print edition ഒറ്റ ഓഫീസിൽനിന്ന് 3 സ്‌റ്റാൻഡിങ് കൗൺസൽ

പി ആർ ചന്തുകിരൺ
Published on Jun 29, 2026, 12:40 AM | 1 min read
തിരുവനന്തപുരം: സിൻഡിക്കറ്റുകളെ ഇരുട്ടിൽനിർത്തി സംസ്ഥാനത്തെ സർവകലാശാലകളിൽ സ്‌റ്റാൻഡിങ് കൗൺസൽ നിയമനം നടത്തി യുഡിഎഫ് സർക്കാർ. മുഖ്യമന്ത്രി വി ഡി സതീശന്റെ വിശ്വസ്‌തനായ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടത്തിന്റെ മകളെയും ജൂനിയർമാരെയുമാണ് സ്‌റ്റാൻഡിങ് കൗൺസൽമാരായി നിയമിച്ചത്.
ജോർജ് പൂന്തോട്ടത്തിന്റെ മകൾ നിഷ ജോർജ് സാങ്കേതിക സർവകലാശാലയുടെ സ്‌റ്റാൻഡിങ് കൗൺസലായി ചുമതലയേറ്റു. അദ്ദേഹത്തിന്റെ ജൂനിയറായ എം എം കാവ്യ വർമയെ കുസാറ്റിന്റെയും മുൻ ജൂനിയർ എൻ ആനന്ദിനെ കലിക്കറ്റ് സർവകലാശാലയുടെയും സ്‌റ്റാൻഡിങ് കൗൺസലാക്കി. സിൻഡിക്കറ്റ് ചേരാത്ത ഘട്ടങ്ങളിൽ അടിയന്തര തീരുമാനങ്ങൾക്ക് വിസിക്ക് അധികാരം നൽകുന്ന 10 (13) വകുപ്പ് പ്രകാരമാണ് നിലവിലെ സ്‌റ്റാൻഡിങ് കൗൺസൽ പി സി ശശിധരനെ നീക്കി എൻ ആനന്ദിനെ നിയമിച്ചത്. പൂന്തോട്ടത്തിന്റെ മറ്റൊരു ജൂനിയറിനെ കേരള സർവകലാശാലയുടെ സ്‌റ്റാൻഡിങ് കൗൺസലാക്കാനും നീക്കമുണ്ട്.
യുഡിഎഫ് അധികാരമേറ്റതിനുപിന്നാലെ സർവകലാശാലകളുടെ അഭിഭാഷകരുടെ വിവരംതേടി രജിസ്ട്രാർമാർക്ക് ഉന്നത വിദ്യാഭ്യാസവകുപ്പ് കത്തയച്ചിരുന്നു. ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോകിന്റെ നിർദേശപ്രകാരമാണ് കീഴ്‌വഴക്കം ലംഘിച്ചുള്ള കത്ത്. സർവകലാശാലകൾക്ക് എതിരായ കേസുകളിൽ ഹാജരാകുന്ന അഭിഭാഷകനാണ് ജോർജ് പൂന്തോട്ടം.
സതീശന്റെ വിശ്വസ്‌തൻ
യുഡിഎഫ് സർക്കാർ വന്നതോടെ പുതിയ അഡ്വക്കറ്റ് ജനറലായി പരിഗണിക്കപ്പെട്ടവരിൽ ജോർജ് പൂന്തോട്ടവുമുണ്ടായിരുന്നു. പ്രതിപക്ഷത്തായിരിക്കെ വി ഡി സതീശനും രമേശ് ചെന്നിത്തലയും നൽകിയ ഹർജികളിൽ ഹാജരായത് ജോർജ് പൂന്തോട്ടമാണ്.
എഐ ക്യാമറ വിഷയത്തിൽ സതീശനുവേണ്ടിയും രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസിൽ രാഹുലിനുവേണ്ടിയും ഹാജരായത് പൂന്തോട്ട മാണ്.











0 comments