യുഡിഎഫിന്റെ അതിവേഗ റെയിൽ തിരുവനന്തപുരം മുതൽ കണ്ണൂർ വരെ; 23 സ്റ്റേഷനുകൾ

തിരുവനന്തപുരം: കേരളത്തിലെ പുതിയ അതിവേഗ റെയിൽ പദ്ധതിയുടെ വിശദാംശങ്ങൾ പുറത്ത്. യാത്രാപ്രയാസം പരിഹരിക്കാൻ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന സിൽവർ ലൈൻ പദ്ധതിക്ക് പകരം വരുന്ന പുതിയ റെയിൽപാത, തിരുവനന്തപുരത്തു നിന്ന് കണ്ണൂർ വരെ മാത്രമാണുള്ളത്. തിരുവനന്തപുരം പൂജപ്പുര മുതൽ കണ്ണൂർ മുണ്ടയാട് വരെ 473.3 കിലോമീറ്റർ നീളമുള്ള പാതയിൽ 23 സ്റ്റേഷനുകളുണ്ടാകും.
പൂജപ്പുര, തിരുവനന്തപുരം വിമാനത്താവളം, വർക്കല, കൊല്ലം, കൊട്ടാരക്കര, പത്തനംതിട്ട ജങ്ഷൻ, തിരുവല്ല, കോട്ടയം, വൈക്കം, തൃപ്പൂണിത്തുറ, പാലാരിവട്ടം, ആലുവ, കൊച്ചി വിമാനത്താവളം, ചാലക്കുടി, തൃശൂർ ജങ്ഷൻ, പട്ടാമ്പി ജങ്ഷൻ, മലപ്പുറം, കോഴിക്കോട് വിമാനത്താവളം, കോഴിക്കോട് ജങ്ഷൻ, ബാലുശ്ശേരി, നാദാപുരം, കൂത്തുപറമ്പ്, മുണ്ടയാട് എന്നിങ്ങനെയാണ് സ്റ്റേഷനുകൾ.
തിരുവനന്തപുരത്ത് 6.5 കിലോമീറ്റർ തുരങ്കപാതയും ബാക്കി പൂർണ്ണമായും ആകാശപാതയുമാണ് നിർമിക്കുക. പദ്ധതിപ്രകാരം മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ മൂന്നരമണിക്കൂറാണ് യാത്രാസമയം വിഭാവനംചെയ്‌തത്. ഏകദേശം 60,000 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ് പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരത്തിനും കാസർകോടിനുമിടയിലെ അതിവേഗ റെയിൽ ഇടനാഴി എന്ന എൽഡിഫ് സ്വപ്ന പദ്ധതി സ്ഥലമെടുപ്പിന്റെ പേരിലാണ് യുഡിഎഫ് എതിർത്തത്. എന്നാൽ സിൽവർ ലൈൻ പദ്ധതിയെക്കാൾ കൂടുതൽ സ്ഥലമെടുപ്പ് പുതിയ പദ്ധതിക്ക് ആവശ്യമായി വരുമെന്നാണ് നിർദ്ദിഷ്ട പാത സൂചിപ്പിക്കുന്നത്. സിൽവർ ലൈൻ പദ്ധതി ഏതാണ്ട് നേർരേഖയിലാണെങ്കിൽ ഇപ്പോൾ യുഡിഎഫ് സർക്കാർ മുന്നോട്ട് വയ്ക്കുന്നത് കുത്തനെ വളവുകൾ ആവശ്യമായ പാതയാണ്. ഇതു കാരണം ഉദ്ദേശിച്ച വേഗം ലഭിക്കാൻ ബുദ്ധിമുട്ടാകും. നിലവിലെ റെയിൽ പാളങ്ങളിലെ വളവുകളാണ് ട്രെയിനുകളുടെ വേഗം വർദ്ധിപ്പിക്കാനുള്ള പ്രധാന തടസം.










0 comments