തെരുവുകൾതോറും സിപിഐ എം പ്രതിഷേധിക്കും
ഇറക്കുമതിത്തീരുവ ; കേരളത്തിന് കനത്ത ആഘാതം

തിരുവനന്തപുരം
ഇന്ത്യക്കുള്ള ഇറക്കുമതിത്തീരുവ 50 ശതമാനമായി വർധിപ്പിച്ച അമേരിക്കൻ നടപടി കേരളത്തിന്റെ പരമ്പരാഗത മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുമെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റി. സമുദ്രോൽപന്നങ്ങൾ കശുവണ്ടി, കയർ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവയുടെ കയറ്റുമതിക്ക് വലിയ ആഘാതമുണ്ടാകും. അമേരിക്കയുടെ നയത്തിനും അതിനൊപ്പം ചേരുന്ന കേന്ദ്രസർക്കാർ നിലപാടിനുമെതിരെ രണ്ടുദിവസം തെരുവുകൾ തോറും ട്രംപിന്റെ കോലം കത്തിച്ചും പ്രകടനങ്ങൾ നടത്തിയും പ്രതിഷേധമുയർത്തുമെന്ന് പാർടി- സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തിന്റെ ജനജീവിതവും സാമ്പത്തികനിലയും തകർക്കുന്നതാണ് അമേരിക്കയുടെ നയം. ടെക്സ്‌റ്റൈൽ, മരുന്നുനിർമാണം, തുകൽ ആഭരണങ്ങൾ, വിലപിടിപ്പുള്ള കല്ലുകൾ എന്നിവയ്ക്കുള്ള ഉയർന്ന തീരുവ വലിയ ആഘാതമാകും.
അമേരിക്കൻ തെരഞ്ഞെടുപ്പിൽ ട്രംപിനെ വിജയിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തുണ്ടായിരുന്നു. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കാൽക്കീഴിൽനിന്ന് അവരുടെ ജൂനിയർ പങ്കാളിയാവുന്നതിനാലാണ് ട്രംപിന്റെ നയത്തിനെതിരെ ശക്തമായി പ്രതികരിക്കാൻ ഇന്ത്യയ്‌ക്ക് കഴിയാത്തത്. അമേരിക്ക ഏറ്റവും കൂടുതൽ തീരുവ ചുമത്തുന്ന രാജ്യമായിരിക്കുകയാണ് ഇന്ത്യ. പാകിസ്ഥാനുള്ള ചുങ്കം 19 ശതമാനം മാത്രമാണ്.
കഴിഞ്ഞ സാമ്പത്തികവർഷം ഇന്ത്യയും അമേരിക്കയുമായുള്ള വ്യാപാരം 11.47 ലക്ഷം കോടിയുടേതായിരുന്നു. അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 7.53 ലക്ഷം കോടിയുടേതാണ്. ഇതിനാണ് വലിയ തിരിച്ചടിയുണ്ടാകുന്നത്. റഷ്യയിൽനിന്നുള്ള ഇറക്കുമതിയുടെ പേരുപറഞ്ഞാണ് ഇന്ത്യയ്ക്ക് അധിക തീരുവ പ്രഖ്യാപിച്ചത്. എന്നാൽ അമേരിക്ക റഷ്യയിൽനിന്ന് യുറേനിയവും വളവും ഇറക്കുമതി ചെയ്യുന്നു. ചൈനയ്ക്ക് ഉയർന്ന തീരുവ ഏർപ്പെടുത്തി വളഞ്ഞിട്ടുപിടിക്കാനുള്ള അമേരിക്കൻ തന്ത്രത്തിനൊപ്പംനിന്നതിനുള്ള തിരിച്ചടികൂടിയാണിപ്പോൾ ഇന്ത്യ നേരിടുന്നതെന്നും- എം വി ഗോവിന്ദൻ പറഞ്ഞു.
കൂടുതൽ ഉപരോധമെന്ന് ഭീഷണി
ഇന്ത്യക്കുമേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. റഷ്യയിൽനിന്ന് അംസ്‌കൃത എണ്ണ വാങ്ങുന്നത് തുടർന്നാൽ ഇന്ത്യക്ക് മേല്‍ കൂടുതല്‍ ദ്വിതീയ ഉപരോധം ചുമത്തുമെന്നാണ് ഭീഷണി. ചൈനയെപ്പോലുള്ള രാജ്യങ്ങളും റഷ്യന്‍ എണ്ണ വാങ്ങുമ്പോള്‍ ഇന്ത്യയെ മാത്രം എന്തിന് ലക്ഷ്യമിടുന്നു എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഇനിയും നിരവധി ദ്വിതീയ ഉപരോധങ്ങള്‍ നിങ്ങള്‍ കാണും’ എന്നായിരുന്നു ട്രംപിന്റെ മറുപടി.

കംപ്യൂട്ടർ ചിപ്പുകൾക്ക് നൂറുശതമാനം തീരുവ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന കംപ്യൂട്ടർ ചിപ്പുകൾക്കും സെമി കണ്ടക്‌ടറുകൾക്കും നൂറ് ശതമാനം തീരുവ ചുമത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയ്ക്ക് കനത്ത ആഘാതമേല്‍പ്പിക്കുന്നതാണ് ഈ നിലപാട്. ഓവൽ ഓഫീസിൽ ആപ്പിൾ സിഇഒ ടിം കുക്കുമായി കൂടിക്കാഴ്‌ച നടത്തിയശേഷമാണ് ട്രംപിന്റെ പ്രഖ്യാപനം.അമേരിക്കയില്‍തന്നെ സെമികണ്ടക്ടറുകളും ചിപ്പുകളും നിര്‍മിക്കുന്ന കമ്പനികള്‍ക്ക് ഇളവ് നല്‍കുമെന്നും ട്രംപ് പ്രഖ്യാപിച്ചു.
25 ശതമാനം തീരുവ നിലവിൽ വന്നു
ഇന്ത്യയിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ചുമത്തിയ 25 ശതമാനം തീരുവ നിലവിൽവന്നു. യൂറോപ്യൻ യൂണിയൻ അടക്കം 69 വ്യാപാര പങ്കാളികളുടെ പുതുക്കിയ തീരുവ നിരക്കാണ് വ്യാഴാഴ്‌ച നിലവിൽ വന്നത്. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ ബുധനാഴ്‌ച ഇന്ത്യക്കുമേൽ പ്രഖ്യാപിച്ച 25 ശതമാനം അധിക തീരുവ 27ന് നിലവിൽ വരും.
നിലവിൽ ഇന്ത്യക്കും ബ്രസീലിനുമാണ് ഏറ്റവും ഉയർന്ന തീരുവ-. 50 ശതമാനം. സിറിയക്ക് 41 ശതമാനവും മ്യാൻമറിനും ലാവോസിനും 40 ശതമാനം വീതവും ചൈനയ്‌ക്ക് 30 ശതമാനവും ബംഗ്ലാദേശിനും ശ്രീലങ്കയ്‌ക്കും 20 ശതമാനം വീതവും പാകിസ്ഥാന് 19 ശതമാനവുമാണ് ഇറക്കുമതിത്തീരുവ.
കേന്ദ്രം യുഎസ് സമ്മർദത്തിന് വഴങ്ങരുത് : പിബി
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം അധികതീരുവ ഏർപ്പെടുത്തിയ അമേരിക്കൻ നടപടിയെ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അപലപിച്ചു. അമേരിക്കയുടെ സമ്മർദതന്ത്രത്തിന് വഴങ്ങാതെ ഉറച്ച നിലപാടെടുക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം. കയറ്റുമതി മേഖലയുടെ താൽപ്പര്യം സംരക്ഷിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണം. ഇന്ത്യയുടെ സാമ്പത്തിക പരമാധികാരം സംരക്ഷിക്കാനും അമേരിക്കയുടെ ഭീഷണിപ്പെടുത്തലിനെതിരായും അടിയന്തരമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ എല്ലാ പാർടി ഘടകങ്ങളോടും പിബി ആഹ്വാനം ചെയ്‌തു.
ഏകപക്ഷീയവും ധിക്കാരപരവുമായ അമേരിക്കൻ നടപടി അവരുടെ ഭീഷണിപ്പെടുത്തൽ തന്ത്രത്തിന്റെ പ്രതിഫലനമാണ്. വ്യാപാര ചർച്ചയിൽ യുഎസ് ആവശ്യങ്ങൾ അംഗീകരിച്ചില്ലെന്ന് പറഞ്ഞ് 25 ശതമാനം അധിക തീരുവ ട്രംപ് ആദ്യംതന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെയാണ് റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നതിന്റെ പേരിൽ 25 ശതമാനം അധികതീരുവ കൂടി പ്രഖ്യാപിച്ചത്.
റഷ്യയുമായുള്ള വ്യാപാരബന്ധം തുടരുന്നതിന്റെ പേരിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ ദ്രോഹിക്കാനാണ് അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയും ശ്രമം. എന്നാൽ യുഎസും ഇയുവും റഷ്യയുമായി ഇപ്പോഴും വ്യാപാരത്തിൽ ഏർപ്പെടുന്നുണ്ട്–- പിബി പ്രസ്താവനയിൽ പറഞ്ഞു.









0 comments