ഇവന്റ് മാനേജ്‌മെന്റ് ടീമിന്റെ സ്‌ക്രിപ്റ്റ് അനുസരിച്ചാണ് യുഡിഎഫ് പ്രവർത്തിക്കുന്നത് – വാഹന പരിശോധനയിൽ പ്രതികരിച്ച് എൽഡിഎഫ് നേതാക്കൾ

നിലമ്പൂർ: നിലമ്പൂരിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കോൺഗ്രസ് നേതാക്കളുടെ വാഹനം പരിശോധിച്ച സംഭവത്തിൽ പ്രതികരിച്ച് സിപിഐ എം നേതാക്കൾ. പരിശോധന സ്വഭാവിക നടപടിമാത്രമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. എൽഡിഎഫ് ജനപ്രതിനിധികളുടെയും വാഹനം പരിശോധിച്ചിട്ടുണ്ട്. പരിശോധന ഇവിടെമാത്രമുള്ളതല്ല. എല്ലാ തെരഞ്ഞെടുപ്പിലും നടക്കുന്നതാണ്. ഞങ്ങൾ രാജാക്കന്മാരാണെന്നാണോ കോൺഗ്രസ് നേതാക്കൾ കരുതുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഇവന്റ് മാനേജ്‌മെന്റ് ടീമിന്റെ സ്‌ക്രിപ്റ്റ് അനുസരിച്ചാണ് യുഡിഎഫ് നേതാക്കൾ പ്രവർത്തിക്കുന്നതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. തെരഞ്ഞെടുപ്പ് കമീഷന്റെ വാഹനപരിശോധന വിവാദമാക്കിയ കോൺഗ്രസ് നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അടുത്തദിവസങ്ങളിൽ വേറെ സ്‌ക്രിപ്റ്റ് വരും. തെരഞ്ഞെടുപ്പ് രാഷ്‌ട്രീയ പോരാട്ടമാണ്. നാടകമായി കാണേണ്ടതില്ല. പാലക്കാടു നിന്നും നിലമ്പൂരിലേക്ക് ഒരുപാട് ദൂരമുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടുള്ള കോൺഗ്രസ് നേതാക്കളുടെ ഭീഷണി പ്രായത്തിന്റെ അപക്വതയായി കണ്ടാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
വാഹന പരിശോധന തെരഞ്ഞെടുപ്പ് കമീഷന്റെ നടപടിക്രമമാണെന്നും അതിൽ സർക്കാറിന് പങ്കില്ലെന്നും എൽഡിഎഫ് കൺവീനർ ടി പി രാമകൃ്ഷ്‌ണൻ പറഞ്ഞു. കമീഷന്റെ നടപടിക്രമങ്ങളുമായി സഹകരിക്കുക എന്നതാണ് എൽഡിഎഫ് നിലപാട്. ഒരുപാട് എൽഡിഎഫ് നേതാക്കളുടെ വാഹനം ഇതിനകം പരിശോധിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അജണ്ട മാറ്റാനാണ് യുഡിഎഫ് ശ്രമം. പാവപ്പെട്ടവർക്കുള്ള പെൻഷനെ അവഹേളിച്ചവരാണ് അവർ. ഉമ്മൻചാണ്ടിയുടെ കാലത്ത് 1200 രൂപ പെൻഷൻ കിട്ടിയെന്ന പച്ചനുണയാണ് പ്രചരിപ്പിക്കുന്നത്. അന്ന് 600 രൂപയായിരുന്നു പെൻഷനെന്ന് എല്ലാവർക്കുമറിയാം. 18 മാസത്തെ കുടിശ്ശികയും ഉണ്ടായിരുന്നു. യുഡിഎഫിന്റെ ഭാഗത്തു നിന്നും ഇനിയും പല നാടകങ്ങൾക്കും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.










0 comments