print edition വാളയാറിലെ ആൾക്കൂട്ട കൊല പാതകം ; സംഘപരിവാറിനെതിരെ മിണ്ടാതെ യുഡിഎഫ്

തിരുവനന്തപുരം
വാളയാറിൽ രാംനാരായൺ ഭാഗേ ലിന്റെ കൊലപാതകത്തിന് ഉത്തരവാദികളായവരിൽ പ്രധാനികളെല്ലാം ആർഎസ്‌എസ്– ബിജെപി പ്രവർത്തകരാണെന്ന് തെളിഞ്ഞിട്ടും അവർക്കെതിരെ മിണ്ടാതെ യുഡിഎഫും മാധ്യമങ്ങളും. സർക്കാരിനെ എങ്ങിനെ പ്രതിക്കൂട്ടിലാക്കാമെന്ന ഗവേഷണത്തിലാണ് കോൺഗ്രസ്, ലീഗ് നേതാക്കൾ. ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാനും പ്രതികൾക്കെതിരെ വിട്ടുവീഴ്‌ചയില്ലാത്ത നടപടിക്കുമാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. എന്നാൽ, ഇത്ര ദിവസമായിട്ടും പ്രതികളായ ബിജെപിയുടെ വംശീയ വിദ്വേഷ രാഷ്‌ട്രീയത്തിനെതിരെ മിണ്ടാൻ യുഡിഎഫ് തയ്യാറായിട്ടില്ല.
യുഡിഎഫ് പത്രമായ മനോരമയും ലീഗ് മുഖപത്രമായ ചന്ദ്രികയും അടക്കം ആർഎസ്‌എസ് പ്രതികൾക്കെതിരെ നിശബ്ദത പാലിക്കുന്നു. പ്രതികൾ ബിജെപിക്കാരാണെന്ന് റിപ്പോർട്ട് ചെയ്യാൻപോലും ഇവർ മടിക്കുന്നു. ചന്ദ്രിക എഡിറ്റോറിയൽ എഴുതിയിട്ടും അതിൽ ഒരു വരി ബിജെപിക്കാരായ പ്രതികൾക്കെതിരെയോ വംശീയ വിദ്വേഷത്തിനെതിരെയോ പറഞ്ഞില്ല. കോൺഗ്രസ് നേതാക്കളായ കെ സി വേണുഗോപാലും വി ഡി സതീശനും നിരന്തരം പ്രതികരിക്കുമ്പോഴും ബിജെപിയുടെ പങ്ക് പറയാൻ വിസമ്മതിക്കുന്നു.
സംഭവത്തിൽ അറസ്‌റ്റിലായ അഞ്ചിൽ നാലു പേരും ബിജെപിക്കാരാണ്.
പിടിയിലാകാനുള്ളവരും ഇക്കൂട്ടത്തിലുള്ളവരാണ്. ബിജെപി രാജ്യത്താകെ നടത്തുന്ന വംശീയ വിദ്വേഷത്തിന്റെ ഭാഗമായുള്ള ആൾക്കൂട്ടക്കൊലയാണ് വാളയാറിലും കണ്ടത്. ‘ബംഗ്ലാദേശിൽനിന്ന് കുടിയേറിവനല്ലേ’ എന്ന് ആക്രോശിച്ചാണ് ഛത്തീസ്‌ഗഢ് സ്വദേശിയായ രാംനാരായൺ ഭഗേ ലിനെ അടിച്ചുകൊന്നത്. ഉത്തരേന്ത്യയിലെ ഭീതിദമായ അവസ്ഥ കേരളത്തിലും നടപ്പാക്കാൻ ശ്രമിക്കുന്ന സംഘപരിവാറിന് വളംവച്ചുകൊടുക്കുകയാണ് പ്രതിപക്ഷ നേതാക്കൾ.
കർശന നടപടിയുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുമ്പോൾ കുറ്റക്കാരെ കര്‍ശനമായി ശിക്ഷിക്കുന്നതിനൊപ്പം തൊഴിലാളിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് മാത്രമാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം. ഇതിലെ ബിജെപി പങ്ക് തുറന്നുപറയാനും വിമർശിക്കാനും പ്രതിപക്ഷ നേതാവിന് മുട്ടുവിറയ്ക്കുന്നു.
മിണ്ടാൻ പ്രതിപക്ഷ നേതാവിന് പേടി : ബിനോയ് വിശ്വം
വാളയാറിലെ ആൾക്കൂട്ടക്കൊലയെക്കുറിച്ച് പറഞ്ഞ പ്രതിപക്ഷ നേതാവ് ആർഎസ്‌എസ് എന്ന വാക്ക് മിണ്ടിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം റഞ്ഞു. ആർഎസ്‌എസിന്റെ പേര് മിണ്ടാൻ പേടിക്കുന്നത് കേരളത്തില്‍ ഉണ്ടായിവരുന്ന ആര്‍എസ്എസ്–-കോണ്‍ഗ്രസ് ബന്ധത്തിന്റെ ഭാഗമാ യാണ്. ആർഎസ്‌എസിനെ പേടിക്കുന്ന രാഷ്ട്രീയമല്ല, മുഖ്യമന്ത്രിയുടേതും സിപിഐ എമ്മിന്റേതും. സിപിഐ എമ്മിന്റെ രാഷ്ട്രീയം അടിമുടി ബിജെപിക്ക് എതിരും ആർഎസ്‌എസ് വിരുദ്ധവുമാണെന്നും അദ്ദേഹം പറഞ്ഞു.











0 comments