print edition അഴിമതിയിൽ ആറാടിയ അക്കാലം

കോഴക്കൊള്ളയുടെയും കമീഷൻരാജിന്റെയും അഞ്ചുവർഷമായിരുന്നു 2011–16ലെ യുഡിഎഫ് ഭരണം. സെക്രട്ടറിയറ്റിന്റെ അകത്തളങ്ങൾ മുതൽ താഴെത്തട്ടുവരെ അഴിമതിയുടെ കൂത്തരങ്ങായി. അന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ ഇടനിലക്കാരുടെ താവളമായപ്പോൾ, പാലാരിവട്ടം പാലം അഴിമതിയുടെ കോൺക്രീറ്റ് അടയാളമായി. ബാർകോഴയും ടൈറ്റാനിയം കേസുമടക്കം ഓരോദിവസവും പുറത്തുവന്നത് പകൽക്കൊള്ളയുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. വികസനത്തിനെന്ന പേരിൽ നടന്ന കടുംവെട്ടുകൾ കേരളത്തെ കടക്കെണിയിലാക്കുക മാത്രമല്ല, ഭരണസംവിധാനത്തിന്റെ വിശ്വാസ്യത പാടേ തകർത്തു. യുഡിഎഫ് ഭരണകാലത്തെ അഴിമതികളുടെ നീണ്ട നിരയെ മറന്നുപോകാറായിട്ടില്ല.
കെ ബാബുവിന്റെ ബാർകോഴ
എക്‌സൈസ് മന്ത്രിയായിരുന്ന കെ ബാബു പത്തുകോടി രൂപ കോഴ വാങ്ങിയെന്ന് 2015 മാർച്ച് 31ന് ബിജു രമേശ് തിരുവനന്തപുരം ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ രഹസ്യമൊഴി നൽകി. പ്രാഥമികാന്വേഷണത്തിന് വിജിലൻസ് ഡയറക്ടറായിരുന്ന വിൻസൻ എം പോളിന്റെ ഉത്തരവ്. ബാബുവിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പ്രഥമദൃഷ്ട്യാ തെളിവില്ലെന്നു വിജിലൻസ് ഡിവൈഎസ്‌പി എം എൻ രമേശ് റിപ്പോർട്ട് നൽകി. കേസെടുക്കേണ്ടതില്ലെന്ന് വിജിലൻസ് ഡയറക്ടർ തീരുമാനിച്ചു. എന്നാൽ, ബാബുവിനെതിരെ ത്വരിതാന്വേഷണത്തിന് തൃശൂർ വിജിലൻസ് കോടതി ഉത്തരവിട്ടു. രാജിപ്രഖ്യാപിച്ചിട്ടും സ്വീകരിക്കാതെ മുഖ്യമന്ത്രി കൈവശംവച്ചത് വിവാദമായി. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനുള്ള വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി രണ്ടുമാസത്തേക്ക് മരവിപ്പിച്ചതോടെ സാങ്കേതികത്വം പറഞ്ഞ് ബാബു വീണ്ടും മന്ത്രിക്കസേരയിലെത്തി.
ഗൂഢാലോചന ചെന്നിത്തലയുടെ ചതി
ബാർകോഴ കേസിൽ കെ എം മാണിക്കെതിരായ ആരോപണത്തിന് പിന്നിൽ മുഖ്യമന്ത്രിയാകാനുള്ള രമേശ് ചെന്നിത്തലയുടെ ഗൂഢാലോചനയെന്ന് റിപ്പോർട്ട്. സമ്മർദം ചെലുത്തി മാണിയുടെ പിന്തുണ നേടുകയായിരുന്നു ആഭ്യന്തരമന്ത്രിയായിരുന്ന ചെന്നിത്തലയുടെ ലക്ഷ്യമെന്നും അന്തരിച്ച സി എഫ് തോമസ് അധ്യക്ഷനായ അന്വേഷണ കമീഷൻ റിപ്പോർട്ടിൽ പറയുന്നു. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്ക് ഇതിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും വ്യക്തമാക്കുന്നു. ഇടനിലക്കാരനായി പി സി ജോർജിന്റെ സഹായവും തേടി. മുഖ്യമന്ത്രിസ്ഥാനത്തുനിന്നും ഉമ്മൻചാണ്ടിയെ താഴെയിറക്കി രമേശ് ചെന്നിത്തലയ്ക്ക് അവസരം നൽകുകയെന്ന ഗ്രൂപ്പ് രാഷ്‌ട്രീയലക്ഷ്യവും കോഴ ആരോപണത്തിന് പിന്നിലുണ്ടായിരുന്നു. ചെന്നിത്തലയുടെ ആവശ്യത്തിന് ധനമന്ത്രിയായിരുന്ന മാണി വഴങ്ങാത്തതിനെ തുടർന്നാണ് തിടുക്കപ്പെട്ട് ഇത്തരമൊരു നീക്കമുണ്ടായതെന്നും റിപ്പോർട്ടിലുണ്ട്. അതിവേഗ പരിശോധനയ്ക്ക് ചെന്നിത്തല ഉത്തരവിട്ടു. അന്ന് എക്‌സൈസ് മന്ത്രിയായിരുന്ന കെ ബാബുവിനെതിരെ പ്രാഥമിക അന്വേഷണം മാത്രമാക്കി. മാണിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു.
അതിവേഗം അഴിമതി, ക്രമക്കേട്
നിർമാണപ്രവർത്തനം ഒച്ചിഴയും വേഗത്തിലായിരുന്നെങ്കിലും പൊതുമരാമത്തു വകുപ്പിൽ അഴിമതിയും ക്രമക്കേടും വ്യാപകമായിരുന്നു. പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ കോടികളുടെ അനധികൃതസ്വത്ത് സമ്പാദിച്ചതിന് ടി ഒ സൂരജിനെതിരെ വിജിലൻസ് കേസെടുത്തു. അഴിമതിയും ക്രമക്കേടും അന്വേഷിക്കാൻ വിജിലൻസ് സംഘം പൊതുമരാമത്തുമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ ഓഫീസിൽ റെയ്ഡിനെത്തി. മലപ്പുറം- പരപ്പനങ്ങാടി- കടലുണ്ടിറോഡ് നിർമാണത്തിൽ ടെൻഡർ വിളിക്കാതെ എട്ടുകോടി വെട്ടിച്ചെന്ന വിജിലൻസ് കേസിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്തുവകുപ്പ് (റോഡ്സ് ആൻഡ് ബ്രിഡ്‌ജസ്) ചീഫ് എൻജിനിയറും സസ്‌പെൻഷനിലായി. പ്രതിസ്ഥാനത്തുള്ള മന്ത്രി കെ ബാബുവിന്റെ പിആർഒയ്ക്ക് സർക്കാർ സെക്രട്ടറിക്ക് സമാനതസ്തികയിൽ ഡയറക്ടറായി വഴിവിട്ട് നിയമനം നൽകി.
അനധികൃത നിയമനങ്ങൾ
കേരളത്തിൽ 2011 മുതൽ 2016 വരെ അഞ്ചുവർഷത്തിനിടെ കാര്യമായി നടന്ന വ്യവസായം അനധികൃത നിയമനങ്ങളും അതുവഴി ലക്ഷങ്ങളുടെ കോഴയിടപാടുമാണ്. സർക്കാരിന്റെ അവസാനകാലത്തുമാത്രം വിവിധ വകുപ്പുകളിലായി ഇങ്ങനെ നിയമിക്കപ്പെട്ടവർ 13,000. നിയമനങ്ങൾ നടന്നില്ലെന്നുമാത്രമല്ല, 30,000 തസ്തിക നിർത്തലാക്കാനായിരുന്നു സർക്കാർ തീരുമാനം. കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലറായി നിയമിക്കപ്പെട്ട കോൺഗ്രസ് നേതാവ് ഖാദർ മാങ്ങാടിന്റെ പിഎച്ച്ഡി വിവാദമായി.
പാലാരിവട്ടത്തെ പഞ്ചവടിപ്പാലം
ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷമാകുംമുമ്പാണ് പാലാരിവട്ടംപാലം തകർന്നത്. പഞ്ചവടി പ്പാലത്തെ വെല്ലുന്ന വൻ അഴിമതി വ്യാപക പ്രതിഷേധമുയർത്തി. വിജിലൻസ് കേസിൽ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അഞ്ചാംപ്രതിയായി. ലീഗ് പത്രമായ ചന്ദ്രികയുടെ അക്കൗണ്ടിൽ രേഖയിലില്ലാത്ത പത്തു കോടിരൂപ നിക്ഷേപിച്ചതിന് ഇഡി അന്വേഷണം. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം ഐഐടിയുടെ റിപ്പോർട്ടിനെ തുടർന്ന് 2019 മേയിൽ പാലം അടച്ചു. വിജിലൻസ് അന്വേഷണം തുടങ്ങി. 2020 നവംബർ 18ന് ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലായി.
ഇഫ്‌താറിനും പിരിവ്
വിദ്യാഭ്യാസ വകുപ്പിലെ വിവിധ സ്ഥാപനങ്ങളിൽനിന്ന് പണംപിരിച്ച് ഇഫ്‌താർവിരുന്ന് നടത്തിയതിൽ അപാകം പറ്റിയെന്ന് വിദ്യാഭ്യാസമന്ത്രിയായിരുന്ന പി കെ അബ്‌ദുറബ്ബ് സമ്മതിച്ചു. മന്ത്രി വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നെന്നും ഇതിന്റെ ചെലവിലേക്കായി 46,200 രൂപ വീതം നൽകണമെന്നും ശാസ്‌ത്ര സാങ്കേതിക മ്യൂസിയം ഡയറക്‌ടർ വിവിധ സ്ഥാപനങ്ങൾക്ക് കത്തെഴുതി. യോഗമല്ല ഇഫ്‌താർ വിരുന്നാണ് നടന്നതെന്നു മാധ്യമങ്ങൾ പുറത്തുവിട്ടപ്പോഴാണ് മന്ത്രി കുറ്റസമ്മതം നടത്തിയത്.










0 comments