കേന്ദ്ര ബജറ്റ്: കേരളത്തിന് ഇക്കുറിയും എയിംസ് ഇല്ല

കോഴിക്കോട്: ഭൂമിയടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളെല്ലാം സജ്ജമാക്കിയിട്ടും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്(എയിംസ്) അനുവദിക്കാതെ കേന്ദ്രം കേരളത്തോടുള്ള അവഗണന തുടരുന്നു. ‘എയിംസ് വരും മറ്റേ മോനേ’യെന്ന് വിവാദ പരാമർശം നടത്തിയ കേന്ദ്ര മന്ത്രിയടക്കമുള്ളവർക്ക് സംസ്ഥാനത്തോടുള്ള അവഗണനയിൽ മിണ്ടാട്ടമില്ല.
എയിംസ് കേരളത്തിൽ അനുവദിക്കണമെന്ന് യുപിഎ സർക്കാരിന്റെ കാലം മുതലുള്ള കേരളത്തിന്റെ ആവശ്യമാണ്. അനുവദിക്കുമെന്ന് 2014ൽ അരുൺ ജെയ്റ്റ്‌ലി ലോക്‌സഭയിൽ പ്രഖ്യാപിച്ചിരുന്നു. വർഷം 11 കഴിഞ്ഞിട്ടും പ്രഖ്യാപനം യാഥാർഥ്യമായില്ല.
2016ൽ അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ കിനാലൂരിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ കെഎസ്‌ഐഡിസിയുടെ കൈവശമുണ്ടായിരുന്ന 150 ഏക്കർ ഭൂമി ഏറ്റെടുത്ത് എയിംസിനായി ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന് കൈമാറി . മലയോര ഹൈവേയിൽ നിന്ന് ആറ് കിലോമീറ്ററും ദേശീയപാത 766ൽ നിന്ന് 25 കിലോമീറ്ററും ദേശീയ പാത 66ൽ നിന്ന് 23 കിലോമീറ്ററും സഞ്ചരിച്ചാൽ ഇൗ പ്രദേശത്ത് എത്താനാകും. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 31 കിലോമീറ്ററും കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നിന്ന് 23 കിലോമീറ്ററും കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 50 കിലോമീറ്റർ മാത്രം അകലമുള്ള പ്രദേശമാണിത്. ഭൂമിയുടെ സാമൂഹികാഘാത പഠനമടക്കം പൂർത്തിയാക്കി.
എയിംസിന് സർക്കാർ ഭൂമി വിട്ടുനൽകിയില്ലെന്ന വ്യാജപ്രചാരണം ബിജെപി കേന്ദ്രങ്ങൾ വ്യാപകമായി നടത്തിയിരുന്നു. കോഴിക്കോട് സ്ഥലം ഏറ്റെടുപ്പ് പൂർത്തിയാക്കിയ ശേഷവും പദ്ധതി നടപ്പാക്കാതിരിക്കാനുള്ള ശ്രമമാണ് ബിജെപിയുടെയും സുരേഷ് ഗോപിയടക്കമുള്ള മന്ത്രിമാരുടെയും നേതൃത്വത്തിൽ നടന്നത്. തൃശൂരോ ആലപ്പുഴയിലോ തിരുവനന്തപുരത്തോ എയിംസ് വരുമെന്ന വ്യാപക പ്രചാരണം കേന്ദ്രമന്ത്രിയുടെ തന്നെ നേതൃത്വത്തിൽ നടത്തിയിരുന്നു.
എന്താണ് എയിംസ്
മെഡിക്കൽ വിദ്യാഭ്യാസം, ഗവേഷണം, ഉയർന്ന നിലവാരമുള്ള രോഗീപരിചരണം എന്നിവ ഉറപ്പാക്കുന്ന രാജ്യത്തെ ഉന്നത സ്ഥാപനമാണ് ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്. ഏറ്റവും മികച്ച ഡോക്ടർമാരും ചികിത്സയും ലഭിക്കും. അതിന്റെ ഓഫ് ക്യാംപസ് ആയാണ് എയിംസ് പ്രവർത്തിക്കുക.










0 comments