പകൽ പുറത്തിറങ്ങുമ്പോൾ ജാഗ്രത വേണം; വിവിധ ജില്ലകളില്‍ അൾട്രാവയലറ്റ് മുന്നറിയിപ്പ്

എ ഐ പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടിനൊപ്പം അൾട്രാവയലറ്റ് (യുവി) തരംഗങ്ങളുടെ സൂചിക ഉയരുന്നു. കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് അഞ്ചിടത്താണ്.
കോന്നി(പത്തനംതിട്ട), ചെങ്ങന്നൂർ(ആലപ്പുഴ), ചങ്ങനാശ്ശേരി(കോട്ടയം), മൂന്നാർ(ഇടുക്കി), തൃത്താല(പാലക്കാട്) എന്നിവിടങ്ങളിലാണ് അതീവ ജാഗ്രത നിർദേശത്തിന്റെ ഭാഗമായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഇത് പ്രകാരം ജനങ്ങൾ ഗൗരവകരമായ മുൻകരുതലുകൾ സ്വീകരിക്കേണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അള്‍ട്രാ വയലറ്റ് സൂചിക അനുസരിച്ച് എട്ടു മുതല്‍ പത്തുവരെയാണ് ഓറഞ്ച് അലര്‍ട്ടിന്റെ പരിധിയില്‍ വരുന്നത്.
കൊട്ടാരക്കര(കൊല്ലം), കളമശ്ശേരി(എറണാകുളം), ഒല്ലൂർ(തൃശ്ശൂർ), പൊന്നാനി(മലപ്പുറം), ബേപ്പൂർ(കോഴിക്കോട്), മാനന്തവാടി(വയനാട്) എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. സൂര്യരശ്മികൾ തുടർച്ചയായി ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.
പൊതുജനങ്ങൾക്കുള്ള ജാഗ്രതാ നിർദേശങ്ങൾ
പകൽ 10 മുതൽ 3 വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.
പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.
പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.
യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.
മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖല പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ യുവി സൂചിക ഉയർന്നതായിരിക്കും. ആയതിനാൽ ഇവിങ്ങളിൽ താമസിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം.









0 comments