ചരിത്രം വിധിക്കും ഒറ്റുകാർ ; നാടാകെ ഒന്നിച്ചുനിന്നപ്പോൾ പാലംവലിച്ചവരെ നാം എന്ത് വിളിക്കും

ഒ വി സുരേഷ്
Published on Aug 01, 2025, 02:00 AM | 1 min read
തിരുവനന്തപുരം
നാടാകെ ഒന്നിച്ചുനിന്ന് എല്ലാം നഷ്ടപ്പെട്ടവരെ കൈപിടിച്ചുയർത്തുമ്പോൾ രാഷ്‌ട്രീയലക്ഷ്യത്തോടെ മാറിനിന്നു പാലംവലിച്ചവരെ നാം എന്തുവിളിക്കും. മുണ്ടക്കൈ ദുരന്ത പശ്ചാത്തലത്തിൽ കോൺഗ്രസും മുസ്ലിംലീഗും എൻജിഒ അസോസിയേഷൻ ഉൾപ്പെടെയുള്ള സർവീസ് സംഘടനകളും ഈ ഒറ്റുകൊടുക്കലിന് മറുപടി പറയേണ്ടിവരും. ദുരന്തബാധിതരെ ചതിച്ചവരെന്ന് ചരിത്രം ഈ സംഘടനകളെ വിശേഷിപ്പിക്കും.
ദുരന്തമുണ്ടായപ്പോൾ സർക്കാർ ഉണർന്നുപ്രവർത്തിച്ചു. ഒരുമിച്ചുനിന്ന് രക്ഷാപ്രവർത്തനം നടത്താനായിരുന്നു ആഹ്വാനം. ഡിവൈഎഫ്‌ഐ ഉൾപെടെയുള്ള യുവജനസംഘടനാ പ്രവർത്തകർ, വളന്റിയർമാർ, സാധാരണക്കാർ എല്ലാവരും ഓടിയെത്തി. കൈമെയ് മറന്ന രക്ഷാപ്രവർത്തനം നടത്തവേയാണ് പൂത്ത ബ്രെഡ് നൽകി എന്ന ദുഷ്‌പ്രചാരണം. യൂത്ത് ലീഗുകാർ കെട്ടഴിച്ചുവിട്ടത് ചില ചാനലുകൾ ഏറ്റെടുത്ത് പ്രചരിപ്പിച്ചു. ക്യാമ്പുകളിൽ സർക്കാർ ബ്രെഡ് വിതരണംചെയ്‌തിട്ടില്ലെന്ന് റവന്യൂമന്ത്രി കെ രാജൻ വ്യക്തമാക്കിയതോടെ പൂത്ത കഥ മാഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള ഫണ്ട് സമാഹരണത്തെ തുടക്കത്തിൽ യുഡിഎഫ് എതിർത്തില്ല. എന്നാൽ സൈബറിടങ്ങളിൽ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ അഴിഞ്ഞാടി. ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് നൽകിയാൽ ദുരന്തബാധിതർക്ക് പ്രയോജനംചെയ്യില്ലെന്നായിരുന്നു ഫെയ്‌ക്ക് അക്കൗണ്ടുകളിലൂടെ പ്രചാരണം. കോൺഗ്രസും മുസ്ലിംലീഗും തള്ളിപ്പറഞ്ഞില്ല. അവരുടെകൂടി പിന്തുണയിലായിരുന്നു ഇതെന്ന് വ്യക്തമാക്കുന്നതായിരുന്നു പിന്നീടുള്ള സമീപനം. ദുരന്തബാധിതരെ ടൗൺഷിപ്പ് നിർമാണത്തിൽ സർക്കാരുമായി സഹകരിക്കേണ്ടെന്ന് യുഡിഎഫ് നിലപാടെടുത്തു. യൂത്ത് കോൺഗ്രസും കോൺഗ്രസും പലവിധത്തിൽ പിരിച്ചു.
ഒന്നിനും കണക്കില്ല. രാഹുൽഗാന്ധിയും കോൺഗ്രസും നൂറ് വീട് വാഗ്‌ദാനംചെയ്‌തു. യൂത്ത് കോൺഗ്രസ് 30 വീടും. ഇപ്പോൾ കേൾക്കുന്നത് രാഹുൽഗാന്ധിയുടെ 100 വീടും കോൺഗ്രസിന്റെ 100 വീടും യൂത്ത് കോൺഗ്രസിന്റെ 30 വീടും എല്ലാം ഒന്നാണെന്നാണ്. ഒരുവർഷമായിട്ടും ഒരു സെന്റ് പോലും ഏറ്റെടുത്തില്ല. മുസ്ലിംലീഗിന്റെ ഭൂമി വാങ്ങൽതന്നെ വിവാദമായി. കുറഞ്ഞവിലയുള്ള സ്ഥലം നാലിരട്ടി കൂടുതൽ തുക നൽകി വാങ്ങി ദുരന്തത്തെ ഭൂമിക്കച്ചവടത്തിന് ഉപയോഗിച്ചു.









0 comments