print edition സർക്കാരിന് പാളി; കേരളത്തിന് പൊള്ളി

പി ആർ ചന്തു കിരൺ
Published on Sep 08, 2026, 01:30 AM | 1 min read
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയിലേക്ക് സംസ്ഥാനത്തെ തള്ളിയത് യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥത. പാളിച്ച പരിഹരിക്കാതെ, എൽ നിനോ പ്രതിഭാസത്തെ പഴിക്കുകയാണ് സർക്കാർ. കടുത്ത ചൂടിൽ വൈദ്യുതി ആവശ്യകത ദിനംപ്രതി പീക്ക്‌അവറിൽ 600–800 മെഗാവാട്ട് കൂടാനിടയുള്ളതിനാൽ നിയന്ത്രണം ഉണ്ടാകുമെന്നാണ് കെഎസ്‌ഇബി അറിയിപ്പ്. പുതിയ കരാറില്ലെങ്കിൽ വരുംനാളുകളിൽ രാപകൽ നിയന്ത്രണം വ്യാപകമാകും.
യുഡിഎഫ് സർക്കാർ അധികാരത്തിൽവന്നശേഷം ജൂൺ 17നാണ് ലോഡ് ഷെഡിങ്ങ് തുടങ്ങിയത്. എൽ നിനോ പ്രതിഭാസത്താൽ ചൂട് കൂടിയതും മഴയില്ലാത്തതുമാണ് പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു വിശദീകരണം. ചൂട് കൂടുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ടായിട്ടും സർക്കാർ അനങ്ങിയില്ല. മൂന്നുമാസം പിന്നിട്ടിട്ടും വൈദ്യുതി ലഭ്യത ഉറപ്പാക്കിയില്ല. വേനൽ രൂക്ഷമായപ്പോൾ പ്രതിസന്ധി നേരിടാൻ ഹിമാചൽ പ്രദേശിൽനിന്നടക്കം എൽഡിഎഫ് സർക്കാർ വൈദ്യുതി വാങ്ങി പ്രതിസന്ധി തരണം ചെയ്‌തിരുന്നു.
എന്നാൽ അധിക വൈദ്യുതി മറ്റ് സംസ്ഥാനങ്ങളിൽനിന്ന് നേരിട്ടുവാങ്ങുന്നതിലടക്കം യുഡിഎഫ് സർക്കാർ പരാജയപ്പെട്ടു. യുഡിഎഫ് സർക്കാരിന്റെ കാലത്തെ ദീർഘകാല കരാർ എൽഡിഎഫ് സർക്കാർ റദ്ദാക്കിയതാണ് പ്രതിസന്ധിക്ക് കാരണമെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും തെറ്റിദ്ധരിപ്പിക്കുകയാണ്. റെഗുലേറ്ററി കമീഷന്റെ മുൻകൂർ അനുമതി ഇല്ലാതെയാണ് 2015ൽ യുഡിഎഫ് സർക്കാർ ദീർഘകാല കരാർ ഒപ്പിട്ടത്. കരാർ ക്രമപ്പെടുത്തിയതുമില്ല. കന്പനികൾ നിയമ നടപടിയിലേക്കുപോയപ്പോൾ അന്തിമ തീരുമാനമെടുക്കാൻ സുപ്രീംകോടതി നിർദേശിച്ചതോടെ 2023മെയ് 10ന് കമീഷൻ കരാർ റദ്ദാക്കി. വൈദ്യുതി നിയമത്തിലെ സെക്‌ഷൻ 108 പ്രകാരം കരാർ പുനഃസ്ഥാപിക്കാനുള്ള സർക്കാരിന്റെ നിർദേശം കമീഷൻ നടപ്പാക്കിയെങ്കിലും കന്പനികളുടെ ഹർജിയിൽ അപ്പലറ്റ് ട്രൈബ്യൂണൽ കരാർ റദ്ദാക്കി. ഇതിനെതിരെ സർക്കാർ നൽകിയ ഹർജി സുപ്രീംകോടതിയിലാണ്.
സൗരോർജ സംഭരണത്തിലും വീഴ്‌ച
എൽഡിഎഫ് സർക്കാർ തുടക്കമിട്ട ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (ബെസ്) സ്ഥാപിക്കുന്നതും വൈകുന്നു. സൗരോർജം സംഭരിക്കുന്ന സംവിധാനം മൈലാട്ടി, ശ്രീകണ്ഠാപുരം,പോത്തൻകോട്, അരീക്കോട്, മുള്ളേരിയ എന്നിവിടങ്ങളിലാണ് സ്ഥാപിക്കുന്നത്. സെപ്‌തംബറിലും ഒക്‌ടോബറിലും കമീഷൻ ചെയ്യാനായിരുന്നു ലക്ഷ്യം.
ഗാർഹിക സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ചവർ നെറ്റ് മീറ്റർ ലഭിക്കാതായതോടെ മാസങ്ങളായി പ്രയാസത്തിലാണ്. ഇതുമൂലം അരലക്ഷത്തോളം പ്ലാന്റുകൾ നോക്കുകുത്തിയായി. ഇൗ മാസം ആദ്യവാരംമുതൽ നെറ്റ് മീറ്റർ വിതരണം ചെയ്യുമെന്ന മന്ത്രിയുടെ വാഗ്‌ദാനവും പാഴായി.









0 comments