അമേരിക്കയുടെ ചുങ്കയുദ്ധം കേരളത്തെ ഗുരുതരമായി ബാധിക്കും: സിഐടിയു

തിരുവനന്തപുരം: ഇറക്കുമതിത്തീരുവ 50 ശതമാനമാക്കി വർധിപ്പിച്ച അമേരിക്കയുടെ നടപടി ഇന്ത്യയുടെ കയറ്റുമതിക്ക് കനത്ത ആഘാതമേൽപ്പിക്കുമെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി. അമേരിക്കൻ സാമ്രാജ്യത്വം അടിച്ചേൽപ്പിക്കുന്ന ചുങ്കയുദ്ധം കേരളത്തെയും ഗുരുതരമായി ബാധിക്കും. സംസ്ഥാനത്തുനിന്ന് കയറ്റുമതി ചെയ്യുന്ന കയർ ഉൽപ്പന്നങ്ങൾ, സമുദ്രോൽപ്പന്നങ്ങൾ, വസ്ത്രം, കശുവണ്ടി, സുഗന്ധദ്രവ്യങ്ങൾ, ഔഷധങ്ങൾ എന്നിവയെയെല്ലാം ബാധിക്കും. ഈ മേഖലകളിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് തൊഴിലാളികളുടെ തൊഴിലും കൂലിയും നഷ്ടപ്പെടും.
അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുത്തൻ കോളനിവൽക്കരണ നയത്തിനെതിരെ സംസ്ഥാനത്തെ മുഴുവൻ തൊഴിലാളികളും പ്രതിഷേധിക്കണം. ഇന്ത്യയുടെ താല്പര്യങ്ങൾ ഹനിക്കുന്ന അമേരിക്കയുടെ ക്രൂരമായ നടപടിക്കെതിരെ ഒരക്ഷരം പറയാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇതുവരെ സന്നദ്ധനായിട്ടില്ല. ട്രംപിനെ സുഹൃത്ത് എന്ന് വിശേഷിപ്പിക്കുകയും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കാളിയാവുകയും ചെയ്‌തയാളാണ് മോഡി. ഗുജറാത്തിലേക്ക് ട്രംപിനെ ക്ഷണിച്ച് കൊണ്ടുവന്ന് സ്വീകരണം നൽകിയതും ആരും മറന്നിട്ടില്ല.
ഇന്ത്യൻ കയറ്റുമതിയുടെ നട്ടെല്ലൊടിക്കുന്ന പ്രഖ്യാപനം അമേരിക്കൻ ഭരണകൂടം നടത്തിയിട്ടും മോഡി അപമാനകരമായ മൗനത്തിലാണ്. ഇന്ത്യയുടെ സമ്പദ്ഘടനയെ പ്രതിസന്ധിയിലാക്കുന്ന അമേരിക്കൻ നടപടിക്കെതിരെയും മോഡി സർക്കാരിന്റെ സാമ്രാജ്യത്വ വിധേയത്വത്തിനുമെതിരെയും ശക്തമായി പ്രതിഷേധിക്കാൻ എല്ലാ തൊഴിലാളികളും രംഗത്തിറങ്ങണം. സംസ്ഥാനത്താകെ പ്രതിഷേധ പ്രകടന ങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിക്കണമെന്നും പ്രസിഡന്റ് ടി പി രാമകൃഷ്‌ണനും ജനറൽ സെക്രട്ടറി എളമരം കരീമും പ്രസ്‌താവനയിൽ അഭ്യർഥിച്ചു.










0 comments