ദേശീയ സഹകരണ വാരാഘോഷം ഉപേക്ഷിക്കൽ
print edition കേന്ദ്ര നടപടി പ്രതിഷേധാര്‍ഹം: സിപിഐ എം

തിരുവനന്തപുരം : ദേശീയ സഹകരണ വാരാഘോഷം ഉപേക്ഷിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി സഹകരണ മേഖലയെ തകര്‍ക്കാനാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്‌താവനയില്‍ പറഞ്ഞു. 1905ലാണ് രാജ്യത്തെ സഹകരണ പ്രസ്ഥാനം രൂപീകരിച്ചത്. 1970 മുതല്‍ ദേശീയ സഹകരണ ആഘോഷം ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമായ നവംബര്‍ 14 മുതല്‍ ഒരാഴ്‌ച ആചരിക്കുന്നു.
പരസ്‌പര സഹകരണമാണ് സഹകരണ പ്രസ്ഥാനം രാജ്യത്തിനും ജനങ്ങള്‍ക്കും നല്‍കുന്ന സന്ദേശം. എന്നാല്‍ ഭിന്നിപ്പിക്കാനും കലഹിക്കാനുമാണ് സംഘപരിവാര്‍ ആഹ്വാനം ചെയ്യുന്നത്. സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുന്ന നിയമങ്ങളും നയങ്ങളുമാണ് ബിജെപി സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഭരണഘടന അനുസരിച്ച് സംസ്ഥാന വിഷയമായ സഹകരണം കേന്ദ്രസര്‍ക്കാര്‍ കൈയടക്കി പുതിയ സഹകരണ മന്ത്രാലയം രൂപീകരിച്ച് അമിത്‌ഷായെ സഹകരണ മന്ത്രിയാക്കുകയും ചെയ്‌തു. തുടര്‍ന്നാണ് സാമ്പത്തിക തട്ടിപ്പുകളുടെ കേന്ദ്രമായ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ രൂപീകരിച്ചത്. ബാങ്കിങ് മേഖലയിലെ പല മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളും നിക്ഷേപിച്ച പണംപോലും തിരിച്ചു നല്‍കുന്നില്ല.
കേരളത്തിലെ സഹകരണ മേഖല രാജ്യത്തിന് തന്നെ മാതൃകയാണ്.
രാജ്യത്താകെയുള്ള സഹകരണ ബാങ്കുകളുടെ നിക്ഷേപത്തിന്റെ 70 ശതമാനവും കേരളത്തിലെ ബാങ്കുകളിലാണ്. അത്തരം സ്ഥാപനങ്ങളെ തകര്‍ക്കുന്ന നടപടി അംഗീകരിക്കാനാകില്ല. സംസ്ഥാന സര്‍ക്കാര്‍ ഇത്തരം നിലപാടുകള്‍ക്കെതിരെ പ്രതിഷേധിക്കുന്നുമില്ല. ബിജെപിക്കെതിരെ ഒരു വിമര്‍ശവും ഉന്നയിക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് സര്‍ക്കാര്‍ ഇതിലൂടെ വീണ്ടും വ്യക്തമാക്കുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം സഹകാരികളും ജനങ്ങളും ഉയര്‍ത്തണമെന്ന് സെക്രട്ടറിയറ്റ് പ്രസ്‌താവനയില്‍ പറഞ്ഞു.








0 comments