'ജാനകി'ക്കൊപ്പം ഇനിഷ്യൽ ചേർക്കാം; കോടതി രംഗങ്ങളിൽ മ്യൂട്ട് ചെയ്യണമെന്ന് സെൻസർ ബോർഡ്

കൊച്ചി : സുരേഷ് ഗോപി ചിത്രം ജെഎസ്കെ അഥവാ 'ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള' വിവാദത്തിൽ പുതിയ നിർദേശങ്ങളുമായി സെന്‍സര്‍ ബോര്‍ഡ്. ജാനകി എന്ന പേര് മാറ്റണ്ട കാര്യമില്ലെന്ന് സെൻസർ ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. പേരിനൊപ്പം ഇനിഷ്യൽ ചേർത്ത് ചിത്രത്തിൽ ഉപയോഗിക്കണമെന്നാണ് നിർദേശം. വി ജാനകി എന്നോ ജാനകി വി എന്നോ ആണ് ഉപയോഗിക്കേണ്ടത്. എന്നാൽ കോടതി രംഗങ്ങളിൽ ജാനകി എന്ന് പറയുന്നത് മ്യൂട്ട് ചെയ്യണമെന്നും സെൻസർ ബോർഡ് അറിയിച്ചു. സെൻസർ ബോർഡിന്റെ നിർദേശത്തെത്തുടർന്ന് ഹൈക്കോടതി നിർമാതാക്കളുടെ നിലപാട് തേടിയിട്ടുണ്ട്. ചിത്രത്തിന്റെ സബ്ടൈറ്റിലുകളിലടക്കം ജാനകി എന്ന പേര് ഉപയോഗിക്കുമ്പോൾ ഇനിഷ്യൽ ചേർത്താണ് ഉപയോഗിക്കേണ്ടത്. ജാനകി വിദ്യാധരൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. ഹൈക്കോടതി ഇന്ന് വീണ്ടും കേസ് പരിഗണിക്കും. സിനിമയുടെ പ്രദർശനാനുമതി സെൻസർ ബോർഡ് നിഷേധിച്ചതിനെത്തുടർന്നാണ് നിർമാതാക്കൾ ഹൈക്കോടതിയെ സമീപിച്ചത്. സിനിമകൾക്ക് എന്ത് പേര് നൽകിയാലെന്ത് എന്നും ജാനകിയെന്നത് പൊതുവായി ഉപയോഗിക്കുന്ന പേരല്ലേ എന്നും ഹര്‍ജി പരിഗണിക്കവേ സെന്‍സര്‍ ബോര്‍ഡിനോട് ഹൈക്കോടതി ചോദിച്ചിരുന്നു.
പ്രവീൺ നാരായണന്റെ സംവിധാനത്തിൽ സുരേഷ് ഗോപി വക്കീൽ വേഷത്തിലെത്തുന്ന ചിത്രമാണ് 'ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള. ജൂണ്‍ 27ന് സിനിമ റിലീസ് ചെയ്യാനിരിക്കെയാണ് സെൻസര്‍ ബോര്‍ഡ് പ്രദർശനാനുമതി നിഷേധിച്ചത്. ചിത്രം കോസ്മോസ് എന്റർടൈൻമെന്റ് ആണ് നിർമിച്ചിരിക്കുന്നത്. ജൂൺ 12നാണ് ചിത്രം ഇ- സിനിമാപ്രമാൺ പോർട്ടൽ വഴി സർട്ടിഫിക്കേഷനായി സമർപ്പിച്ചത്. സിനിമയുടെ സെൻസർ പ്രദർശനം ജൂൺ 18ന് പൂർത്തിയായിരുന്നു. എന്നാൽ സിനിമയുടെ പേരിലെ ജാനകി 'സീത'യെ പരാമർശിക്കുന്നുവെന്നും അത് മാറ്റണമെന്നും കാണിച്ച് പ്രദർശനാനുമതി തടഞ്ഞു. ഇത് രേഖാമൂലം അണിയറ പ്രവർത്തകരെ സെൻസർബോർഡ് അറിയിച്ചിട്ടില്ല. സിനിമയുടെ ട്രെയിലറിന് സിബിഎഫ്‌സി നേരത്തെ തടസങ്ങളൊന്നും ചൂണ്ടിക്കാണിക്കാതെ അനുമതി നൽകിയിരുന്നു. ചിത്രം പ്രദർശിപ്പിക്കുന്നതിൽ കാലതാമസം നേരിട്ടാൽ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് കാണിച്ചാണ് നിർമാതാക്കൾ ഹൈക്കോടതിയിൽ ഹർജി നൽകിയത്.









0 comments