print edition കോൺഗ്രസ് കേരളത്തെ പിന്നോട്ട് വലിച്ചു ; ജനകീയ, വികസന പദ്ധതികൾക്ക് വിലങ്ങിട്ടു

തിരുവനന്തപുരം
ബജറ്റിലെ ഒരുപരിപാടിയും നടപ്പാക്കില്ലെന്ന നിലപാട് യുഡിഎഫിന്റെ വികസനവിരുദ്ധ നയത്തിന്റെ ആവർത്തനം. ഇഎംഎസ് സർക്കാർ കൊണ്ടുവന്നതുൾപ്പെടെ എല്ലാ സാമൂഹ്യ–സാമ്പത്തിക മുന്നേറ്റങ്ങളെയും തകർക്കാൻ ശ്രമിച്ച ചരിത്രമാണ് കോൺഗ്രസിനുള്ളത്. കാലത്തിനൊത്ത് സമൂഹത്തെ മാറ്റാൻ കൊണ്ടുവന്ന പദ്ധതികളെ ജനങ്ങളെ അണിനിരത്തിയാണ് ഇടതുപക്ഷം നടപ്പാക്കിയത്.
1957 ലെ കമ്യൂണിസ്‌റ്റ് സർക്കാർ കൊണ്ടുവന്ന ഭൂപരിഷ്കരണ നിയമത്തിനും പുരോഗമന വിദ്യാഭ്യാസ നയത്തിനും എതിരെ സമരത്തിന് നേതൃത്വം നൽകിയത് കോൺഗ്രസാണ്. സർവ വികസന മുന്നേറ്റങ്ങളെയും തച്ചുടയ്ക്കാനായിരുന്നു വിമോചന സമരം.
ഇ കെ നായനാർ സർക്കാർ 1980ൽ കർഷകത്തൊഴിലാളി പെൻഷൻ ഏർപ്പെടുത്തി ക്ഷേമപെൻഷന് തുടക്കംകുറിച്ചപ്പോൾ ‘ ഇവർക്ക് എന്തിനാണ് പെൻഷൻ ’ എന്നാണ് കെ കരുണാകരൻ ചോദിച്ചത്. അധികാര വികേന്ദ്രീകരണത്തിൽ നാഴികക്കലാണ് വനിതകൾക്ക് 30 ശതമാനം സംവരണത്തോടെ നടപ്പാക്കിയ 1991ലെ ജില്ലാ കൗൺസിലുകൾ. എന്നാൽ, കാലാവധിക്ക് രണ്ട് വർഷംമുന്പ് യുഡിഎഫ് സർക്കാർ ജില്ലാ കൗൺസിൽ പിരിച്ചുവിട്ടു. എൽഡിഎഫ് സർക്കാർ സംസ്ഥാനത്തെ സമ്പൂർണസാക്ഷരമാക്കാൻ നടത്തിയ യത്നത്തിലും ഇടങ്കോലിടാൻ ശ്രമിച്ചു.
ലോകം ശ്രദ്ധിച്ച പദ്ധതിയാണ് 1996ൽ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന ജനകീയാസൂത്രണം. അതിനെ അധിക്ഷേപിക്കാനാണ് കോൺഗ്രസ് നേതാക്കൾ സമയം കണ്ടെത്തിയത്. കുടുംബശ്രീയുടെ സാധ്യത ഇന്ന് കേരളം തിരിച്ചറിയുന്നുണ്ടെങ്കിലും അതിനെ തകർക്കാൻ ജനശ്രീ പദ്ധതിക്ക് തുടക്കമിട്ടത് കോൺഗ്രസാണ്.
കേരളത്തിന്റെ അടിസ്ഥാന മേഖലയിലെ തകർച്ചയ്ക്ക് പരിഹാരം കാണാനാണ് 2016ൽ ഒന്നാം പിണറായി സർക്കാർ നാല് മിഷനുകൾ കൊണ്ടുവന്നത്. മാലിന്യ സംസ്കരണത്തിലും പൊതുജനാരോഗ്യ, പൊതുവിദ്യാഭ്യാസ മേഖലയിലും പാവങ്ങൾക്ക് സുരക്ഷിത പാർപ്പിടം ഒരുക്കുന്നതിലും മാറ്റമുണ്ടാക്കി. കേന്ദ്ര സാമ്പത്തിക സർവേയിലടക്കം കേരളത്തെ വാഴ്‌ത്തി. അധികാരത്തിൽവന്നാൽ, ഇൗ നാല് മിഷനും റദ്ദാക്കുമെന്ന് പറഞ്ഞവരാണ് യുഡിഎഫ്. ഇതേ സമീപനവുമായാണ് വരുന്ന നിയമസഭ തെരഞ്ഞെടുപ്പിനെയും കോൺഗ്രസ് നേരിടുന്നതെന്ന് പ്രതിപക്ഷനേതാവിന്റെ പ്രസ്താവനകളും വ്യക്തമാ ക്കുന്നു.











0 comments