print edition ഓർമകളിൽ ജ്വലിക്കും ഉൗരാളുങ്കലിന്റെ ജീവനാഡി

രമേശൻ പാലേരി അനുശോചന യോഗത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ സംസാരിക്കുന്നു
കോഴിക്കോട്: മടപ്പള്ളിക്കടുത്ത് നാദാപുരം റോഡിലെ കൂലിവേലക്കാരുടെ സംഘത്തെ ആഗോള പ്രശസ്‌തമാക്കിയ നേതൃവൈഭവം ഇനി ഓർമകളിൽ ജ്വലിക്കും. ആധുനികവൽക്കരണത്തിലൂടെയും വൈവിധ്യവൽക്കരണത്തിലൂടെയും സഹകരണമേഖലക്ക് അത്ഭുതങ്ങൾ കാട്ടാമെന്ന് തെളിയിച്ച പ്രതിഭയുടെ വേർപാട് നാടിന് നൊന്പരമായി. ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപറേറ്റീവ് സൈാസൈറ്റി ചെയർമാൻ രമേശൻ പാലേരിയെന്ന വികസന നായകൻ വിടചൊല്ലിയത് സ്വപ്‌ന നേട്ടങ്ങൾ സമ്മാനിച്ചാണ്.
ഗൾഫ് ജോലിക്കായി യാത്രതിരിച്ച രമേശൻ നിയോഗമായി ഉൗരാളുങ്കലിലെത്തുകയായിരുന്നു. ഉൗരാളുങ്കലിന്റെ പ്രസിഡന്റായിരുന്ന അച്ഛൻ പാലേരി കണാരൻ മാസ്റ്ററുടെ മരണത്തെ തുടർന്ന് ഗൾഫ് യാത്ര മുംബൈയിൽ മുടങ്ങി. പിന്നീട് ഡയറക്ടർമാരുടെ നിർബന്ധത്താൽ ഓവർസിയറായി 1985ൽ ഉൗരാളുങ്കലിൽ ജോലിക്ക് കയറി. 1990ൽ പ്രസിഡന്റായി. വേലികെട്ടൽ, ചെറിയ മതിൽ നിർമിക്കൽ, കിണർ കുഴിക്കൽ, നൂറോളം തൊഴിലാളികൾ–ഇതായിരുന്നു അന്ന് ഉൗരാളുങ്കൽ.
പിന്നീട് മലപ്പുറത്തും കണ്ണൂരിലുമായി പാലങ്ങൾ, റോഡുകൾ എന്നിവ ഏറ്റെടുത്ത് വളർച്ചക്ക് തുടക്കമിട്ടു. ഒടുവിൽ അദാനിയെന്ന കോർപറേറ്റിനോടടക്കം മത്സരിച്ച് ദേശീയപാത നിർമാണ കരാർ നേടുന്ന മഹാസ്ഥാപനമാക്കി വളർത്തി. ഐടി പാർക്ക് ഭാവനകളിൽ മാത്രമുള്ള കാലത്ത് കോഴിക്കോട് തൊണ്ടയാട് സഹകരണ സൈബർ പാർക്ക് ആരംഭിച്ചു. പാലവും റോഡും നിർമിക്കുന്ന സംഘം ഐടി പാർക്ക് സ്ഥാപിച്ചതും സ്വന്തം ഐടി കന്പനിയുണ്ടാക്കിയതും ലോകം ശ്രദ്ധിച്ച സഹകരണ വിസ്‌മയമായിരുന്നു.
പ്രവർത്തനമികവിന് ഐക്യരാഷ്ട്രസഭയുടെ വികസന പദ്ധതി വിഭാഗത്തിന്റെ ബഹുമതി, ഇന്റർനാഷണൽ കോ ഓപ്പറേറ്റീവ് അലയൻസിൽ അംഗത്വമുള്ള ഇന്ത്യൻ സംഘം... ആഗോള അംഗീകാരങ്ങളിലേക്ക് യുഎൽസിസിഎസ് കുതിച്ചു. കൃത്യനിഷ്‌ഠയും പ്രവർത്തനമികവുമായി പാലവും കെട്ടിടങ്ങളും കടന്ന് കൃഷി, പാർപ്പിടം, വിനോദസഞ്ചാരം മുതൽ വൃദ്ധർക്കും ഭിന്നശേഷിക്കാർക്കും പരിചരണം നൽകുന്നതിനുള്ള മഹാപ്രസ്ഥാനമായി ഉൗരാളുങ്കൽ പടർന്നു. ക്രിയാത്മക മാനേജ്‌മെന്റായി എല്ലാവരും വാഴ്‌ത്തിയപ്പോഴും എല്ലാം തൊഴിലാളികളിൽ അർപ്പിച്ച് നിശ്ശബ്ദനും സൗമ്യനുമായി മാറിനിന്നുവെന്നതാണ് രമേശന്റെ വ്യക്തിവൈശിഷ്‌ട്യം.
ദിവസവും ഉൗരാളുങ്കൽ സംഘത്തിലെത്തുന്നതായിരുന്നു മുപ്പത് വർഷമായി പതിവ്. ആരോഗ്യപ്രശ്‌നത്താൽ കഴിഞ്ഞ നാലുമാസമായി അത് മുടങ്ങി. അദാനിയുടെ കന്പനിയടക്കം നിർമാണത്തിൽ ഇഴയുന്പോഴാണ് സൂപ്പർവേഗത്തിൽ കാസർകോട് ദേശീയപാത യുഎൽസിസിഎസ് പൂർത്തിയാക്കിയത്. ഇൗ സന്തോഷത്തിലായിരുന്നു അദ്ദേഹം ആശുപത്രിയിലേക്ക് പോയത്.
സംസ്ഥാന സർക്കാർ കഴിഞ്ഞാൽ ഏറ്റവുമധികം തൊഴിലവസരമൊരുക്കുന്ന സ്ഥാപനമായി ഉൗരാളുങ്കൽപ്പെരുമ ഇന്നുയർന്നു. അച്ഛനെയും അച്ഛച്ഛനേയും പറയിപ്പിക്കരുത്, നാട്ടുകാർ മോശം പറയരുത്... ഇതേ ഞാനെന്നും ചിന്തിച്ചിട്ടുള്ളു. ദീർഘകാലം സൊസൈറ്റിയെ നയിച്ച പാലേരി കണാരൻ മാസ്റ്ററുടെ മകനും ചന്തമ്മന്റെ ചെറുമകനുമായ രമേശൻ പറയാറുണ്ടായിരുന്നത് ഇങ്ങനെയായിരുന്നു. ജീവിതാവസാനംവരെ കറപുരളാത്ത ജീവിതവിശുദ്ധിയുമായി അതദ്ദേഹം സംരക്ഷിച്ചു.
വികാരതീവ്രതയോടെ വിട
ഒഞ്ചിയം: ഉൗരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിക്ക് നാട് കണ്ണീരോടെ വിടയേകി. ഉൗരാളുങ്കൽ സൊസൈറ്റിയിലൂടെ തങ്ങളുടെ ജീവിതത്തിന് പുതുശോഭ പകർന്ന സാരഥിക്ക് വികാര തീവ്രമായാണ് തൊഴിലാളികൾ അന്ത്യാഞ്ജലി അർപ്പിച്ചത്. നാടിന്റെ പ്രിയങ്കരന് യാത്രാമൊഴിയുമായി കനത്ത മഴയെ അവഗണിച്ചും നാനാതുറകളിൽനിന്ന് നാദാപുരം റോഡിലെ വീട്ടിലേക്ക് ആയിരങ്ങൾ ഒഴുകിയെത്തി. സർഗാലയ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽനിന്ന് ഭിന്നശേഷിക്കാരുൾപ്പെടെ രമേശൻ പാലേരിയെ അവസാനമായി കാണാനെത്തി. കഴിഞ്ഞദിവസം കോഴിക്കോട്ടും വടകരയിലും മടപ്പള്ളി സ്‌കൂളിലും പൊതുദർശനത്തിനുവച്ചപ്പോഴും നിലയ്ക്കാത്ത ജനസഞ്ചയമായിരുന്നു.
സമർപ്പിതനായ സഹകാരി
മടപ്പള്ളി: സഹകരണ മേഖലയുടെയും തൊഴിലാളികളുടെയും അന്തസ്സും പെരുമയും ലോകത്തോളം വളർത്തിയ സമർപ്പിത ചേതസ്സായ സഹകാരിയാണ് രമേശൻ പാലേരിയെന്ന് സർവകക്ഷി അനുശോചനയോഗം അഭിപ്രായപ്പെട്ടു. യോഗത്തിൽ കെ കെ രമ എംഎൽഎ അധ്യക്ഷയായി. വടകര ബ്ലോക്ക് പഞ്ചായത്ത് അംഗം കെ എം സത്യൻ അനുശോചനപ്രമേയം അവതരിപ്പിച്ചു.
സഹകരണമേഖലക്ക് പുതിയ ദിശാബോധവും വീക്ഷണവും ഊരാളുങ്കൽ സൊസൈറ്റിയിലൂടെ നൽകിയത് രമേശന്റെ നേതൃത്വമാണെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു. ഇന്നത്തെ നിലയിലേക്ക് സൊസൈറ്റി ഉയർന്നുവരാൻ കാരണം അദ്ദേഹം കാട്ടിക്കൊടുത്ത വേറിട്ട വഴികളാണ്. സഹകരണപ്രസ്ഥാനത്തിന് അതികായനായ രക്ഷകർത്താവിനെയും ക്രാന്തദർശിയായ വഴികാട്ടിയെയുമാണ് നഷ്ടമായതെന്ന് സിപിഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി പറഞ്ഞു.
വനിതാ കമീഷൻ ചെയർപേഴ്‌സൺ അഡ്വ. പി സതീദേവി, കേരള ബാങ്ക് പ്രസിഡന്റ് പി മോഹനൻ, ലേബർ ഫെഡ് ചെയർമാൻ എ സി മാത്യു, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ, സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ്, ഒഞ്ചിയം ഏരിയാ സെക്രട്ടറി ടി പി ബിനീഷ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പറമ്പത്ത് പ്രഭാകരൻ, ബിജെപി നോർത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. കെ ദിലീപ് കുമാർ, ആർജെഡി നേതാവ് മനയത്ത് ചന്ദ്രൻ, ആർഎംപിഐ സംസ്ഥാന സെക്രട്ടറി എൻ വേണു, പി സോമശേഖരൻ, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി വി പി ജാഫർ, പി സത്യനാഥൻ, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് ഷെജിന കൊടക്കാട്, വടകര മുനിസിപ്പൽ കൗൺസിലർ അഡ്വ. ലതിക ശ്രീനിവാസൻ, പഞ്ചായത്ത് അംഗങ്ങളായ അനിൽകുമാർ, ബിന്ദു വള്ളിൽ, ആത്മവിദ്യാസംഘം പ്രസിഡന്റ് പി വി കുമാരൻ, ഷംസീർ ചോമ്പാല, യുഎൽസിസിഎസ് വൈസ്-ചെയർമാൻ എം എം സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. എംഡി എസ് ഷാജു സ്വാഗതം പറഞ്ഞു.










0 comments