‘വിഷപ്പുക’ പടർത്തി യുഡിഎഫും പത്രവും

സുജിത് ബേബി
Published on May 04, 2025, 12:00 AM | 2 min read
കോഴിക്കോട് : ദാരുണമായ അപകടത്തിനുമുന്നിലും ആരോപണ പുകമറയുമായി പ്രതിപക്ഷവും യുഡിഎഫ് അനുകൂല പത്രവും വലതുപക്ഷ ചാനലുകളും. സർക്കാർ സംവിധാനങ്ങളെയാകെ സംശയമുനയിൽ നിർത്തുന്ന കഥകളുമായി വിഷപ്പുക പരത്തുകയായിരുന്നു ഇവർ. കോഴിക്കോട് മെഡി. കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ അപകടത്തിൽ പുക ശ്വസിച്ച് നാലുപേർ മരിച്ചെന്നാണ് പ്രതിപക്ഷവും മാധ്യമങ്ങളും പ്രചരിപ്പിച്ചത്. മരിച്ചവരുടെ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതോടെ ഈ നുണകളാകെ പൊളിഞ്ഞു.
അപകടമുണ്ടായി മണിക്കൂർ പിന്നിടുംമുമ്പ് ടി സിദ്ദിഖ് എംഎൽഎയാണ് ദുരാരോപണവുമായി ആദ്യം രംഗത്തെത്തിയത്. വയനാട് സ്വദേശിയായ നസീറ മരിച്ചത് അപകടത്തിനിടെയുണ്ടായ പുക ശ്വസിച്ചെന്നായിരുന്നു കണ്ടെത്തൽ. അത്യാഹിത വിഭാഗത്തിൽനിന്ന് മാറ്റുമ്പോൾ സുരക്ഷാ സംവിധാനം ഒരുക്കിയില്ലെന്നും സിദ്ദിഖ് ആരോപിച്ചു. ഇത് തൊണ്ടതൊടാതെ വിഴുങ്ങിയ ഒരുവിഭാഗം മാധ്യമങ്ങൾ അർധരാത്രിയോടെ ഈ കഥ ഏറ്റെടുത്തു.
‘അഞ്ച് മൃതദേഹങ്ങൾ മാറ്റി, മരണകാരണം പുക?’ എന്ന് യുഡിഎഫ് അനുകൂല പത്രം ഒന്നാംപേജിൽ വാർത്തയും വീശി. ആത്മഹത്യചെയ്‌തതിനെ തുടർന്ന് മോർച്ചറിയിലേക്ക് മാറ്റാൻ അത്യാഹിത വിഭാഗത്തിൽ എത്തിച്ച പശ്ചിമ ബംഗാൾ സ്വദേശിയുടെ മൃതദേഹവും യുഡിഎഫ് പത്രം അപകട മരണമാക്കി.
വിഷം കഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ച വയനാട് സ്വദേശിനിയെ അതീവ ഗുരുതരാവസ്ഥയിലാണ് അത്യാഹിത വിഭാഗത്തിലെത്തിച്ചത്. വെന്റിലേറ്റർ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. എന്നാൽ, വെള്ളിയാഴ്‌ച ഇവർ ആഹാരം കഴിച്ചിരുന്നെന്നായിരുന്നു സിദ്ദിഖടക്കമുള്ളവരുടെ വാദം. ജീവൻ നിലനിർത്താനായി അന്നനാളത്തിലേക്ക് ഘടിപ്പിക്കുന്ന ട്യൂബിലൂടെ രോഗികൾക്ക് ജ്യൂസ് നൽകാറുണ്ട്. ഇതാണ് ആഹാരം കഴിച്ചിരുന്നെന്ന് പ്രചരിപ്പിച്ചത്. ഇതേറ്റെടുത്ത മാധ്യമങ്ങൾ ശനിയാഴ്‌ച വൈകിട്ടുവരെ ഈ കഥ പ്രചരിപ്പിച്ചു. ദുരന്തമുഖത്തടക്കം വിഷവാർത്ത ചമയ്ക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കോഴിക്കോട് മെഡി. കോളേജിൽ കണ്ടത്.
നിർഭാഗ്യകരമായ സംഭവം
ന്യൂഡൽഹി : കോഴിക്കോട് മെഡിക്കൽ കോളേജിലേത് നിർഭാഗ്യകരമായ സംഭവമാണെന്നും കൃത്യമായ അന്വേഷണം നടത്തി നിലപാടുകൾ സ്വീകരിക്കണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പ്രയാസകരമായ സംഭവമാണ്. ആവശ്യമായ പരിശോധനകളിലൂടെ എന്താണ് ഉണ്ടായതെന്ന് കണ്ടെത്തണം. അപാകതകൾ ഉണ്ടായെങ്കിൽ പരിഹരിക്കാനുള്ള നടപടിയുണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സംഭവിക്കാൻ പാടില്ലാത്തത്,
അന്വേഷണം നടത്തും
ന്യൂഡൽഹി : കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പുകയുണ്ടായത് സംഭവിക്കാൻ പാടില്ലാത്ത കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ അന്വേഷണത്തിനുശേഷമേ കൃത്യമായി കാരണങ്ങൾ കണ്ടെത്താനാകൂ. ആരോഗ്യമന്ത്രി വീണാ ജോർജുമായി ആലോചിച്ച് കൂടുതൽ തീരുമാനങ്ങളിലേക്ക് കടക്കുമെന്ന് അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.









0 comments