സെനറ്റ് സീറ്റ് നൽകാമെന്ന് ഉറപ്പ്
print edition കലിക്കറ്റ് സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പ്: യുഡിഎസ്‌എഫ് വിജയം ഫ്രെട്ടേണിറ്റി വോട്ടിൽ

തേഞ്ഞിപ്പലം: കലിക്കറ്റ് സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യു– എംഎസ്‌എഫ് (യുഡിഎസ്‌എഫ്) മുന്നണിയുടെ വിജയം ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർഥി സംഘടനയായ ഫ്രെട്ടേണിറ്റിയുടെ വോട്ടുകളിൽ. സെനറ്റ് തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാമെന്ന് യുഡിഎസ്‌എഫ് നേതാക്കൾ ഉറപ്പ് നൽകിയതോടെയാണ് ഫ്രെട്ടേണിറ്റി വോട്ടുകൾ സ്വന്തം സ്ഥാനാർഥികൾക്കുപോലും നൽകാതെ യുഡിഎസ്‌എഫിന് വിറ്റത്.
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ 15 കൗൺസിലർമാരുണ്ടെന്ന് ഫ്രെട്ടേണിറ്റി അവകാശപ്പെട്ടിരുന്നു. സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പിൽ ചെയർമാൻ, ലേഡി വൈസ് ചെയർമാൻ, ജോയിന്റ് സെക്രട്ടറി, മലപ്പുറം ജില്ലാ എക്‌സിക്യൂട്ടീവ് സ്ഥാനങ്ങളിലാണ് മത്സരിച്ചത്. രണ്ടുപേർക്ക് ഒരോവോട്ട് വീതം ലഭിച്ചപ്പോൾ മറ്റ് രണ്ടുപേർക്ക് ഒറ്റവോട്ടും കിട്ടിയില്ല. സെനറ്റ് സീറ്റ് വാഗ്‌ദാനത്തിൽ കൗൺസിലർമാർ കൂട്ടത്തോടെ യുഡിഎഫിന് വോട്ട് മറിച്ചു.
ചെയർപേഴ്‌സൺ സ്ഥാനാർഥിയായി മത്സരിച്ച സുൽത്താൻബത്തേരി മാർത്തോമ കോളേജിലെ എം ഷമീം ഫർഹാന് ഒരുവോട്ട് മാത്രമാണ് ലഭിച്ചത്. ലേഡി വൈസ് ചെയർമാനായി മത്സരിച്ച തൃശൂർ പെരുന്പിലാവ് അൻസാൻ വനിതാ ട്രെയിനിങ് കോളേജിലെ സി ടി ബരീരയ്‌ക്ക് സ്വന്തം വോട്ടുപോലും ലഭിച്ചില്ല. ജോയിന്റ് സെക്രട്ടറിയായി മത്സരിച്ച അകലൂർ മൗണ്ട് സീന കോളേജിലെ എ ഹിബ തസ്‌നിക്ക് ഒരു വോട്ട് ലഭിച്ചപ്പോൾ മലപ്പുറം ജില്ലാ എക്‌സിക്യൂട്ടീവിലേക്ക് മത്സരിച്ച തിരൂർക്കാട് ഇലാഹിയ അറബിക് കോളേജിലെ കെ അയിനുൽ മറിയക്ക് ഒറ്റവോട്ടുപോലും ലഭിച്ചില്ല. എംഎസ്‌ഫ്– കെഎസ്‌യു– ഫ്രെട്ടേണിറ്റി അവിശുദ്ധ കൂട്ടുകെട്ടിൽ ജനാധിപത്യ മര്യാദകളെ തകർത്താണ് മൂന്നാമതും യുഡിഎസ്‌എഫ് കലിക്കറ്റിൽ യൂണിയൻ ഭരണം നിലനിർത്തിയത്. തീവ്ര നിലപാടുള്ള ഫ്രെട്ടേണിറ്റിയെ എംഎസ്എഫ് കൂട്ടുപിടിച്ചിട്ടും എസ്എഫ്ഐ സ്ഥാനാർഥികൾ നേരിയ വോട്ടുകളുടെ വ്യത്യാസത്തിലാണ് പരാജയപ്പെട്ടത്.










0 comments