ad
Deshabhimani

print edition കായിക ആസ്തികൾ വിറ്റുതുലയ്ക്കാൻ "ഓപ്പറേഷൻ കളരി'

kerala state sports council
വെബ് ഡെസ്ക്

Published on Jul 27, 2026, 12:00 AM | 2 min read

തിരുവനന്തപുരം: ​കായിക വകുപ്പിനും സ്‌പോർട്‌സ്‌ ക‍ൗൺസിലിനും കീഴിലുള്ള മുഴുവൻ ആസ്‌തികളും സ്വകാര്യമേഖലയ്‌ക്ക്‌ കൈയേറാൻ അവസരമൊരുക്കി യുഡിഎഫ് സർക്കാരിന്റെ പുതിയ പദ്ധതി. ഓപ്പറേഷൻ കളരി (കേരള അലയൻസ്‌ ഫോർ ലോക്കൽ അത്‌ലറ്റിക്‌ റിവാന്പ്‌ ആൻഡ് ഇൻഫ്രാസ്‌ട്രക്‌ചർ) എന്ന പേരിൽ പദ്ധതി ആവിഷ്‌കരിച്ചാണ്‌ ഗൂഢനീക്കം. കായിക ആസ്‌തികൾ കൈമാറുന്നതിന്‌ മന്ത്രി ഒ ജെ ജനീഷിന്റെ പ്രത്യേക താൽപ്പര്യപ്രകാരം ഇതുസംബന്ധിച്ച് ഉത്തരവിറക്കി.


സംസ്ഥാനത്തെ കായിക ആസ്‌തികളെക്കുറിച്ച്‌ ഒരു പഠനവും നടത്താതെ ഏറെ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പദ്ധതി തിരക്കിട്ട്‌ ആവിഷ്‌കരിച്ചതിൽ ദുരൂഹതയുണ്ട്‌. കായിക ഡയറക്‌ടറേറ്റിനെയും കായിക വകുപ്പിനെയും അറിയിക്കാതെ രഹസ്യമായാണ്‌ മന്ത്രിയുടെ ഓഫീസ്‌ ഇടപെട്ട്‌ ഉത്തരവിറക്കിയത്‌. പദ്ധതിയുടെ മാർഗരേഖ തയ്യാറാക്കിയത് സർക്കാർ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി ഏകപക്ഷീയമായാണ്.


അറ്റകുറ്റപ്പണി, നവീകരണം, ഉപകരണങ്ങൾ വാങ്ങൽ, പരിപാലനം എന്നിവയ്‌ക്കായി സ്‌പോൺസർമാരെ ക്ഷണിക്കുന്നതാണ്‌ ഓപ്പറേഷൻ കളരി. കോർപറേറ്റ്‌ സ്ഥാപനങ്ങൾ, സ്വകാര്യ വ്യക്തികൾ, കൂട്ടായ്‌മകൾ എന്നിവർക്കാണ്‌ സർക്കാർ നേരിട്ട്‌ ആസ്‌തികൾ കൈമാറുക. നിലവിൽ ഉടമസ്ഥാവകാശം കൈമാറില്ലെന്ന്‌ അവകാശപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ വ്യക്തതയില്ല. ഒളിന്പിക്‌ അസോസിയേഷൻ അടക്കമുള്ള പൂർണമായും സ്വകാര്യ സ്വഭാവമുള്ള കായികസംഘടനകളുടെ അഭിപ്രായ പ്രകാരമാകണം പദ്ധതിയുടെ പ്രവർത്തനവും നടപടിക്രമങ്ങളുമെന്നും ഉത്തരവിലുണ്ട്. ഇത് ബാഹ്യഇടപെടലിനുള്ള സാധ്യതകൾ തുറന്നിടുന്നു.


കഴിഞ്ഞ രണ്ട്‌ എൽഡിഎഫ്‌ സർക്കാരുകളുടെ കാലത്ത്‌ 4000 കോടിയോളം രൂപയുടെ കായികസ‍ൗകര്യങ്ങളാണ്‌ സംസ്ഥാനത്ത്‌ ഒരുക്കിയത്‌. കിഫ്‌ബി, പ്ലാൻഫണ്ട്‌, എംഎൽഎ ഫണ്ട്‌, മറ്റു വകുപ്പുകൾക്ക്‌ അനുവദിച്ച ഫണ്ട്‌ എന്നിവയെല്ലാം ചേർത്താണ്‌ നിർമാണ പ്രവൃത്തികൾ നടന്നത്‌. എല്ലാ സംവിധാനങ്ങളുടെയും മേൽനോട്ടത്തിനും നടത്തിപ്പിനും നവീകരണത്തിനും കൃത്യമായ ധാരണപത്ര പ്രകാരം സ്ഥലം എംഎൽഎ ചെയർമാനായി മാനേജിങ് കമ്മിറ്റിയെയും നിയോഗിച്ചിരുന്നു. ജില്ലാ സ്‌പോർട്‌സ്‌ ക‍ൗൺസിൽ പ്രസിഡന്റും അന്താരാഷ്‌ട്ര/ദേശീയ കായികതാരവും കായിക ഡയറക്‌ടറേറ്റ്‌ പ്രതിനിധിയും അടങ്ങുന്നതാണ് മാനേജിങ് കമ്മിറ്റി. സ്റ്റേഡിയം നടത്തിപ്പ്‌ സംബന്ധിച്ച്‌ എല്ലാ തീരുമാനങ്ങളും ഇ‍ൗ കമ്മിറ്റിയാണ്‌ നിർവഹിച്ചിരുന്നത്‌.


പുതിയ ഉത്തരവ്‌ പ്രകാരം കായിക വകുപ്പ്‌ നിശ്ചയിക്കുന്ന സംസ്ഥാനതല സമിതിയാണ്‌ സ്വകാര്യ സ്‌പോൺസർമാരെ നിശ്ചയിക്കുക. അതത്‌ പ്രദേശങ്ങളുമായി ബന്ധമില്ലാത്ത സ്‌പോൺസർമാരുടെ കൈയിൽ കളിക്കളം ചെന്നുപെട്ടാൽ അതിന്റെ ജനകീയത നഷ്‌ടമാകും. നടത്തിപ്പ്‌ സംബന്ധിച്ച പരാതികൾക്ക് തീർപ്പ്‌ കൽപ്പിക്കേണ്ടത്‌ ജില്ലാ സ്‌പോർട്‌സ്‌ ക‍ൗൺസിലും കായിക ഡയറക്‌ടറുമാണ്‌. ഇ‍ൗ സുതാര്യമായ ജനകീയ സംവിധാനം പൂർണമായും തകർക്കുന്നതാണ്‌ പുതിയ പദ്ധതി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home