print edition കൂട്ടുകാരേ, നിങ്ങൾക്ക് ലോകത്തെ മാറ്റാനാകും !

സൈജ എസ്
Published on Nov 12, 2026, 01:42 AM | 2 min read
പ്രിയപ്പെട്ട കൂട്ടുകാരേ,
നിങ്ങളിൽ ആരാണ് ഏറ്റവും വലിയ സ്വപ്നങ്ങൾ കാണുന്നത്? ആരൊക്കെയാണ് ശാസ്ത്രജ്ഞരാകാൻ ആഗ്രഹിക്കുന്നത്? ആരൊക്കെയാണ് അധ്യാപകരാകാൻ ആഗ്രഹിക്കുന്നത്? ആരൊക്കെയാണ് കർഷകരാകാൻ ആഗ്രഹിക്കുന്നത്? ആരാണ് ഈ ലോകത്തെ മാറ്റിമറിക്കാൻ ആഗ്രഹിക്കുന്നത്? പുതിയ ലോകത്തിന്റെ കാവലാളാകാൻ നിരീക്ഷണവും ശ്രദ്ധയും പ്രതികരണശേഷിയും ക്ഷമയും വേണം. അത്തരം കഴിവുകളുള്ള കുട്ടികളുടെ ലോകം കൂടിയാണിത്.
മലാലയും ഗ്രേറ്റയും കോർത്ത ചങ്ങലക്കണ്ണികൾ ഇന്ന് ലിസിപ്രിയ കംഗുജം, റിധിമ പാണ്ഡെ, വിനിഷ ഉമാശങ്കർ തുടങ്ങിയവർ ചേർന്ന് കൂടുതൽ ബലമുള്ളതാക്കിയിട്ടുണ്ട്. ലോകത്തെ മാറ്റാൻ വലിയ പ്രായമോ വലിയ പദവിയോ വേണമെന്നില്ല. പരിസ്ഥിതിക്കുവേണ്ടി ലോകവേദികളിൽ ശബ്ദമുയർത്തിയ ലിസിപ്രിയ കംഗുജത്തെപ്പോലെ, മാറ്റത്തിന്റെ ചെറിയ തുടക്കമാകാൻ ഓരോ കുട്ടിക്കും കഴിയും. ഇപ്പോൾ ഉയരുന്ന നിങ്ങളുടെ കൈകളിലും തിളങ്ങുന്ന കണ്ണുകളിലുമാണ് പുതുലോകത്തിന്റെ പ്രതീക്ഷ.
ഈ ലോകപരിസരം തന്നെയല്ലേ ഏറ്റവും വലിയ പാഠപുസ്തകം! ജാഗ്രതയോടെ കണ്ണുകൾ തുറന്നുപിടിച്ച് അതൊന്ന് വായിച്ചാൽ മാത്രം മതി. ചിലതെല്ലാം തിരിച്ചറിഞ്ഞാൽ മാത്രം പോരാ. അവ മുൻനിർത്തി പ്രവർത്തിക്കാനുമാകണം. ഇതിനൊക്കെയപ്പുറത്തേക്ക് നിങ്ങളുടെ കഴിവുകളെ വളർത്താനും പുതിയ സാധ്യതകൾ പരീക്ഷിക്കാനും അവസരങ്ങളേറെയുണ്ട്. പ്രകൃതിയെ സ്നേഹിച്ചും സഹജീവികളെ ചേർത്തുപിടിച്ചും മുന്നേറണം.
മുതിർന്നവർ വരച്ചുവച്ച ലോകത്തിന്റെ അതിരുകൾക്കപ്പുറം അന്വേഷിച്ചുചെല്ലുമ്പോഴാണ് നാം വ്യത്യസ്തരാകുന്നത്. ചുറ്റുപാടുകളെ വെറുതെ കണ്ടുപോകാതെ നിരീക്ഷിക്കുക. ഒരു ചെറിയ കാഴ്ചയിൽനിന്നുപോലും വലിയൊരു കണ്ടുപിടിത്തം പിറക്കാം. ചോദ്യങ്ങൾ ചോദിക്കൂ, ചിന്തിക്കൂ, പരീക്ഷിക്കൂ. ഒരുപക്ഷേ, അടുത്ത വലിയ കണ്ടുപിടിത്തം നിങ്ങളിലൊരാളുടേതായിരിക്കും! ‘സോളാർ ഇസ്തിരി വണ്ടി'യിലൂടെ ലോകശ്രദ്ധ നേടിയ ചെറിയ വലിയ ശാസ്ത്രജ്ഞ വിനിഷ ഉമാശങ്കർ കാണിച്ചുതന്നതും ഇതുതന്നെയാണ്.
ഓരോ കുട്ടിയും ഓരോ അത്ഭുതമാണെന്ന് കേട്ടിട്ടില്ലേ? ഒരാൾക്ക് പാട്ടിനോടാകും ഇഷ്ടം, മറ്റൊരാൾക്ക് ചിത്രരചനയോട്. ചിലർക്ക് കളിയോട്, ചിലർക്ക് ചോദ്യങ്ങൾ ചോദിക്കാൻ. പുതിയ കാര്യങ്ങൾ കണ്ടെത്താനും നിർമിക്കാനും ഇഷ്ടമുള്ളവരും വേറെ. എല്ലാവരും ഒരുപോലെയാകില്ലല്ലോ. ഒരേ വേഗത്തിൽ പഠിക്കണമെന്നുമില്ല. ഓരോ കുട്ടിക്കും അവരുടേതായ കഴിവുകളും താൽപര്യങ്ങളും സ്വപ്നങ്ങളുമുണ്ട്. അവ തിരിച്ചറിയാനും വളർത്തിയെടുക്കാനും കഴിയണം.
നിങ്ങളുടെ ചിറകുകൾക്ക് ആകാശവും സ്വപ്നങ്ങൾക്ക് നിറവും പകരാൻ ഈ നാടും വീടും വിദ്യാലയങ്ങളുമുണ്ട്. നിങ്ങൾ എപ്പോഴും നിങ്ങളായിത്തന്നെയിരിക്കുക. എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ശിശുദിനാശംസകൾ!








0 comments