print edition ടാസ്‌ക് ഫോഴ്‌സ്: ഒന്നിനും മറുപടിയില്ല; ഒളിച്ചോടി സർക്കാർ

വി ഡി സതീശൻ, കെ മുരളീധരൻ

സ്വന്തം ലേഖകൻ
Published on Oct 27, 2026, 12:43 AM | 1 min read
തിരുവനന്തപുരം: കേരളത്തിന്റെ ജനകീയ ആരോഗ്യമേഖലയിൽ കോർപറേറ്റുകൾക്ക് ലാഭം കൊയ്യാൻ അവസരമൊരുക്കുന്നതിനെതിരെ നിയമസഭയിൽ ശക്തമായ പ്രതിരോധമുയർത്തി പ്രതിപക്ഷം. ആരോഗ്യനയത്തിനായി രൂപീകരിച്ച ടാസ്‌ക് ഫോഴ്‌സിന് പിന്നിലെ കള്ളക്കളി പുറത്തായതോടെ മറുപടി പറയാനാകാതെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഒളിച്ചോടി. വിജിലൻസ് അന്വേഷണം നേരിട്ട യുപി മുൻ ചീഫ് സെക്രട്ടറി ദീപക് സിംഗാൾ എങ്ങനെ ടാസ്‌ക് ഫോഴ്‌സ് അംഗമായെന്ന ചോദ്യത്തിനും ഇരുവർക്കും മറുപടിയില്ല. ആരോഗ്യമേഖലയിൽ സിംഗാളിന്റെ പരിചയം എന്തെന്ന ചോദ്യത്തിന് മറ്റംഗങ്ങളുടെ മേൻമ പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. സഭ നിർത്തിവച്ച് വിഷയം ചർച്ചചെയ്യാനും സർക്കാർ തയ്യാറായില്ല. ഇതോടെ പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.
പുതിയ ആരോഗ്യനയത്തിന്റെ മറവിൽ കുത്തകകൾക്ക് ലാഭം കൊയ്യാനുള്ള പദ്ധതി തയ്യാറാക്കാനാണ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചത്. ഇത് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് കെ പ്രേംകുമാർ സ്‌പീക്കർക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ചർച്ചയ്‌ക്ക് തയ്യാറല്ലെന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അറിയിച്ചതോടെ അടിയന്തരപ്രമേയ നോട്ടീസിന് സ്‌പീക്കർ അനുമതി നിഷേധിച്ചു.
‘കേരള ഹോളിസ്റ്റിക് ഹെൽത്ത്, വെൽനെസ് ആൻഡ് ലോഞ്ചിവിറ്റി ടാസ്‌ക് ഫോഴ്‌സി’ന്റെ രൂപരേഖ തയ്യാറാക്കുന്നതും ദീപക് സിംഗാളാണ്. ഗ്ലോബൽ ട്രേഡ് ആൻഡ് ടെക്‌നോളജി കൗൺസിൽ ഓഫ് ഇന്ത്യയുടെ (ജിടിടിസിഐ) ഹെൽത്ത് കെയർ വെഞ്ചേഴ്സിന് നേതൃത്വം നൽകുന്നയാളാണ്. ഇൗ സ്ഥാപനവും കോർപറേറ്റ് ആശുപത്രികളും ബഹുരാഷ്‌ട്ര മരുന്നുകമ്പനികളും ചേർന്നുള്ള മാഫിയയാണ് രാജ്യത്ത് ആരോഗ്യരംഗം നിയന്ത്രിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ നടപടികൾ ചൂണ്ടിക്കാണിച്ച് തടിയൂരാനുള്ള മുഖ്യമന്ത്രിയുടെയും മന്ത്രിയുടെയും ശ്രമവും പ്രതിപക്ഷ നേതാവ് പൊളിച്ചു.









0 comments