം വാർഡ് മാതാക്കലിൽ ജമാഅത്തെ ഇസ്ലാമി നേതാവ് എസ് കെ നൗഫലാണ് കൗൺസിലർ. തദ്ദേശ തെരഞ്ഞെടുപ്പ് വാർഡ് കൺവൻഷൻ ഉദ്‌ഘാടനംചെയ്തത് ഡിസിസി ജനറൽ സെക്രട്ടറി ജോമോൻ ഐക്കരയായിരുന്നു. 20 –-ാം വാർഡിൽ ജമാഅത്തെ ഇസ്ലാമി വനിതാവിഭാഗം സംസ്ഥാന നേതാവ് സഹ്‌ല ഫിർദൗസാണ് കൗൺസിലർ.
പതിറ്റാണ്ടുകളായി ലീഗ് കുത്തകയാക്കിയിരുന്ന സീറ്റാണ് ഉന്നത നേതൃത്വത്തിന്റെ നിർദേശത്തിൽ വെൽഫെയർ പാർടിക്ക് നൽകിയത്. വാർഡ് കൺവൻഷൻ ഉദ്‌ഘാടനംചെയ്‌തത് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമായിരുന്നു. തെരഞ്ഞെടുപ്പ് ധാരണയിൽ രണ്ടരവർഷം ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനം സഹ്‌ല ഫിർദൗസിന് ലഭിച്ചു.









0 comments