print edition വിദേശ സർവകലാശാല; അന്ന് മോശം ഇന്ന് കേമം

തിരുവനന്തപുരം: വിദേശ സർവകലാശാല കാന്പസുകളെ സ്വാഗതം ചെയ്യുന്ന യുഡിഎഫ് സർക്കാർ നിലപാട് ഇരട്ടത്താപ്പ്. വിദേശ സർവകലാശാലയ്‌ക്ക് സംസ്ഥാനത്ത് അനുമതി നൽകി ബജറ്റ് പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം.
ആഗോള നിലവാരമുള്ള സ്ഥാപനങ്ങൾ വന്നാലെ വിദേശത്തേക്ക് വിദ്യാർഥികളുടെ ഒഴുക്ക് തടയാനാകൂവെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ പറഞ്ഞു.
സംവരണം പാലിക്കേണ്ടതാണെന്നും നയപരമായ തീരുമാനമെടുക്കേണ്ട കാര്യമായതിനാൽ സർക്കാർ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ബിൽ വരുന്പോൾ തയ്യാറാക്കുമെന്നു ഇക്കാര്യങ്ങൾ യുഡിഎഫ് ചർച്ചചെയ്‌ത് ഉടൻ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസരംഗം സ്വകാര്യമേഖലയ്‌ക്ക് തീറെഴുതാൻ നീക്കമെന്ന ആശങ്ക ഇതോടെ ശക്തമായി.
സ്വകാര്യ–വിദേശ സർവകലാശാലകൾ കൊണ്ടുവരാനും നാലുവർഷ ബിരുദ കോഴ്‌സ് തുടങ്ങാനുമുള്ള എൽഡിഎഫ് സർക്കാർ തീരുമാനത്തിനെതിരെ വൻ കോലാഹലം സൃഷ്ടിച്ചവർ മലക്കംമറിയുകയാണ്. എൽഡിഎഫ് പ്രഖ്യാപിത നയം മാറ്റി സ്വകാര്യമേഖലയ്‌ക്ക് വാതിൽ തുറന്നുവെന്ന നിലപാടായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്.
നാലുവർഷ ബിരുദ കോഴ്‌സ് ധൃതിപിടിച്ച് നടപ്പാക്കരുതെന്നും ആവശ്യപ്പെട്ടു. ദേശീയ വിദ്യാഭ്യാസ നയം പരോക്ഷമായി നടപ്പാക്കുകയാണെന്നും ആരോപിച്ചു.
യുജിസി മാർഗനിർദേശം പാലിച്ച് സ്വകാര്യ–വിദേശ സർവകലാശാല കാന്പസുകൾ സ്ഥാപിക്കുന്നത് പരിശോധിക്കുമെന്നാണ് 2024ലെ ബജറ്റിൽ എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ചത്. അവ പൂർണമായും സർക്കാർ നിയന്ത്രണത്തിലാകുമെന്നും പട്ടികജാതി–പട്ടികവർഗ വിദ്യാർഥികൾക്ക് സംവരണം ഉറപ്പാക്കുമെന്നും വ്യക്തമാക്കി.
ബജറ്റിൽ ഉന്നത വിദ്യാഭ്യാസമേഖലയ്‌ക്ക് 4927 കോടി രൂപ വകയിരുത്തി. കേന്ദ്രസർക്കാരിന്റെ കടുത്ത സാന്പത്തിക വിവേചനം നേരിട്ട ഘട്ടത്തിൽ വിദ്യാർഥികളുടെ ഭാവി സുരക്ഷിതമാക്കാനായിരുന്നു നീക്കം.
സ്വകാര്യ സർവകലാശാല ബിൽ എൽഡിഎഫ് സർക്കാർ പാസാക്കിയെങ്കിലും ഒപ്പിടാതെ ഗവർണർ പിടിച്ചുവച്ചു.










0 comments