print edition അതിവേഗ റെയിൽ സ്വപ്‌നം തകർത്തത് യുഡിഎഫ് സർക്കാരുകൾ; അന്ന് ഉമ്മൻ ചാണ്ടി ഇപ്പോൾ വി ഡി സതീശൻ

ഒ വി സുരേഷ്
Published on May 25, 2026, 12:00 AM | 2 min read
തിരുവനന്തപുരം: യാത്രാപ്രയാസം പരിഹരിക്കാൻ അതിവേഗ റെയിൽ ഇടനാഴിക്കായി വി എസ് അച്യുതാനന്ദൻ സർക്കാർ 2009ൽ രൂപീകരിച്ച കേരള ഹൈ സ്പീഡ് റെയിൽ കോർപറേഷൻ ലിമിറ്റഡ് (കെഎച്ച്എസ്ആർസി) പിരിച്ചുവിട്ട് അതിവേഗയാത്രയ്‌ക്ക് ആദ്യ ആഘാതമേൽപ്പിച്ചത് 2012ൽ ഉമ്മൻചാണ്ടി സർക്കാർ. നിലവിൽ കേന്ദ്രസർക്കാരിന്റെ മുന്നിലുള്ള സിൽവർലൈൻ പദ്ധതി ഒരുനിമിഷംകൊണ്ട് ഇല്ലാതാക്കിയത് സതീശൻ സർക്കാരും.
ഇനിയൊരു പദ്ധതിക്കായി കേന്ദ്രസർക്കാരിന്റെ അനുമതി വാങ്ങി, പഠനവും സർവേയും കഴിഞ്ഞ് വിശദപദ്ധതി റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കി അന്തിമാനുമതി ലഭ്യമാകുമ്പോഴേക്കും വർഷങ്ങൾ കഴിയും. നിർമാണച്ചെലവ് പലമടങ്ങ് വർധിക്കും. തിരുവനന്തപുരത്തിനും കാസർകോടിനുമിടയിൽ അതിവേഗ റെയിൽ ഇടനാഴി എന്ന ആശയം ആദ്യം പ്രഖ്യാപിച്ചത് 2009–-10ലെ ബജറ്റിൽ അന്നത്തെ ധനമന്ത്രി തോമസ് ഐസക് ആണ്. പദ്ധതി നടപ്പാക്കാൻ പ്രത്യേക കോർപറേഷനും രൂപീകരിച്ചു. ഡൽഹി മെട്രോ റെയിൽ കോർപറേഷൻ സാധ്യതാ പഠനം നടത്തി 2012ൽ റിപ്പോർട്ട് സമർപ്പിച്ചത് ഉമ്മൻ ചാണ്ടി സർക്കാരിനാണ്. റിപ്പോർട്ട് പൂഴ്‌ത്തിയ സർക്കാർ കെഎച്ച്എസ്ആർസി പിരിച്ചുവിട്ടു.
ഒന്നാം പിണറായി സർക്കാരാണ് പിന്നീട് ആ സ്വപ്‌നം പൊടിതട്ടിയെടുത്തത്. കാസർകോട്– തിരുവനന്തപുരം റെയിൽ യാത്രയ്‌ക്ക് 12 മണിക്കൂറോ അതിലേറെയോ വേണം. നിലവിലുള്ള പാതയിലൂടെ അതിവേഗ ട്രെയിൻ സാധ്യവുമല്ല. അതിനാൽ 2019–-20ലെ ബജറ്റിൽ ധനമന്ത്രി ടി എം തോമസ് ഐസക് പുതിയ പദ്ധതി പ്രഖ്യാപിച്ചു. കേന്ദ്ര–സംസ്ഥാന സർക്കാരിന്റെ സംയുക്ത സംരംഭമായ കേരള റെയിൽ ഡെവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡിന് (കെ- റെയിൽ) ആയിരുന്നു ചുതല. പദ്ധതി വൈകാതിരിക്കാൻ സർക്കാർ കൃത്യമായ ഇടപെടലുകൾ നടത്തി. പദ്ധതിപ്രകാരം മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ നാലുമണിക്കൂറാണ് യാത്രാസമയം വിഭാവനംചെയ്‌തത്. 63,941 കോടി രൂപയായിരുന്നു പ്രതീക്ഷിത ചെലവ്.
2020ൽ ഡിപിആർ കേന്ദ്രത്തിന് സമർപ്പിക്കുമ്പോൾ രാജ്യത്ത് ഒരുപദ്ധതി മാത്രമേയുള്ളു. പിന്നീട് ഏഴെണ്ണത്തിന് അനുമതിയായി. എന്നാൽ, കേരളത്തിൽ പദ്ധതിയെ യുഡിഎഫും ബിജെപിയും കൈകോർത്ത് എതിർത്തു. ആദ്യം അനുമതി നൽകിയ കേന്ദ്രസർക്കാർ പിന്നീട് തീരുമാനമെടുത്തില്ല. ഇപ്പോൾ യുഡിഎഫ് സർക്കാരിന്റെ ആദ്യതീരുമാനത്തിൽ കേരളത്തിന്റെ അതിവേഗ യാത്രാസ്വപ്‌നം റദ്ദാക്കപ്പെട്ടു.
സിൽവർ ലൈൻ നാൾവഴി
• 2019–-20 ജനുവരി 31: ബജറ്റിൽ ധനമന്ത്രി ടി എം തോമസ് ഐസക് പദ്ധതി പ്രഖ്യാപിച്ചു
• 2019 മെയ് 20: ഫ്രഞ്ച് കൺസൾട്ടൻസി കമ്പനി ‘സിസ്ട്ര' ആദ്യ സാധ്യത പഠന റിപ്പോർട്ട് സമർപ്പിച്ചു
• 2019 ആഗസ്‌ത് 20: റിപ്പോർട്ടിന് മന്ത്രിസഭയുടെ അംഗീകാരം
• 2019 നവംബർ: പദ്ധതിക്ക് ‘സിൽവർ ലൈൻ' എന്ന് പേരിട്ടു
• 2019 ഡിസംബർ: കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ തത്വത്തിലുള്ള അനുമതി
• 2020 ഏപ്രിൽ 15-: സിസ്ട്ര തയാറാക്കിയ ഡിപിആർ കെ റെയിൽ ബോർഡ് അംഗീകരിച്ചു
• 2020 ഏപ്രിൽ 16: റിപ്പോർട്ട് സർക്കാരിന്
• 2020 ജൂൺ 17: ഡിപിആർ കേന്ദ്ര സർക്കാരിന് സമർപ്പിച്ചു
• 2020 ജൂലൈ: സെന്റർ ഫോർ എൻവയോൺമെന്റ് ആൻഡ് ഡെവലപ്‌മെന്റ് പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട്
• 2021 ജൂൺ: ഭൂമി ഏറ്റെടുക്കാൻ മന്ത്രിസഭ അനുമതി
• 2026 മെയ് 20: സിൽവർ ലൈൻ പദ്ധതി റദ്ദാക്കി










0 comments