print edition ‘ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ് കൊല്ലാൻ ശ്രമിച്ചെന്ന’ കേസ് ; അന്ന് കണ്ണീർക്കഥ മെനഞ്ഞവർക്ക് ഇപ്പോൾ ‘രാഷ്ട്രീയപ്രേരിതം’

കണ്ണൂർ
മന്ത്രി വീണാ ജോർജിനെ ആക്രമിച്ച കെഎസ്‌യുക്കാർക്കെതിരെ വധശ്രമത്തിന് കേസെടുത്തത് രാഷ്ട്രീയപ്രേരിതമെന്ന് ആർത്തുവിളിക്കുന്ന യുഡിഎഫ് നേതൃത്വവും മാധ്യമങ്ങളും മറന്നുപോകരുത് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ‘കല്ലെറിഞ്ഞ് കൊല്ലാൻ ശ്രമിച്ചെന്ന’ കേസ്. 2013 ഒക്ടോബർ 27ന് കണ്ണൂരിൽ സംസ്ഥാന പൊലീസ് കായികമേള സമാപനം ഉദ്‌ഘാടനത്തിനെത്തിയ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കാറിന് കല്ലെറിഞ്ഞുവെന്ന സംഭവത്തിൽ വധശ്രമവും വധഗൂഢാലോചനയും ഉൾപ്പെടെ ചുമത്തിയായിരുന്നു കേസ്. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്ന മട്ടിൽ മാധ്യമങ്ങളും നിറംപിടിപ്പിച്ച കഥകളുമായി ഒപ്പംനിന്നു.
മുതിർന്ന സിപിഐ എം നേതാക്കളും എംഎൽഎമാരുമായ കെ കെ നാരായണൻ, സി കൃഷ്‌ണൻ എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന 900 പേരെയാണ് ആദ്യഘട്ടത്തിൽ കേസിൽ പ്രതിചേർത്തത്. ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞുകൊല്ലാൻ ശ്രമിച്ചുവെന്ന കഥ രാഷ്ട്രീയ മുതലെടുപ്പിനുമാത്രമുള്ളതായിരുന്നുവെന്ന് വിധി വന്നതോടെ വ്യക്തമായി. സോളാർ അഴിമതിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് എൽഡിഎഫ്, മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ കരിങ്കൊടി പ്രകടനം നടത്തിയത്.
പ്രകടനത്തിന് കോൺഗ്രസുകാർ കല്ലെറിഞ്ഞതോടെ സംഘർഷമുണ്ടായി. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ 107 സിപിഐ എം പ്രവർത്തകരെ കോടതി വെറുതെവിട്ടു. കല്ലെറിഞ്ഞു, പൊതുമുതൽ നശിപ്പിച്ചു എന്നീ കുറ്റങ്ങൾമാത്രം കണ്ടെത്തിയ കേസിൽ മൂന്നുപേരെ മാത്രമാണ് ശിക്ഷിച്ചത്. ഉമ്മൻ ചാണ്ടി, കെ സി ജോസഫ്, ടി സിദ്ദിഖ് ഉൾപ്പെടെ 258 സാക്ഷികളെയാണ് വിസ്‌തരിച്ചത്. ഉമ്മൻ ചാണ്ടിയുടെ ഗൺമാന്റെ സീറ്റിലിരുന്ന ടി സിദ്ദിഖിന്റെ നേതൃത്വത്തിലാണ് സംഭവത്തെ വധശ്രമമായി ചിത്രീകരിച്ചത്. വിചാരണയിൽ സിദ്ദിഖിന്റെ പരസ്‌പരവിരുദ്ധ മൊഴിയായിരുന്നു കേസിലെ വഴിത്തിരിവ്. 258 സാക്ഷികളിൽ ഭൂരിഭാഗം പേർക്കും പ്രതികളെ തിരിച്ചറിയാനായില്ല. തെളിവിനായി ഹാജരാക്കിയ രേഖകളിൽ ഭൂരിഭാഗവും കെട്ടിച്ചമച്ചതായിരുന്നു.
ഉമ്മൻ ചാണ്ടിയുടെയും സിദ്ദിഖിന്റെയും കെ സി ജോസഫിന്റെയും ഗൺമാൻ രവീന്ദ്രൻപിള്ളയുടെയും മൊഴികൾ പരസ്‌പരവിരുദ്ധമായിരുന്നു. ഉമ്മൻ ചാണ്ടി സംഭവ ദിവസം ധരിച്ച ഷർട്ട് പൊലീസിന് കൈമാറുമ്പോൾ ഇടതുവശം കീറിയിരുന്നില്ല. എന്നാൽ, കോടതിയിൽ ഹാജരാക്കിയപ്പോൾ കീറൽ പ്രത്യക്ഷപ്പെട്ടു. കാറിന്റെ ഇടതുവശത്തിരുന്ന ഉമ്മൻ ചാണ്ടിക്ക് പരിക്കുപറ്റിയത് വലതുവശത്തുനിന്നുള്ള കല്ലേറിലാണെന്നാണ് കെ സി ജോസഫും രവീന്ദ്രൻപിള്ളയും മൊഴിനൽകിയത്. ഇതിന് വിരുദ്ധമായിരുന്നു സിദ്ദിഖിന്റെ മൊഴി. ഇടതുവശത്തെ വാതിലിന്റെ ചില്ല് തകർന്നപ്പോൾ സിദ്ദിഖിന്റെ വലതുകൈക്ക് പരിക്കേറ്റത് എങ്ങനെയെന്ന ചോദ്യവും കോടതിയിൽ ഉയർന്നു.










0 comments