ad
Deshabhimani

print edition വികസനം ചർച്ച ചെയ്യാൻ യുഡിഎഫിന്‌ ഭയം: എം എ ബേബി

m a baby

ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on Mar 31, 2026, 12:57 AM | 1 min read

വടകര: തെരഞ്ഞടുപ്പിൽ വികസനം ചർച്ചയായാൽ ജനം എൽഡിഎഫിന്‌ അനുകൂലമായി ചിന്തിക്കുമെന്ന ഭയമാണ്‌ യുഡിഎഫിനെ ഡീൽ വിവാദം ഉയർത്താൻ പ്രേരിപ്പിക്കുന്നതെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. കുറ്റ്യാടി, പേരാമ്പ്ര, ബാലുശേരി, കൊയിലാണ്ടി മണ്ഡലങ്ങളിലെ എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ റാലികൾ ഉദ്‌ഘാടനംചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.


മത–വർഗീയ ശക്തികളുമായി തങ്ങളുണ്ടാക്കിയ ഡീലിൽനിന്ന്‌ ശ്രദ്ധ തിരിക്കാനും ന്യൂനപക്ഷങ്ങൾക്കിടയിലും കേരളത്തിന്റെ മതേതര മനസ്സുകളിലും ആശങ്കയുണ്ടാക്കാനുമാണ്‌ യുഡിഎഫ്‌ ശ്രമം. വിമോചന സമരാഭാസങ്ങൾ പുനരാവർത്തിക്കാനാണ്‌ യുഡിഎഫ്‌ ശ്രമിച്ചത്‌. കേരള രാഷ്ട്രീയ ചരിത്രത്തിൽ വർഗീയ, പിന്തിരിപ്പൻ ശക്തികളുമായും സിഐഎയുമായും ഉണ്ടാക്കിയ ആദ്യ ഡീലായിരുന്നു വിമോചന സമരം.


1960ൽ ഇ എം എസിനെ തോൽപ്പിക്കാനും 1971ൽ എ കെ ജിയെ പരാജയപ്പെടുത്താനും കോൺഗ്രസ്‌ സംഘപരിവാറുമായി കൈകോർത്തു. 1991ൽ വടകരയിലും ബേപ്പൂരിലും കോലീബി സഖ്യമുണ്ടായി. ഇത്‌ ഡീലായിരുന്നില്ലേയെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ വ്യക്തമാക്കണം. ഒ രാജഗോപാലിനെ നേമത്ത്‌ ജയിപ്പിച്ചതും കോൺഗ്രസ്‌, ബിജെപി ഡീലിന്റെ ഭാഗമായിരുന്നു. മോദിയുടെ ടീമിലുണ്ടായിരുന്ന കനുഗോലുവാണ്‌ കോൺഗ്രസിന്‌ കള്ളപ്രചാരണത്തിന്‌ സഹായമൊരുക്കുന്നത്‌. കെട്ടുകഥകൾ ദേശീയ നേതാക്കളെക്കൊണ്ട്‌ പറയിച്ച്‌ അവരെയും തങ്ങളുടെ നിലവാരത്തിലേക്ക്‌ വലിച്ചിറക്കാനാണ്‌ കേരളത്തിലെ പ്രതിപക്ഷം ശ്രമിക്കുന്നത്‌.


ആയിരം നാവുകൊണ്ടും പറഞ്ഞുതീർക്കാനാകാത്ത വികസന പ്രവർത്തനങ്ങളാണ്‌ കഴിഞ്ഞ പത്തുവർഷത്തിനിടെ കേരളത്തിലുണ്ടായത്‌. ഓണപ്പരീക്ഷയെത്തിയാലും പാഠപുസ്തകം കിട്ടാതിരുന്ന ഇരുണ്ട കാലത്തുനിന്നാണ്‌ കേരളം വെളിച്ചത്തിലേക്കെത്തിയത്‌. വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നത്‌ തടയാനാണ്‌ പ്രതിപക്ഷം ശ്രമിച്ചത്‌. എന്നാൽ, ജനക്ഷേമ നിലപാടിലൂന്നി വികസന പ്രവർത്തനങ്ങൾക്ക്‌ എൽഡിഎഫ്‌ സർക്കാർ നേതൃത്വം നൽകി. ജനങ്ങളുടെ അവകാശം നേടിയെടുക്കാൻ സമരം ചെയ്ത സർക്കാരാണിതെന്നും ബേബി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home