ad
Deshabhimani

സമസ്ത ഉപാധ്യക്ഷൻ യു എം അബ്ദുറഹ്മാൻ മൗലവി അന്തരിച്ചു

u m abdurahman
വെബ് ഡെസ്ക്

Published on Jan 12, 2026, 11:39 AM | 2 min read

കാസർകോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനും ചട്ടഞ്ചൽ മലബാർ ഇസ്ലാമിക് കോംപ്ലക്സ് ജനറൽ സെക്രട്ടറിയുമായ യു എം അബ്ദുറഹ്മാൻ മൗലവി (86) അന്തരിച്ചു. മൊഗ്രാൽ കടവത്ത് ദാറുസ്സലാമിലായിരുന്നു താമസം. ഒരാഴ്ചയോളമായി കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ, ആരോഗ്യനില മെച്ചപ്പെടാത്തതിനെ തുടർന്ന് ശനിയാഴ്ച വസതിയിലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ച രാവിലെ 9.15 ഓടെയായിരുന്നു അന്ത്യം.


1939 നവംബർ രണ്ടിന് അബ്ദുൽഖാദിറിന്റെയും ഖദീജയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം മതപഠന രംഗത്ത് സജീവമായി. മംഗളൂരു പറങ്കിപേട്ട ജുമാമസ്ജിദ്, മംഗളൂരു അസ്ഹരിയ്യ കോളജ്, കരുവൻതിരുത്തി, പടന്ന ജുമാമസ്ജിദ്, കൊണ്ടോട്ടി പഴയങ്ങാടി ജുമാമസ്ജിദ്, വെല്ലൂർ ബാഖിയാത്തുസ്വാലിഹാത്ത് എന്നിവിടങ്ങളിലായിരുന്നു പഠനം. 1963-64 കാലഘട്ടത്തിൽ മൗലവി ഫാളിൽ ബാഖവി ബിരുദം നേടി. മൊഗ്രാൽ അബ്ദുറഹ്മാൻ മുസ്‌ലിയാർ, കുറ്റിപ്പുറം അബ്ദുൽഹസൻ, കെ അബ്ദുല്ല മുസ്‌ലിയാർ, വെളിമുക്ക് കെ ടി മുഹമ്മദ് കുട്ടി മുസ്‌ലിയാർ, ചാലിയം പി അബ്ദുറഹ്മാൻ മുസ്‌ലിയാർ, എം എം ബഷീർ മുസ്‌ലിയാർ, ശൈഖ് ഹസൻ ഹസ്രത്ത്, അബൂബക്കർ ഹസ്രത്ത്, കെ കെ ഹസ്രത്ത്, മുസ്തഫ ആലിം എന്നിവർ പ്രധാന ഗുരുനാഥന്മാരാണ്.


1992-ലാണ് അദ്ദേഹം സമസ്ത കേന്ദ്ര മുശാവറ അംഗമായത്. 1991 മുതൽ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് അംഗം, സമസ്ത കാസർകോട് ജില്ലാ മുശാവറ അംഗം, എസ് വൈ എസ് സംസ്ഥാന കൗൺസിൽ അംഗം, സമസ്ത കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി, എസ്എംഎഫ് മഞ്ചേശ്വരം മണ്ഡലം ചെയർമാൻ, 1974 മുതൽ സമസ്ത കാസർകോട് താലൂക്ക് ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ ബദിയടുക്ക കണ്ണിയത്ത് അക്കാദമി പ്രസിഡന്റ്, ചെമ്മാട് ദാറുൽ ഇസ്ലാമിക് സർവകലാശാല സെനറ്റ് അംഗം, നീലേശ്വരം മർക്കസുദ്ദഅ്‌വ വൈസ് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചു വരികയായിരുന്നു. കുമ്പള, ഇച്ചിലങ്കോട്, മൊഗ്രാൽ, തൃക്കരിപ്പൂർ ബീരിച്ചേരി, പുതിയങ്ങാടി, കളനാട് ഹൈദ്രോസ് ജുമാമസ്ജിദ്, വൾവക്കാട് എന്നിവിടങ്ങളിൽ ദർസ് നടത്തിയിട്ടുണ്ട്.


പരേതയായ മറിയം, സകിയ്യ എന്നിവരാണ് ഭാര്യമാർ. മക്കൾ: മുഹമ്മദലി ശിഹാബ്, ഫള്‌ലുറഹ്മാൻ, നൂറുൽ അമീൻ, അബ്ദുല്ല ഇർഫാൻ, ഷഹീറലി ശിഹാബ് (എല്ലാവരും ഗൾഫ്), ഖദീജ, മറിയം ഷാഹിന (നാലാം മൈൽ). പരേതരായ മുഹമ്മദ് മുജീബ് റഹ്മാൻ, ആയിശത്തു ഷാഹിദ (ചേരൂർ) എന്നിവരും മക്കളാണ്.


മരുമക്കൾ: യു കെ മൊയ്തീൻ കുട്ടി മൗലവി (മൊഗ്രാൽ), സി എ അബ്ദുൽഖാദർ ഹാജി (സൗദി), ഇ അഹമ്മദ് ഹാജി (ചേരൂർ), ഖദീജ (ആലംപാടി), മിസ്‌രിയ്യ (കൊടിയമ്മ), സഫീന (തളങ്കര), മിസ്‌രിയ്യ (പേരാൽ കണ്ണൂർ), ജാസിറ (മുട്ടത്തൊടി), ജുമാന (മൊഗ്രാൽ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home