യുജിസി ചട്ടഭേദഗതി ; റിപ്പോർട്ട് യുജിസിക്കും വിദ്യാഭ്യാസ മന്ത്രാലയത്തിനും നൽകി

തിരുവനന്തപുരം : യുജിസി കരട് ചട്ടങ്ങൾ സംബന്ധിച്ച് സ്‌റ്റേറ്റ് ലെവൽ ക്വാളിറ്റി അഷുറൻസ് സെൽ തയ്യാറാക്കിയ ഔദ്യോഗിക റിപ്പോർട്ട് യുജിസി ചെയർമാനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ സെക്രട്ടറിക്കും സമർപ്പിച്ചു. ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു അധ്യക്ഷയായ സെൽ കഴിഞ്ഞ 11-ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംവാദത്തിൽനിന്നുള്ള ആശയങ്ങൾ അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ് റിപ്പോർട്ട്.
സർവകലാശാലകളുടെ അക്കാദമിക, ഭരണപരമായ സ്വാതന്ത്ര്യം ഉറപ്പാക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാന സർക്കാരുകളുടെ പങ്ക് നിലനിർത്തുന്നതിന് ആവശ്യമായ സംരക്ഷണം, കരട് ചട്ടങ്ങൾക്ക് അന്തിമരൂപം നൽകും മുമ്പ് വിവിധ മേഖലയിലെ എല്ലാ വിഭാഗത്തിൽപ്പെട്ടവരിൽനിന്നും അഭിപ്രായങ്ങൾ ഉൾക്കൊള്ളുന്ന ചർച്ചകൾ, സർവീസ് നിബന്ധനകളും തൊഴിൽ സുരക്ഷയും ഉറപ്പുവരുത്താൻ നടപടി, ഗുണമേന്മയുള്ള ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്ന രീതി എന്നിവ സംവദത്തിൽ ഉയർന്നിരുന്നു. ഇക്കാര്യങ്ങളെല്ലാം ഉൾപ്പെടുത്തിയാണ് കേരളത്തിന്റെ നിലപാടായി റിപ്പോർട്ട് തയ്യാറാക്കിയത്. യുജിസിയും വിദ്യാഭ്യാസ മന്ത്രാലയവും ചട്ടങ്ങൾ പുനഃപരിശോധിച്ച്, കേരളം നിർദേശിച്ച ശുപാർശകൾ ഉൾപ്പെടുത്തി പരിഷ്‌കരിക്കണമെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.









0 comments