യുഎസ് തീരുവ പ്രശ്നം: ബ്രിക്‌സില്‍ മിണ്ടാതെ മോദിസര്‍ക്കാര്‍


സ്വന്തം ലേഖകൻ
Published on Sep 10, 2025, 12:15 PM | 1 min read
ന്യൂഡൽഹി
: ലോകരാജ്യങ്ങൾക്കുമേൽ അമേരിക്ക പ്രഖ്യാപിച്ചിട്ടുള്ള തീരുവ യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ ഏതെല്ലാം വിധം ബാധിക്കുമെന്ന് ചർച്ച ചെയ്യാൻ ചേർന്ന ബ്രിക്‌സ് യോഗത്തിൽ വിഷയത്തിൽ ഒരക്ഷരം മിണ്ടാതെ ഇന്ത്യ. ഓൺലൈനായി ചേർന്ന യോഗത്തിൽ മറ്റ് ബ്രിക്‌സ് രാജ്യങ്ങളുടെ തലവന്മാർ പങ്കെടുത്തപ്പോൾ ഇന്ത്യയെ പ്രതിനിധീകരിച്ചത് വിദേശമന്ത്രി എസ് ജയ്‌ശങ്കറാണ്.
യുഎസുമായി വീണ്ടും അനുരഞ്‌ജനത്തിലെത്താൻ മോദി സർക്കാർ കിണഞ്ഞുശ്രമിക്കുന്നതിനാലാണ് മോദി വിട്ടുനിന്നത്.
തിങ്കൾ രാത്രി ചേർന്ന യോഗത്തിൽ മറ്റ് ഒൗദ്യോഗിക തിരക്കുകളൊന്നും ഇല്ലാതിരുന്നിട്ടും മോദി പങ്കെടുത്തില്ല. മോദി ഇപ്പോഴും തന്റെ അടുത്ത സുഹൃത്താണെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മോദിയും ഒട്ടും കുറച്ചില്ല. പരസ്‌പരം പുകഴ്‌ത്തിയതിന് പിന്നാലെ ട്രംപ് നിശിതമായി എതിർക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത് വീണ്ടും അപ്രീതിയുണ്ടാക്കുമോയെന്ന ആശങ്കയിലാണ് മോദി വിട്ടുനിന്നതെന്നാണ് വിലയിരുത്തല്‍.
യോഗത്തിൽ ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവയും ചൈന പ്രസിഡന്റ് ഷി ജിൻപിങ്ങും റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമെല്ലാം യുഎസിന്റെ തീരുവ യുദ്ധത്തെ നിശിതമായി വിമർശിച്ചു. ട്രംപ് ഭരണകൂടം ബ്ലാക്ക്‌മെയിലിങ്ങിനാണ് ശ്രമിക്കുന്നതെന്ന് ലുല തുറന്നടിച്ചു. ചില രാജ്യങ്ങളുടെ തീരുവയുദ്ധം ലോക സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുകയാണെന്ന് ഷി പറഞ്ഞു. അന്താരാഷ്ട്ര വ്യാപാരച്ചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തുകയാണ്. ബ്രിക്‌സ് രാജ്യങ്ങൾ യോജിച്ച് നിൽക്കണം– ഷി പറഞ്ഞു.
എന്നാൽ, ജയ്‌ശങ്കർ അമേരിക്കൻ തീരുവയെ വിമർശിച്ച് ഒരു പരാമർശവും നടത്തിയില്ല. ഇന്ത്യയും മറ്റ് ബ്രിക്‌സ് രാജ്യങ്ങളുമായുള്ള വ്യാപാരക്കമ്മി ചൂണ്ടിക്കാട്ടാനാണ് ജയ്‌ശങ്കർ ശ്രമിച്ചത്. വ്യാപാരക്കമ്മി കുറയ്‌ക്കണം. വ്യാപാര വിഷയങ്ങളെ മറ്റ് അന്തർദേശീയ വിഷയങ്ങളുമായി ബന്ധിപ്പിക്കേണ്ടതില്ല. സംഘർഷങ്ങൾ അവസാനിപ്പിക്കണം– ജയ്‌ശങ്കർ പറഞ്ഞു.









0 comments