print edition ആര്യാടന്റെ പാതയിൽ സണ്ണിയും: അന്നും ഇന്നും ഇരുട്ടിലാക്കുന്ന ‘ഇന്ദിരാകട്ട്’

തിരുവനന്തപുരം: ‘സംസ്ഥാനത്ത് രാവിലെയും വൈകിട്ടും പീക്‌ലോഡ് സമയത്ത് അരമണിക്കൂർവീതം ലോഡ്ഷെഡിങ് ഏർപ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചു’– 2012 സെപ്‌തംബർ 27ലെ പത്രവാർത്തയാണിത്. യുഡിഎഫ് ഭരണം. ഉമ്മൻചാണ്ടി മുഖ്യമന്ത്രി .ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രി. 14 വർഷം കഴിഞ്ഞപ്പോൾ വീണ്ടും ഇതേ സ്ഥിതി. വി ഡി സതീശൻ മുഖ്യമന്ത്രിയും സണ്ണി ജോസഫ് വൈദ്യുതി മന്ത്രിയും ആയെന്ന് മാത്രമാണ് വ്യത്യാസം. അന്നും ഇന്നും യുഡിഎഫ-ിന് ഒരേനയം. നാടിനെ ഇരുട്ടിലാക്കി ജനങ്ങളെ ദുരിതത്തിലാക്കുക.
ഒരു ആസൂത്രണവും നടത്താതെ വൈകിട്ട് ആറിനും രാത്രി 12നും ഇടയിൽ തോന്നുംപോലെ നടത്തുന്ന പവർക്കട്ടിനെ ജനങ്ങൾ ‘ഇന്ദിരാകട്ട്’ എന്നാണ് പരിഹസിക്കുന്നത്. ആദ്യത്തെ അപ്രഖ്യാപിത കട്ട് ജൂൺ 17ന് ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. മഴക്കുറവും വൈദ്യുതി ലഭ്യതയില്ലായ്‌മയുമാണ് കാരണമായി പറയുന്നത്. കഴിഞ്ഞ 10 വർഷം ഇതേ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നിട്ടും എങ്ങനെ പവർക്കട്ടില്ലാതെ കേരളം മുന്നോട്ടുപോയെന്നതിനുമാത്രം സതീശനും കൂട്ടർക്കും മറുപടിയില്ല.
ഡാമുകളിൽ 43 ശതമാനം വെള്ളം മാത്രമാണെന്നും പ്രതിസന്ധിയുണ്ടാകുമെന്നും 2012 സെപ്‌തംബറിൽ മുന്നറിയിപ്പുണ്ടായിട്ടും അന്നത്തെ യുഡിഎഫ് സർക്കാർ ഒന്നുംചെയ്‌തില്ല. ഇപ്പോൾ എൽനിനോ പ്രതിഭാസം ഉണ്ടാകുമെന്ന് മുൻകൂട്ടി അറിഞ്ഞിട്ടും യുഡിഎഫ് സർക്കാരും അനങ്ങിയില്ല. മഴ പെയ്യാൻ പ്രാർഥിക്കാനാണ് ജനങ്ങളോട് വൈദ്യുതി മന്ത്രി പറയുന്നത്.










0 comments