യുഡിഎഫിൽ അഞ്ചാം മന്ത്രിസ്ഥാനത്തെച്ചൊല്ലി തർക്കം മുറുകുന്നു; മുസ്ലിം ലീഗ് കടുംപിടിത്തത്തിൽ

മലപ്പുറം: സംസ്ഥാനത്ത് മന്ത്രിസഭാ രൂപീകരണ ചർച്ചകളിൽ അഞ്ചാം മന്ത്രിസ്ഥാനത്തെച്ചൊല്ലി മുസ്ലിം ലീഗും കോൺഗ്രസും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നൽകാൻ കോൺഗ്രസ് ഇതുവരെ തയ്യാറായിട്ടില്ല.
മുന്നണിയിലെ വലിയ കക്ഷിയെന്ന നിലയിൽ അഞ്ചാം മന്ത്രിപദവി വേണമെന്ന ആവശ്യത്തിൽ ലീഗ് ഉറച്ചുനിൽക്കുമ്പോൾ, ഈ വിഷയത്തിൽ പുനരാലോചന വേണമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്.
കോൺഗ്രസ് നിലപാട് കടുപ്പിച്ചതോടെ അന്തിമ തീരുമാനമെടുക്കാൻ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗം അടിയന്തരമായി ചേരും. ഇന്ന് ഉച്ചയോടെ ലീഗ് മന്ത്രിമാരുടെ പട്ടിക നിയുക്ത മുഖ്യമന്ത്രി വിഡി സതീശന് കൈമാറാനിരിക്കെയാണ് അഞ്ചാം മന്ത്രിസ്ഥാനത്തെച്ചൊല്ലി മുന്നണിയിൽ കടുത്ത അനിശ്ചിതത്വം ഉടലെടുത്തിരിക്കുന്നത്.
മുന്നണിയിൽ 22 എംഎൽഎമാരുള്ള തങ്ങൾക്ക് അർഹമായ പരിഗണന വേണമെന്നാണ് ലീഗിന്റെ വാദം. ഈ 22 പേരിൽ ആർക്കും മന്ത്രിമാരാകാമെന്ന് പാർട്ടി ജനറൽ സെക്രട്ടറി പിഎംഎ സലാം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഇക്കുറി മന്ത്രിയാകാൻ തനിക്ക് വ്യക്തിപരമായി താല്പര്യമില്ലെന്ന് മുതിർന്ന നേതാവ് മഞ്ഞളാംകുഴി അലി വ്യക്തമാക്കിയത് പാർട്ടിയിലെ ആഭ്യന്തര ചർച്ചകൾക്ക് വഴിമാറിയിട്ടുണ്ട്. മന്ത്രിമാരെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടിയിൽ യാതൊരു തർക്കവുമില്ലെന്നാണ് എംകെ മുനീർ അവകാശപ്പെടുന്നത്.
എന്നാൽ അഞ്ചാം മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കിൽ ലീഗ് നേതൃത്വത്തിൽ വലിയ തോതിലുള്ള അതൃപ്തിയും കലഹവും ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. ചീഫ് വിപ്പ് പദവി നൽകി ലീഗിനെ അനുനയിപ്പിക്കാനാണ് കോൺഗ്രസ് നീക്കമെങ്കിലും ലീഗ് ഇതിന് വഴങ്ങാൻ സാധ്യത കുറവാണ്.
മന്ത്രിസഭ അധികാരമേൽക്കും മുൻപ് തന്നെ ഘടകകക്ഷികളായ കേരള കോൺഗ്രസ് ജോസഫ് വിഭാഗവും മുസ്ലിം ലീഗും ഒരേസമയം സുപ്രധാന വകുപ്പുകൾക്കും കൂടുതൽ മന്ത്രിസ്ഥാനങ്ങൾക്കുമായി സമ്മർദ്ദം ചെലുത്തുന്നത് നിയുക്ത മുഖ്യമന്ത്രി വിഡി സതീശന് കനത്ത തലവേദനയായി മാറിയിരിക്കുകയാണ്.
ലീഗിന്റെ സമ്മർദ്ദ രാഷ്ട്രീയത്തിന് മുന്നിൽ കോൺഗ്രസ് ഹൈക്കമാൻഡും സംസ്ഥാന നേതൃത്വവും ഏത് രീതിയിൽ പ്രതികരിക്കുമെന്നതിനെ ആശ്രയിച്ചിരിക്കും യുഡിഎഫ് സർക്കാരിന്റെ ആദ്യ നാളുകളിലെ മുന്നോട്ടുപോക്ക്.











0 comments