സ്വപ്‌നപാത പൂർത്തിയാക്കി 
ഊരാളുങ്കൽ മടങ്ങുന്നു

uralungal

സംസ്ഥാനത്തെ ദേശീയപാത വികസനത്തിന്റെ ആദ്യ റീച്ചിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റി നിർമിച്ച, കാസർകോട്‌ നഗരത്തിലെ ഒറ്റത്തൂൺ മേൽപ്പാലം

avatar
പി പി സതീഷ്‌കുമാർ

Published on May 10, 2025, 01:30 AM | 1 min read


കാസർകോട്‌

ദേശീയപാത വികസനത്തിന്റെ ആദ്യ റീച്ച്‌ അതിവേഗം പൂർത്തിയാക്കി കേരളത്തിന്റെ സഹകരണമുദ്രയായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റി തലയുയർത്തി മടങ്ങുന്നു. മഞ്ചേശ്വരം തലപ്പാടി മുതൽ ചെർക്കള വരെ 39 കിലോമീറ്ററുള്ള ആറുവരി ദേശീയപാതയുടെ നിർമിതിയാണ്‌ 96.5 ശതമാനം പൂർത്തിയാക്കിയത്‌. ശതാബ്ദി വർഷത്തിൽ ചരിത്രത്തിലെതന്നെ ഏറ്റവും വലിയ പ്രവൃത്തി അന്താരാഷ്ട്ര മികവോടെ പൂർത്തിയാക്കിയാണ്‌ മടക്കം.


കേരളത്തിൽ ഇരുപത്‌ റീച്ചുകളിലായി പുരോഗമിക്കുന്ന ദേശീയപാത വികസനത്തിൽ 25 ശതമാനം തുക സംസ്ഥാന സർക്കാരാണ്‌ ചെലവഴിക്കുന്നത്‌. ദേശീയപാത 66ൽ ആദ്യ റീച്ച്‌ പൂർത്തിയാക്കിയ കരാറുകാർ ഊരാളുങ്കലാണ്‌. 1,800 കോടിയുടെ പദ്ധതിയിൽ ഇരുവശത്തും സൂചനാബോർഡുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയും മേൽപ്പാലത്തിന്‌ അടിയിലെ സർവീസ്‌ റോഡുകളുടെ ടാറിങ്ങുമാണ്‌ ശേഷിക്കുന്നത്‌. ഇത്‌ മെയ്‌ 31നുമുമ്പ്‌ പൂർത്തിയാക്കും.


അഞ്ഞൂറിലധികം വൻകിട യന്ത്രസാമഗ്രികൾക്കൊപ്പം 2500 തൊഴിലാളികളും നിർമാണത്തിനായി രാപകൽ പ്രവർത്തിച്ചു. കുത്തക കമ്പനികളായ അദാനി, മേഘ, കെഎൻആർ, കെഎംസി തുടങ്ങിയവക്കൊപ്പമാണ്‌ ഊരാളുങ്കലിനും കരാർ ലഭിച്ചത്‌. 2021 ഡിസംബറിൽ പ്രവൃത്തി ആരംഭിച്ചു. ഡിസൈനിങ്ങിലെ മാറ്റങ്ങളും അധിക പ്രവൃത്തികളും ഉൾപ്പെടെയുള്ള പ്രതിബന്ധം മറികടന്ന്‌ ദേശീയപാത വികസന അതോറിറ്റി നിശ്‌ചയിച്ച 2025 ജൂൺ 30നുമുമ്പ്‌ ഊരാളുങ്കലിന്‌ പ്രവൃത്തി പൂർത്തിയാക്കാനായി. ദേശീയപാതയുടെ ഇരുഭാഗത്തും 35 കിലോമീറ്റർ വീതം 70 കിലോമീറ്ററുള്ള സർവീസ്‌ റോഡിന്റെ പണി പൂർത്തിയാക്കി നേരത്തെ ഗതാഗതം തുടങ്ങിയിരുന്നു. ഇരുഭാഗത്തുമായി 78 കിലോമീറ്റർ ഓവുചാലും 60 കിലോമീറ്ററിൽ സംരക്ഷണഭിത്തിയുമുണ്ട്‌. 22 അടിപ്പാതകളുമുണ്ട്‌. രാജ്യത്തെ ഏറ്റവും ഉയരവും വീതിയുമുള്ള ഒറ്റത്തൂൺ മേൽപ്പാലമാണ്‌ കാസർകോട്‌ നഗരത്തിലേത്‌. 27 മീറ്റർ വീതിയും 1.12 കിലോമീറ്റർ ദൈർഘ്യവുമുണ്ട്‌. 30 ഒറ്റത്തൂണുകളാണുള്ളത്‌. ആകെ 27 സ്‌പാനുകൾ.


സ്ഥലമേറ്റെടുപ്പിനായി തുറന്ന ഓഫീസുപോലും ഉമ്മൻചാണ്ടി സർക്കാർ പൂട്ടിയ സമയത്താണ്‌ എൽഡിഎഫ്‌ സർക്കാർ ദേശീയപാത വികസനം യാഥാർഥ്യമാക്കിയത്‌. സ്ഥലവില കൂടിയതിനാൽ 25 ശതമാനം സർക്കാർ വഹിച്ചു. സ്ഥലമെടുപ്പിനായി 5,580 കോടി രൂപ ദേശീയപാത അതോറിറ്റിക്ക് കേരളം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Home