Deshabhimani

ബെസ്‌ പദ്ധതികളുടെ കമീഷനിങ്‌ നീളുന്നു

print edition കൺവെട്ടത്ത്‌
കോടികളുടെ നഷ്‌ടം

BESS sysytem
avatar
പി ആർ ചന്തു കിരൺ

Published on Nov 12, 2026, 01:31 AM | 1 min read

തിരുവനന്തപുരം : സ‍ൗരോർജം സംഭരിച്ച്‌ പീക്‌ സമയത്ത്‌ ഉപയോഗിക്കാവുന്ന ബാറ്ററി എനര്‍ജി സ്റ്റോറേജ് (ബെസ്‌) പദ്ധതി പൂർത്തിയാക്കാത്തത്‌ കോടികളുടെ നഷ്‌ടമുണ്ടാക്കുന്നു. മൈലാട്ടി, അരീക്കോട്‌, മുള്ളേരിയ, ശ്രീകണ്‌ഠാപുരം, പോത്തൻകോട്‌ പദ്ധതികൾ തീരുമാനിച്ച സമയത്ത്‌ കമീഷൻ ചെയ്‌തിട്ടില്ല. എന്ന്‌ പൂർത്തിയാകുമെന്നതിലും വ്യക്തതയില്ല. 2027 സെപ്‌തംബറിൽ കമീഷൻ ചെയ്യേണ്ട ബ്രഹ്മപുരം പദ്ധതിയും സമയത്ത്‌ പൂർത്തിയാകില്ല. പദ്ധതിക്ക്‌ സമയം നീട്ടുന്നത്‌ പരിശോധിക്കുമെന്ന്‌ കെഎസ്‌ഇബി വിവരാവകാശ മറുപടിയിൽ അറിയിച്ചു.


125 മെഗാവാട്ട്‌ ശേഷിയുള്ള മൈലാട്ടി ബെസ്‌ വൈകുന്നത്‌ ദിവസം നാല്‌ കോടിരൂപയുടെ നഷ്‌ടമാണ്‌ ഉണ്ടാക്കുന്നത്‌. പകല്‍ ലഭിക്കുന്ന സ‍ൗരോർജ വൈദ്യുതി സറണ്ടര്‍ ചെയ്യുന്നതും പീക് സമയത്ത്‌ പുറത്തുനിന്ന്‌ വാങ്ങുന്നതിന്റെ അനുബന്ധ ചെലവും ചേർത്താണിത്‌. കടുത്ത അലംഭാവമാണിതെന്ന്‌ വൈദ്യുതി റെഗുലേറ്ററി കമീഷന്‍ രൂക്ഷ വിമർശം ഉയർത്തിയിട്ടും മെല്ലപ്പോക്കിന്‌ മാറ്റമില്ല. നിർമാണ പുരോഗതി എല്ലാ ആഴ്‌ചയും അറിയിക്കണമെന്നും കെഎസ്‌ഇബിയുടെ വെബ്‌സൈറ്റിൽ പങ്കുവയ്ക്കണമെന്നും കമീഷൻ നിർദേശിച്ചിരുന്നു. ഇതും പാലിച്ചില്ല. ആഗോള വിതരണ ശൃംഖലയിലെ തടസ്സം കാരണം ഉപകരണങ്ങൾ ലഭിക്കുന്നതിലെ കാലതാമസമാണ്‌ പദ്ധതി വൈകാൻ കാരണമെന്നാണ്‌ വിശദീകരണം.


അഞ്ച്‌ രൂപ ശരാശരി സംഭരണ നിരക്കും മൂന്ന്‌ രൂപ ചാർജിങ്‌ നിരക്കുമടക്കം യൂണിറ്റിന്‌ എട്ട്‌ രൂപയാണ്‌ ബെസ്‌ വഴിയുള്ള വൈദ്യുതിക്ക്‌ ചെലവ്‌ കണക്കാക്കുന്നത്‌. പീക്‌ സമയത്ത്‌ നാല്‌ മണിക്കൂർ ഉപയോഗിക്കാം. സ്വകാര്യ പ്ലാറ്റ്‌ഫോമായ ജിഎൻഎയുമായി മുഖ്യമന്ത്രി വി ഡി സതീശൻ തുടങ്ങിവച്ച ദുരൂഹ ഇടപാടിൽ യൂണിറ്റിന്‌ 8.63 മുതൽ 8.90 രൂപവരെയായിരുന്നു നിരക്ക്‌. 24 മണിക്കൂറും ഇതേ വിലയിൽ വാങ്ങണം. പീക്ക്‌ സമയത്ത്‌ കാര്യമായി ലഭിക്കാത്ത 1566 കോടി രൂപയുടെ ജിഎൻഎ കരാറിലെ പൊള്ളത്തരം പിടിക്കപ്പെട്ടതോടെയാണ്‌ ഇടപാടിൽനിന്ന് പിൻമാറിയത്‌. അപ്പോഴും ബെസ്‌ അടക്കം ആഭ്യന്തര സാധ്യതകൾ വേഗത്തിലാക്കാൻ ഒരു ഇടപെടലും സർക്കാർ നടത്തുന്നില്ല. എൽഡിഎഫ്‌ സർക്കാരാണ്‌ ബെസ്‌ പദ്ധതികൾക്ക്‌ തുടക്കമിട്ടത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

sisudinam.png

01

print edition കൂട്ടുകാരേ,
നിങ്ങൾക്ക് ലോകത്തെ മാറ്റാനാകും !
cpim

03

print edition കേന്ദ്ര നടപടി പ്രതിഷേധാര്‍ഹം: സിപിഐ എം
vd.png

05

print edition കള്ളം പുറത്ത്‌;ചുവടുമാറ്റി മുഖ്യൻ
deshabhimani section

Recommended

Deshabhimani
Home