കോൺഗ്രസ് ഭരിക്കുമ്പോൾ രാജസ്ഥാനിൽ ഒപ്പുവച്ചു, മറ്റ് കോൺഗ്രസ് സർക്കാരുകളും പദ്ധതിയുടെ ഭാഗം
print edition യുഡിഎഫ്, മാധ്യമ വാചാടോപം ; അർഹമായ വിഹിതവും കിട്ടരുതെന്ന ദുഷ്ടലാക്ക്


സി കെ ദിനേശ്
Published on Oct 26, 2025, 03:19 AM | 1 min read
തിരുവനന്തപുരം
പിഎം ശ്രീയുടെ പേരിൽ യുഡിഎഫും ഏതാനും മാധ്യമങ്ങളും വീഴ്‌ത്തുന്ന കള്ളക്കണ്ണീരിനുപിന്നിൽ കേരളത്തിന് ഒരു രൂപ പോലും കിട്ടരുതെന്ന ദുഷ്ടലാക്ക്. പണം വന്നാൽ എൽഡിഎഫ് സർക്കാർ അത് വികസനത്തിനും ക്ഷേമത്തിനും പൂർണമായും ഉപയോഗിക്കുമെന്നതിനാൽ രാഷ്‌ട്രീയ ലാഭത്തിനായി സംസ്ഥാന വിരുദ്ധ താൽപര്യം പ്രചരിപ്പിക്കുകയാണവർ.
ഉപാധികളിലൂടെ വരിഞ്ഞുമുറുക്കി കേരളത്തെ കേന്ദ്രം പ്രതിസന്ധിയിലാക്കുന്നതിൽ ആഹ്ലാദിക്കുന്ന ഇക്കൂട്ടർ വിദ്യാർഥികൾക്കുണ്ടാവുന്ന നഷ്ടങ്ങൾക്കുനേരെ കണ്ണടയ്ക്കുന്നു.
ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പിഎം ശ്രീ പദ്ധതി കൈയും നീട്ടി സ്വീകരിച്ച കോൺഗ്രസാണ് എൽഡിഎഫ് സർക്കാരിനെ വിമർശിക്കുന്നത്. പാഠ്യ വിഷയത്തിൽ വിട്ടുവീഴ്‌ച ചെയ്യില്ലെന്ന ഉറപ്പ് കേരളം നൽകുന്പോൾ കോൺഗ്രസ് സംസ്ഥാനങ്ങളിൽ അതുമില്ല. കോൺഗ്രസ് ഭരിക്കുന്ന വേളയിൽ രാജസ്ഥാനിലാണ് ആദ്യം പിഎം ശ്രീ ഒപ്പുവച്ചത്. അവർ ഭരിക്കുന്ന തെലുങ്കാനയും ഹിമാചൽ പ്രദേശും കർണാടകവും പദ്ധതിയുടെ ഭാഗമാണ്. എൽഡിഎഫ് സർക്കാരിനെതിരെ ഹാലിളകിയിരിക്കുന്ന മുസ്ലീംലീഗിന് കോൺഗ്രസിന്റെ ഇൗ നിലപാടിൽ ഒട്ടും ആശങ്കയില്ലെന്നത് ഇരട്ടത്താപ്പാണ്.

ഡൽഹിയിൽ ചേർന്ന എൻസിഇആർടി ജനറൽ ബോഡി യോഗത്തിൽ കേന്ദ്രത്തിന്റെ തെറ്റായ നയങ്ങൾക്കെതിരെ സംസാരിച്ചത് മന്ത്രി വി ശിവൻകുട്ടി മാത്രമാണ്. കോൺഗ്രസിന്റെ ഒരു മന്ത്രിയും പ്രതികരിച്ചില്ല.
മൂന്നുവർഷത്തെ എസ്‌എസ്‌കെ ഫണ്ടായ 1158.13 കോടി രൂപയാണ് പിഎം ശ്രീയുടെ പേരിൽ കേന്ദ്രം തടഞ്ഞത്. എസ്‌എസ്‌കെ പദ്ധതി നടപ്പാക്കാനായി കേന്ദ്രത്തിന്റെ വിഹിതം കൂടി സംസ്ഥാനം എടുക്കുകയായിരുന്നു. ചെലവഴിച്ച ഇൗ ഫണ്ട് പോലും കിട്ടില്ലെന്നായിരുന്നു സ്ഥിതി. സംസ്ഥാനത്തിന്റെ നികുതിപ്പണത്തിൽനിന്നുള്ള വിഹിതമാണിത്.
ആർഎസ്‌എസിന്റെ രാഷ്‌ട്രീയ അജൻഡക്കെതിരെയുള്ള കർശന നിലപാടിൽ വിട്ടുവീഴ്‌ച കൂടാതെ തന്നെ അർഹമായ ഫണ്ട് നേടിയെടുക്കുക എന്ന തീരുമാനത്തിലേക്ക് വിദ്യാഭ്യാസ വകുപ്പ് എത്തിയത് അതുകൊണ്ടാണ്. 40 ലക്ഷം പാവപ്പെട്ട കുട്ടികളുടെ ഉന്നമനം മുഖ്യപ്രശ്നമായാണ് സർക്കാർ കാണുന്നത്.
പിഎം ശ്രീ ഒപ്പിട്ടതുവഴി കാവിവൽകരണം നടപ്പാക്കണമെന്ന വാദം നിരർഥകമാണെന്ന് തെളിയിക്കുന്നതാണ് എസ്‌എസ്‌കെയും പി എം ഉഷ പദ്ധതിയും. 2022 ൽ സമാന ഉപാധികൾ തന്നെയാണ് വച്ചിരുന്നത്. ഇൗ ഫണ്ട് വാങ്ങുമ്പോഴും കേരളത്തിന്റെ തനത് പാഠ്യപദ്ധതിയാണ് നടപ്പാക്കിയത്.









0 comments