ad
Deshabhimani

print edition യുഡിഎഫിന്റെ കുപ്രചാരണം വോട്ടിനെ ബാധിച്ചു: ജോസ്‌ കെ മാണി

Jose K Mani.jpg
വെബ് ഡെസ്ക്

Published on May 10, 2026, 01:32 AM | 1 min read

കോട്ടയം: തെരഞ്ഞെടുപ്പിനു മുമ്പ്‌ ചില മാധ്യമങ്ങളുടെ സഹായത്തോടെ യുഡിഎഫ്‌ നടത്തിയ കുപ്രചാരണം എൽഡിഎഫിന്റെ വോട്ടുകളെ ബാധിച്ചെന്ന്‌ കേരള കോൺഗ്രസ്‌ എം ചെയർമാൻ ജോസ്‌ കെ മാണി എംപി. എൽഡിഎഫും ആർഎസ്‌എസും തമ്മിൽ ഡീൽ എന്ന കുപ്രചാരണം അവർ മനഃപൂർവം നടത്തി. എൽഡിഎഫിനൊപ്പംനിന്ന ചില ന്യൂനപക്ഷങ്ങൾ അകന്നുപോകാൻ ഇതു കാരണമായെന്നും സ്റ്റിയറിങ്‌ കമ്മിറ്റി യോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.


എവിടെയാണ്‌ പോരായ്‌മയുണ്ടായതെന്ന്‌ ചർച്ചചെയ്‌തു. എൽഡിഎഫ്‌ സർക്കാരിന്റെ വികസന നിലപാടിൽ ഒരാളും പരാതി പറഞ്ഞിട്ടില്ല. എന്നാൽ അത്‌ ജനങ്ങളിലേക്ക്‌ പൂർണമായി എത്തിക്കാൻ കഴിഞ്ഞോ എന്നും വികസനത്തിന്‌ ജനകീയ മുഖം നൽകാൻ കഴിഞ്ഞോ എന്നും പരിശോധിക്കണം. വീഴ്‌ചയിൽനിന്ന്‌ ഉയിർത്തെഴുന്നേറ്റ്‌ ശക്തമായി മുന്നോട്ടുപോകും. ജില്ലാതലത്തിലും മണ്ഡലതലത്തിലും ജനറൽ ബോഡി ചേർന്ന്‌ പരാജയകാരണങ്ങൾ വിലയിരുത്തും. മുന്നണിമാറ്റം എന്നൊരു അധ്യായം തുറന്നിട്ടേയില്ല.


ജോസഫ്‌ ഗ്രൂപ്പിന്റെ പരിഹാസം ശ്രദ്ധയിൽപ്പെട്ടു. അവർക്ക്‌ 5.25 ലക്ഷം വോട്ട്‌ ലഭിച്ചപ്പോൾ കേരള കോൺഗ്രസ്‌ എമ്മിന്‌ 5.61 ലക്ഷം വോട്ട്‌ ലഭിച്ചു. ചെറിയ വോട്ടുകൾക്കാണ്‌ പലയിടത്തും പരാജയപ്പെട്ടത്‌. ധൂർത്തപുത്രൻ ആരാണെന്നും സ്വാർഥപുത്രൻ ആരാണെന്നും കാലം തെളിയിക്കും. പി ജെ ജോസഫിന്‌ നിയമസഭയിൽ 50 വർഷം തികയാൻ കുറച്ചുകാലംകൂടി മതിയായിരുന്നു. അതിനുള്ള അവസരം ചോദിച്ചിട്ട്‌ മകൻ കൊടുത്തില്ലല്ലോ. പുറപ്പുഴയിലെ വീട്ടിൽ ഗേറ്റ്‌ മലർക്കെ തുറന്നിട്ട്‌ പിതാവ്‌ രാവും പകലും കാത്തിരിക്കുകയാണെന്നും ജോസ്‌ പറഞ്ഞു. ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്‌, വൈസ്‌ ചെയർമാൻ തോമസ്‌ ചാഴികാടൻ, റോഷി അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home