യുജിസി ചട്ട ഭേദഗതി ഭരണഘടനാ വ്യവസ്ഥകൾക്ക് വിരുദ്ധം: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സര്‍വ്വകലാശാലകളുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ പരിപൂര്‍ണമായും ഇല്ലാതാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് യുജിസി കരട് ചട്ടങ്ങളെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള കടന്നു കയറ്റം അംഗീകരിക്കാനാവില്ല. സംസ്ഥാനങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കുന്ന യുജിസി കരട് ചട്ടങ്ങള്‍ പുനഃപരിശോധിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് കത്തെഴുതിയിട്ടുണ്ട്. ഇതേ വിഷയത്തില്‍ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്കും കത്തെഴുതിയിട്ടുണ്ട്. ഈ വിഷയത്തില്‍ കൂട്ടായ പരിശ്രമങ്ങള്‍ക്കാണ് കേരളം മുന്‍കൈയെടുക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സാമ്പത്തിക പരാധീനതകള്‍ക്കിടയിലും സംസ്ഥാനങ്ങള്‍ വലിയ തുക ഉന്നത വിദ്യാഭ്യാസ മേഖലക്കായി ചെലവഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് സംസ്ഥാനങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ തകർക്കാൻ ശ്രമം നടക്കുന്നത്. സംസ്ഥാനങ്ങളുമായോ അക്കാദമിക് വിദഗ്ധരുമായോ യാതൊരുവിധ ചര്‍ച്ചകളുമില്ലാതെയാണ് ഇത്തരത്തില്‍ നീക്കങ്ങള്‍ നടക്കുന്നത്. വൈസ് ചാന്‍സലര്‍ പദവിയിലേക്ക് അക്കാദമിക പരിചയമില്ലാത്തവരെയും നിയോഗിക്കാമെന്ന നിര്‍ദ്ദേശവും കരടില്‍ ഉണ്ട്. ഇതിന്‍റെ ഉദ്ദേശ്യശുദ്ധിയെക്കുറിച്ചു കൂടുതല്‍ പറയുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.









0 comments