യു എസ് തീരുവ: ട്രംപിന്റെ നടപടിക്കും കേന്ദ്രസർക്കാരിനുമെതിരെ സിപിഐ എം പ്രതിഷേധം സംഘടിപ്പിക്കും

എം വി ഗോവിന്ദൻ
തിരുവനന്തപുരം: ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അൻപത് ശതമാനം തീരുവ ചുമത്തിയ അമേരിക്കൻ ഡൊണാൾഡ് ട്രംപിന്റെ നടപടിക്കും, വിഷയത്തിൽ ഇടപെടാത്ത കേന്ദ്രസർക്കാരിനുമെതിരെ പ്രതിഷേധം ഉയരണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രാജ്യത്തെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നതാണ് ട്രംപിന്റെ നടപടി. പ്രാദേശിക അടിസ്ഥാനത്തിൽ വലിയ പ്രതിഷേധ പരിപാടികൾ സിപിഐ എം സംഘടിപ്പിക്കുമെന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യയ്ക്കുള്ള ഇറക്കുമതി തീരുവ വർധിപ്പിച്ച ട്രംപിന്റെ നടപടി കേരളത്തിന്റെ പരമ്പരാഗത മേഖലയ്ക്കുൾപ്പെടെ വലിയ തിരിച്ചടിയുണ്ടാകും. ചെമ്മീൻ ഉൾപ്പെടെയുള്ള സമുദ്രോൽപന്നങ്ങൾ, കശുവണ്ടി, കയർ എന്നിവ കയറ്റുമതി ചെയ്യുന്ന കേരളത്തിന് വലിയ ആഘാതമുണ്ടാക്കും. രാജ്യത്തെ സംബന്ധിച്ചിടത്തോളം ടെക്സ്റ്റയിൽ, മരുന്ന് നിർമാണം, ആഭരണങ്ങൾ, തുടങ്ങിയ എല്ലാ സാധനങ്ങൾക്കുമുള്ള തീരുവ വർധനവിലൂടെ വലിയ പ്രതിസന്ധിയാണ് ഉണ്ടാകുക.
അമേരിക്കൻ തെരഞ്ഞെടുപ്പിൽ ട്രംപിനെ വിജയിപ്പിക്കാൻ ഇറങ്ങിത്തിരിച്ചയാളണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൈനയെ വളഞ്ഞുപിടിക്കാനുള്ള യുഎസ് തന്ത്രത്തിനൊപ്പമാണ് ഇന്ത്യ നിന്നത്. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കാൽക്കീഴിൽ ജൂനിയർ പങ്കാളിയായി നിലനിൽക്കുന്ന ഇന്ത്യയ്ക്കേറ്റ കനത്ത തിരിച്ചടി കൂടിയാണിത്. അമേരിക്ക ഏറ്റവും കൂടുതൽ തീരുവ ചുമത്തുന്ന പ്രധാനരാജ്യമായി ഇന്ത്യ മാറി. രാജ്യത്തിന് ഏറ്റവും ദോഷകരമായി ബാധിക്കുന്ന ഈ നടപടിയെ ശക്തമായി പ്രതിരോധിക്കാൻ പ്രധാനമന്ത്രിക്കോ കേന്ദ്രസർക്കാരിനോ കഴിയുന്നില്ല.
അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ നിലപാടിനും അവർക്കൊപ്പം അണിചേർന്ന് രാജ്യത്തെ തകർക്കുന്ന കേന്ദ്രസർക്കാരിനുമെതിരെ ശക്തമായ പ്രതിഷേധം ഉയരണം. കേന്ദ്രസർക്കാരിന്റെ പൂർണ അംഗീകാരത്തോടെ നടപ്പിലാക്കുന്നവയാണ് അമേരിക്കയുടെ നിലപാടുകൾ. വരും ദിവസങ്ങളിലായി സംസ്ഥാനത്തുടനീളം ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.









0 comments