ജമാ അത്തെ ഇസ്ലാമിയുടെ ആശയ നേതൃത്വമാണ് യുഡിഎഫിന്: എം വി ഗോവിന്ദൻ

തിരുവനന്തപുരം : ജമാ അത്തെ ഇസ്ലാമിയുടെ ആശയ നേതൃത്വമാണ് യുഡിഎഫിനെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംസ്ഥാന വ്യാപകമായി ജമാ അത്തെ ഇസ്ലാമിക്കൊപ്പം കൂട്ടുകക്ഷിയായി പ്രവർത്തിക്കാനാണ് യുഡിഎഫിന്റെ തീരുമാനം. ഇത് വളരെ ഗൗരവമുള്ള വിഷയമാണ്. മതരാഷ്ട്ര വാദത്തെ ഞങ്ങൾ പിന്തുണയ്ക്കുമെന്ന് ജമാ അത്തെ ഇസ്ലാമി വീണ്ടും പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കോൺഗ്രസ് കൂട്ടുചേരുന്നത്. ഇത് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മുന്നേറ്റത്തെ എങ്ങനെയെങ്കിലും തടയണം എന്ന ഉദ്ദേശ്യത്തോടെയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ജമാ അത്തെ ഇസ്ലാമിയുമായുള്ള ബന്ധം പരസ്യമാക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല എന്നതാണ് കോൺഗ്രസ് ഇപ്പോൾ പറയുന്നത്. ഇത് വളരെ വിചിത്രമാണ്. പരസ്യമായി ജമാ അത്തെ ഇസ്ലാമിയുമായി ഞങ്ങൾ കൂട്ടുകെട്ട് ഉണ്ടാക്കില്ല എന്നു പറഞ്ഞാൽ രഹസ്യമായി കൂട്ടുകെട്ട് ഉണ്ടാക്കും എന്നാണ് അർഥം. കോൺഗ്രസിന്റെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറാണ് പരസ്യമായി ഈ വാർത്ത പറഞ്ഞത്. യുഡിഎഫ് കൺവീനറോ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫോ ആണ് ഇത് പറയേണ്ടത്. അല്ലെങ്കിൽ പ്രതിപക്ഷ നേതാവ്. ജമാ അത്തെ ഇസ്ലാമിയുമായി പരസ്യമായി ധാരണയില്ലെന്ന് അവരാരുമല്ല പറയുന്നത്. എന്നാൽ കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും എസ്ഡിപിഐയുമായും ജമാ അത്തെ ഇസ്ലാമിയുമായും ചേർന്നാണ് ഞങ്ങൾ പ്രവർത്തിച്ചത് എന്ന് കോൺഗ്രസും അവരുടെ പിന്തുണ നേടുന്നതിൽ ഞങ്ങൾക്ക് യാതൊരു പ്രയാസവുമില്ലെന്നും അവർ മതരാഷ്ട്ര വാദം മുന്നോട്ടുവെക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞത് മറക്കരുത്. അപ്പോഴാണ് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പരസ്യ ധാരണയില്ലെന്നു പറയുന്നത്.
യുഡിഎഫിന്റെ തന്നെ ഭാഗമായ മുസ്ലിം ലീഗും യുഡിഎഫും ജമാ അത്തെ ഇസ്ലാമിയുമായി ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിന്റെ ഭാഗമായ പൊൻമുണ്ടം പഞ്ചായത്തിൽ ലീഗ്- ജമാ അത്തെ ഇസ്ലാമി കൂട്ടുകെട്ട് നിലവിൽ വന്നുകഴിഞ്ഞു. ഇതൊന്നും രഹസ്യമായ കാര്യമല്ല. തെരഞ്ഞെടുപ്പ് ആർക്കും മൂടിവയ്ക്കാൻ കഴിയുന്ന കാര്യമല്ല. മമ്പാട് യുഡിഎഫുമായി ജമാ അത്തെ ഇസ്ലാമിയുടെ ചർച്ച പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് അവർ തന്നെ പറഞ്ഞുകഴിഞ്ഞു. അങ്ങാടിപ്പുറത്തും ഇതേ കൂട്ടുകെട്ടിന്റെ ആലോചനയാണ് നടന്നുവരുന്നത്. കൂട്ടിലങ്ങാടിയിൽ ജമാ അത്തെ ഇസ്ലാമി നേതാവിനെയാണ് പഞ്ചായത്ത് പ്രസിഡന്റാക്കാൻ തീരുമാനിച്ചത്. മലപ്പുറം ജില്ലയിലെ വിവിധ മേഖലയിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ യുഡിഎഫ്- ജമാ അത്തെ ഇസ്ലാമി സഖ്യം വന്നുകഴിഞ്ഞിരിക്കുകയാണ്. ജമാ അത്തെ ഇസ്ലാമിയുടെ ആശയ നേതൃത്വമാണ് യുഡിഎഫിന്. വർഗീയ കൂട്ടുകെട്ടിന്റെ ഏറ്റവും ശക്തിമത്തായ ഭാഗമായി മാറുകയാണ്. ഇത് കേരളത്തെ സംബന്ധിച്ചിടത്തോളം അപകടകരമായ കാര്യമാണ്.
മതരാഷ്ട്ര വാദത്തെ ഞങ്ങൾ പിന്തുണയ്ക്കുമെന്ന് ജമാ അത്തെ ഇസ്ലാമി വീണ്ടും പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കോൺഗ്രസ് കൂട്ടുചേരുന്നത്. ഇത് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മുന്നേറ്റത്തെ എങ്ങനെയെങ്കിലും തടയണം എന്ന ഉദ്ദേശ്യത്തോടെയാണ്. ഈ വർഗീയ കൂട്ടുകെട്ടിനെ മറച്ചുവെക്കുന്നതിനുള്ള ശ്രമമാണ് ഡിസിസി പ്രസിഡന്റിന്റെ പ്രസ്താവനയിൽ കാണുന്നത്. പരസ്യമായി ഇല്ല എന്ന് പറയുന്നതിലൂടെ രഹസ്യമായി ഉണ്ട് എന്നാണ് സമ്മതിക്കുന്നത്. പക്ഷേ പരസ്യമായി പറയാൻ കോൺഗ്രസിന് ഇപ്പോഴും മടിയാണ് - എം വി ഗോവിന്ദൻ പറഞ്ഞു.









0 comments