ad
Deshabhimani

വേനൽമഴ ആശ്വാസമായില്ല; സംസ്ഥാനത്തെ ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക മൂന്നാറിൽ

munnar

എ ഐ പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 08, 2026, 03:23 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും വേനൽമഴ ലഭിച്ചെങ്കിലും അൾട്രാവയലറ്റ് രശ്മികളെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. ഇന്ന് ഉച്ചയ്ക്ക് ഒരു മണി വരെയുള്ള കണക്ക് പ്രകാരം ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് മൂന്നാറിലാണ്(10). ഇവിടെ അതീവ ജാ​ഗ്രത നിർദേശത്തിന്റെ ഭാ​ഗമായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അള്‍ട്രാ വയലറ്റ് സൂചിക അനുസരിച്ച് എട്ടു മുതല്‍ പത്തുവരെയാണ് ഓറഞ്ച് അലര്‍ട്ടിന്റെ പരിധിയില്‍ വരുന്നത്. മൂന്നാറിൽ കൂടാതെ കൊട്ടാരക്കര(കൊല്ലം), കോന്നി(പത്തനംതിട്ട), ചെങ്ങന്നൂർ(ആലപ്പുഴ), ചങ്ങനാശ്ശേരി(കോട്ടയം), പൊന്നാനി(മലപ്പുറം) എന്നിവിടങ്ങളിൽ കൂടി ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.


കളമശ്ശേരി(എറണാകുളം), ഒല്ലൂർ(തൃശൂർ), തൃത്താല(പാലക്കാട്), ബേപ്പൂർ(കോഴിക്കോട്),

മാനന്തവാടി(വയനാട്), ധർമടം(കണ്ണൂർ) എന്നിവിടങ്ങളി‍ൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.


തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപം, വിവിധതരം ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാം. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് അൾട്രാവയലറ്റ് സൂചിക ഏറ്റവും ഉയർന്ന നിലയിൽ രേഖപ്പെടുത്തുന്നത്. അതിനാൽ ഈ സമയങ്ങളിൽ ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും മലമ്പ്രദേശങ്ങളിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലും യുവി സൂചിക ഉയർന്നേക്കാം. ജലാശയങ്ങൾ, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നത് ഇത്തരം മേഖലകളിൽ അപകടസാധ്യത വർദ്ധിപ്പിക്കുന്നു.


പുറം ജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ എന്നിവർ പ്രത്യേകം ജാഗ്രത പാലിക്കണം. ചർമ്മരോഗങ്ങളുള്ളവർ, നേത്രരോഗികൾ, ക്യാൻസർ രോഗികൾ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ വെയിൽ ഏൽക്കുന്നത് ഒഴിവാക്കണം. പുറത്തിറങ്ങുമ്പോൾ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാനും ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും ശ്രദ്ധിക്കണം. യാത്രകൾക്കിടയിൽ കൃത്യമായ ഇടവേളകളിൽ തണലിൽ വിശ്രമിക്കണമെന്നും നിർദ്ദേശമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home