ഉജ്ജ്വല ബാല്യം പുരസ്‌കാരം: മന്ത്രി വീണാ ജോർജ് വിതരണം ചെയ്യും

തിരുവനന്തപുരം: വ്യത്യസ്ത മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനതലത്തിൽ വനിത ശിശു വികസന വകുപ്പ് നൽകുന്ന ഉജ്ജ്വല ബാല്യം പുരസ്‌കാരം മന്ത്രി വീണാ ജോർജ് വിതരണം ചെയ്യും. ജൂലൈ 19ന് രാവിലെ 10.30ന് തിരുവനന്തപുരം പാളയം പാണക്കാട് ഹാളിൽ വച്ചാണ് പരിപാടി. ചൈൽഡ് ഹെൽപ് ലൈൻ (1098) റീബ്രാന്റിംഗ് സംസ്ഥാനതല ഉദ്ഘാടനവും ബാല സംരക്ഷണ മേഖലയിൽ സംസ്ഥാനം നടത്തിയ മാതൃകാ പ്രവർത്തനങ്ങളെ സംബന്ധിച്ച് യൂണിസെഫ് സഹായത്തോടെ നിർമ്മിച്ച വീഡിയോ പ്രകാശനവും മന്ത്രി നിർവഹിക്കും. കുട്ടികൾക്ക് നേരിട്ട് വിളിച്ച് പരാതി പറയാൻ കഴിയുന്ന രീതിയിൽ ചൈൽഡ് ഹെൽപ് ലൈൻ ബാലസൗഹൃദമാക്കി റീബ്രാന്റിംഗ് ചെയ്യുകയാണ് ലക്ഷ്യമിടുന്നത്.
കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐടി മേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശില്പ നിർമ്മാണം, ധീരത എന്നീ മേഖലകളിൽ മികവ് തെളിയിച്ച കുട്ടികളെയാണ് അവാർഡിന് പരിഗണിച്ചത്. കുട്ടികളെ 6 വയസ് മുതൽ 11 വയസ് വരെ, 12 വയസ് മുതൽ 18 വയസ് വരെ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിച്ച് പൊതു വിഭാഗത്തിനും ഭിന്നശേഷി വിഭാഗത്തിനും പ്രത്യേകം പ്രത്യേകം അവാർഡുകൾ നൽകുന്നു. ഓരോ ജില്ലയിൽ നിന്നും ഈ വിഭാഗത്തിൽപ്പെട്ട ആകെ 4 കുട്ടികളേയാണ് അവാർഡിന് പരിഗണിച്ചത്. 25,000 രൂപയും പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് അവാർഡ്. ജില്ലാതലത്തിൽ കളക്ടർ അധ്യക്ഷനായുള്ള കമ്മിറ്റിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.









0 comments