യൂണിഫോമിന് കൈത്തറിത്തുണിയില്ല

ബിജോ ടോമി
Published on Jun 12, 2026, 01:43 AM | 1 min read
തിരുവനന്തപുരം
: സ്‌കൂളുകളിലെ കൈത്തറി യൂണിഫോം തുണി വിതരണത്തിൽ വ്യാപക പരാതി ഉയരുന്നു. യൂണിഫോമിനുള്ള തുണി ലഭിക്കാത്തത് സംബന്ധിച്ച രക്ഷിതാക്കളുടെ ചോദ്യത്തിനുമുന്നിൽ മറുപടിയില്ലാതെ കുഴങ്ങുകയാണ് പ്രധാനാധ്യാപകർ.
ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് സൗജന്യമായി യൂണിഫോം ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിൽ സർക്കാർ എൽപി, യുപി സ്‌കൂളുകളിലും എയ്‌ഡഡ് എൽപി സ്‌കൂളുകളിലും യൂണിഫോമിനായുള്ള കൈത്തറിത്തുണി നേരിട്ടുനൽകും.
മറ്റു സ്‌കൂളുകളിൽ തുണിക്കുപകരം 600 രൂപ അലവൻസ് ആണ് നൽകുക.
ഇൗ വർഷം ജനുവരിയിൽത്തന്നെ യൂണിഫോമിനുള്ള തുണിയുടെ അളവും കളർകോഡും ഗൂഗിൾ ഷീറ്റ് വഴി പ്രധാനാധ്യാപകരിൽനിന്ന് ശേഖരിച്ചിരുന്നു. എന്നാൽ വിതരണ കേന്ദ്രത്തിൽനിന്ന് ആവശ്യത്തിന് തുണി എത്തിയില്ല. പരാതികൾ ഉയർന്നിട്ടും ഇവ തിരിച്ചെടുക്കാനോ പരിഹാരം കാണാനോ വ്യക്‌തമായ നിർദേശം പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയിട്ടില്ല.
ഒരു വിദ്യാഭ്യാസ ഉപജില്ലയിൽ ഒരു വിതരണകേന്ദ്രമാണ് ഉള്ളത്.
അലവൻസ് ലഭിക്കുന്ന സ്‌കൂളുകൾ മൊത്തമായി ഒരിടത്തുനിന്ന് തുണി വാങ്ങുകയും സർക്കാർ പണം അനുവദിക്കുന്ന മുറയ്‌ക്ക് ഇവർക്ക് കൈമാറുകയുമാണ് ചെയ്യുന്നത്. ചില സ്‌കൂളുകൾ വിദ്യാർഥികൾക്ക് അക്കൗണ്ടിലോ നേരിട്ടോ പണം നൽകും.









0 comments